| ശ്രീകാന്ത് പികെ
മുനീറിന്റെ പുറകെ ലീഗ് നേതാവ് പി.എം. എ സലാമും ആണും പെണ്ണും ഒന്നിച്ചിരുന്നാൽ അപകടമാണെന്നൊക്കെ പറഞ്ഞു സർക്കാരിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. യഥാർത്ഥത്തിൽ ഇത് നല്ല ബോധ്യത്തോടെ മുസ്ലീം ലീഗ് കളിക്കുന്ന ഒരു കളിയായാണ് തോന്നുന്നത്. അത് എങ്ങനെയെന്ന് പറയാം.
രണ്ട് മൂന്ന് വർഷം മുന്നേ കോഴിക്കോട് ഒരു ട്യൂഷൻ സെന്റർ, എസ്.എസ്.എൽ.സി പ്ലസ് ടു ഉന്നത വിജയികളെയോ എൻട്രന്സിൽ ഉയർന്ന റാങ്ക് നേടിയവരെയോ മറ്റോ അഭിനന്ദിച്ചു കൊണ്ട് പുറത്തിറക്കിയ പോസ്റ്റർ വിവാദമായിരുന്നു. പോസ്റ്ററിലെ പെൺ കുട്ടികളുടെ മുഖം മുഴുവനായും മൂടുന്ന തരത്തിലുള്ള ഹിജാബ് ധരിച്ചു കൊണ്ടുള്ള ഫോട്ടോയാണ് വിവാദത്തിന് കാരണം.
തീർത്തും മതപരമായ അന്തരീക്ഷത്തിൽ പഠനം നടക്കുന്നു എന്നോ മറ്റൊയുള്ള പരസ്യ വാചകവുമുണ്ടായിരുന്നു. എല്ലാവരും ട്രോളി, വിമർശിച്ചു. പക്ഷെ പിറ്റേ വർഷം അഡ്മിഷന് തിക്കും തിരക്കും കാരണം പുതിയ ബാച്ച് തുടങ്ങിയത്രേ അവർ. ഇതാണ് ഗ്രൗണ്ട് റിയാലിറ്റി. സോഷ്യൽ മീഡിയ എക്കോ ചേമ്പറിനകത്തെ പുരോഗമനവും സ്ത്രീപക്ഷവും ഐഡന്റ്റിറ്റിയും തുല്യതയുമൊക്കെ ഇവിടെ പരസ്പരം പറഞ്ഞങ്ങു തീരും.
ഈ സാമൂഹിക യാഥാർഥ്യത്തെ വളരെ നന്നായി ചൂഷണം ചെയ്യാനാണ് മുസ്ലീം ലീഗ് ഇപ്പോൾ ശ്രമിക്കുന്നത്. കേരളത്തിലെ പാരമ്പര്യ മുസ്ലീങ്ങളുടെ സാമൂഹിക രാഷ്ട്രീയത്തിന്റെ സമവാക്യങ്ങൾ മാറുകയാണ്. സുന്നി മുസ്ലീങ്ങളിലെ എ പി വിഭാഗം കാലങ്ങളായി ഇടതുപക്ഷവുമായി സഹകരിക്കുന്നവരാണ്. ലീഗിന്റെ ശക്തമായ വോട്ട് ബാങ്കായ ഇ കെ വിഭാഗം അടുത്ത കാലത്തായി മുഖ്യമന്ത്രി പിണറായി വിജയനോടും ഇടതുപക്ഷത്തോടും നല്ല അടുപ്പം കാണിക്കുന്നു. അവരുടെ സഹകരണം ലഭിക്കാത്തത് മൂലം സർക്കാരിനെതിരെ സമുദായത്തെ മുൻനിർത്തി ആലോചിച്ച പല സമരങ്ങളും മുസ്ലീം ലീഗിന് ഒഴിവാക്കേണ്ടി വന്നു.
മലപ്പുറത്തടക്കം വോട്ട് ബാങ്ക് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു. ഈ അവസരത്തിൽ രാഷ്ട്രീയമായിസിപിഎമ്മിനെ പ്രതിരോധിക്കുക സാധ്യമല്ലെന്ന് മനസിലാക്കി കൊണ്ടുള്ള കളികളാണ് യാഥാസ്ഥതിക മുസ്‌ലിമുകളുടെ മത ചിന്തകളെ ചൂഷണം ചെയ്യുക എന്നത്.
സംഘപരിവാർ എങ്ങനെയാണോ ഹൈന്ദവ വിശ്വാസത്തെ ചൂഷണം ചെയ്ത് ഒരു സാംസ്‌കാരിക അധീശത്വത്തിന് ശ്രമിക്കുന്നത് അത് പോലെ യാഥാസ്ഥതിക മുസ്ലീങ്ങളുടെ അറിവില്ലായ്മയെ ചൂഷണം ചെയ്ത് കൊണ്ടുള്ള രാഷ്ട്രീയ നേട്ടത്തിനാണ് മുസ്ലീം ലീഗ് ശ്രമിക്കുന്നത്. ഇത് നിഷ്കളങ്കമായി പുറത്തു വരുന്ന മണ്ടത്തരങ്ങളല്ല. അതിന് വി.ഡി സതീശൻ പിന്തുണ നൽകിയതും ചേർത്ത് കാണണം.
രണ്ട് വിഭാഗം മത സമുദായ തീവ്രവാദ ശക്തികളുടെ അജണ്ടകളോട് പട വെട്ടി മുന്നോട്ട് പോകുക എന്ന പണിയാണ് കേരളത്തിലെ ഇടത് – പുരോഗമന പക്ഷത്തിന്റെ വലിയ കടമ്പകൾ. അത് എങ്ങനെ പോകുമെന്ന് കണ്ട് തന്നെയറിയണം.