27 September 2024

അൻവർ എന്ന വ്യക്തിയേയല്ല, ഉന്നയിച്ച പ്രശ്നങ്ങളെ അഡ്രസ്സ് ചെയ്യാൻ സാധിക്കുന്നുണ്ടോ എന്നതാണ് ചോദ്യം

| ബഷീർ വള്ളിക്കുന്ന്

അൻവർ എന്ന വ്യക്തിയേയല്ല, അൻവർ ഉന്നയിച്ച പ്രശ്നങ്ങളെ അഡ്രസ്സ് ചെയ്യാൻ സാധിക്കുന്നുണ്ടോ എന്നതാണ് ചോദ്യം. വ്യക്തിയേയാണ് അഡ്രസ്സ് ചെയ്യാൻ ഉദ്ദേശിക്കുന്നതെങ്കിൽ അദ്ദേഹത്തിൻറെ രാഷ്ട്രീയവും ജീവിതവും പാരമ്പര്യവും ചരിത്രവുമെല്ലാം ചികഞ്ഞെടുത്ത് വിമർശിക്കുകയോ പിന്തുണക്കുകയോ പരിഹസിക്കുകയോ എന്തും ചെയ്യാം. വാക്കുകളെ പോസ്റ്റ്‌മോർട്ടം ചെയ്യാം. സൈബർ ലിഞ്ചിങ് നടത്താം.. അത് വളരെ എളുപ്പമുള്ള ഒരു പണിയാണ്. എന്നാൽ, അയാൾ ഉയർത്തിയ ഗൗരവതരമായ വിഷയങ്ങളേയാണ് അഡ്രസ്സ് ചെയ്യാൻ ഉദ്ദേശിക്കുന്നതെങ്കിൽ അതിന് രാഷ്ട്രീയമായ ഇച്ഛാശക്തി വേണം.

ഭരണതലത്തിലും പാർട്ടിതലത്തിലും തിരുത്തുകൾ വേണം. അത് എളുപ്പമുള്ള പണിയല്ല. അൻവർ ഉയർത്തിയ മർമ്മപ്രധാന വിഷയം സിപിഎമ്മിന്റെ അടിസ്ഥാന ലക്ഷ്യങ്ങൾക്കും നയനിലപാടുകൾക്കുമെതിരെ ആഭ്യന്തര വകുപ്പും പോലീസും മുന്നോട്ട് പോകുന്നു എന്നതാണ്. സിപിഎമ്മിന്റെ പ്രഖ്യാപിത ശത്രുവായ സംഘപരിവാരം സമ്പൂർണ്ണമായി കീഴടക്കിയ ഒരു വകുപ്പായി ആഭ്യന്തരം മാറിക്കഴിഞ്ഞു എന്നതാണ് അയാൾ ഉയർത്തിയ ആരോപണങ്ങളുടെ ന്യൂക്ലിയസ്.

പരിവാരത്തിന്റെ ദേശീയ തലത്തിൽ കീ പോസ്റ്റിലുള്ള ആളുകളുമായി കേരളത്തിന്റെ ക്രമസമാധാനം നിയന്ത്രിക്കുന്ന പോലീസ് തലവന്റെ രഹസ്യ ബാന്ധവം മറനീക്കി പുറത്തു വന്നു. അയാൾ പോലും ആ രഹസ്യകൂടിക്കാഴ്ചകളെ നിഷേധിച്ചിട്ടില്ല. ആ കൂടിക്കാഴ്ചകൾ എന്തിനെന്ന ചോദ്യം ചോദിയ്ക്കാൻ പോലും നട്ടെല്ലില്ലാത്ത ഒരാൾ ആഭ്യന്തര വകുപ്പ് നിയന്ത്രിക്കാൻ യോഗ്യനല്ല എന്ന് അൻവർ പറയുമ്പോൾ അയാളെ പിന്തുണക്കാൻ കക്ഷിരാഷ്ട്രീയ ഭേദമന്യേ ജനങ്ങൾ മുന്നോട്ട് വരും.

അതിൽ പാർട്ടി പ്രവർത്തകരും ജീവിതകാലം മുഴുവൻ പാർട്ടിക്ക് വേണ്ടി മുദ്രാവാക്യം വിളിച്ചവരും പോസ്റ്റൊറൊട്ടിച്ചവരും കാണും. അതിൽ കലി പൂണ്ടിട്ട് കാര്യമില്ല. വിവാദമായ കേസുകളിൽ പോലും സംഘപരിവാരത്തിനും അതിന്റെ ക്രിമിനലുകൾക്കും സംരക്ഷണം നൽകുന്ന ഒരു പോലീസായി പിണറായിയുടെ പോലീസ് മാറി എന്ന് മറ്റാരേക്കാളും ബോധ്യമുള്ളവർ ഇടത്പക്ഷ അനുഭാവികളും പ്രാദേശിക നേതാക്കളുമാണ്.

പാർട്ടി പ്രവർത്തകന്മാരും നേതാക്കന്മാരും അകാരണമായി വേട്ടയാടപ്പെടുന്ന അവസ്ഥ അവർ ദിനേന കാണുകയും അനുഭവിക്കുകയും ചെയ്യുന്നതാണ്. അത്തരമൊരു തിക്തബോധ്യത്തിന് കൂടുതൽ കരുത്ത് പകരുന്ന തെളിവുകളും ഉദാഹരണങ്ങളുമാണ് അൻവർ മുന്നോട്ട് വെക്കുന്നത്. പാർട്ടി പ്രവർത്തകരുടെ ചങ്കിൽ തറക്കുന്ന ഉദാഹരണങ്ങളാണ് അത്.

ഇന്ന് അൻവർ ഉയർത്തിയ ആരോപണങ്ങൾ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട വിഷയങ്ങളാണ്. അതും അത്ര എളുപ്പത്തിൽ തള്ളിക്കളയാവുന്ന ഒന്നല്ല. ആരോപണ വിധേയരായ പോലീസുകാരെക്കൊണ്ടല്ല അത് അന്വേഷിപ്പിക്കേണ്ടത്, അൻവർ ഉന്നയിച്ച എല്ലാ വിഷയങ്ങളിലും ഏറ്റവും കൂടുതൽ പ്രതിസ്ഥാനത്ത് നിൽക്കുന്ന പോലീസ് ഓഫീസർ എഡിജിപിയാണ്. അയാളെ സംസ്ഥാനത്തിന്റെ ക്രമാസമാധാനത്തിന്റെയും പോലീസിന്റേയും തലപ്പത്തിരുത്തി അയാളുടെ കീഴുദ്യോഗസ്ഥന്മാരെക്കൊണ്ട് അന്വേഷണം നടത്തി ഈ സർക്കാറും മുഖ്യമന്ത്രിയും എന്ത് കണ്ടെത്താനാണ് പോകുന്നത്.

ആരോപണം ഉന്നയിച്ച ആളെത്തന്നെ പ്രതിയാക്കി മാറ്റി അറസ്റ്റ് ചെയ്യുകയെന്ന, എഡിജിപിയും സൂപ്പർ മുഖ്യമന്ത്രിയായ പൊളിറ്റിക്കൽ സെക്രട്ടറിയും തീരുമാനിച്ചുറപ്പിച്ച നാടകാന്ത്യത്തിലേക്ക് കാര്യങ്ങൾ പോകും. ഇപ്പോൾ പ്രഖ്യാപിച്ച അന്വേഷണങ്ങൾ നീങ്ങുന്നത് ആ വഴിക്ക് മാത്രമാണ് എന്ന് അൻവർ പറയുമ്പോൾ അയാളെ പരിഹസിക്കുകയോ കൂവി വിളിക്കുകയോ ചെയ്യാം. പക്‌ഷേ ആ യാഥാർത്ഥ്യത്തെ തമസ്കരിക്കാൻ കഴിയില്ല.

ചെക്കോ ട്രാൻസ്ഫറോ ബാങ്ക് രേഖകളോ ഇല്ലാതെ റെഡി ക്യാഷ് ബേസിസിൽ ദശലക്ഷങ്ങളുടെ ഭൂമി വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന ഒരു പോലീസ് മേധാവി. സ്വർണ്ണക്കടത്ത്, കൊലപാതകം, രാഷ്ട്രീയ ശത്രുക്കളുമായുള്ള ഗൂഡാലോചനകൾ തുടങ്ങി ഒരു നോട്ടോറിയസ് ക്രിമിനൽ പോലും നേരിടാത്ത ആരോപണങ്ങളുടെ പെരുമഴയിൽ നില്ക്കുന്ന അത്തരമൊരു പോലീസ് ഓഫീസറെയാണ് കേരളത്തിന്റെ മുഖ്യമന്ത്രി കെട്ടിപ്പിടിച്ചു സംരക്ഷിക്കുന്നത്.

പാർട്ടി അനുഭാവികളും പ്രവർത്തകന്മാരും ഇതൊക്കെ കണ്ട് അന്ധാളിച്ചു നില്ക്കുകയാണ്. അവരുടെ ആശങ്കയും പ്രതിഷേധവുമാണ് അൻവറിന്റെ ജനകീയാടിത്തറ.. ആ ജനകീയാടിത്തറയിൽ നിന്ന് കൊണ്ടാണ് അൻവർ കളിക്കുന്നത്. അൻവർ ഉന്നയിച്ച കാതലായ വിഷയങ്ങളെ അഡ്രസ് ചെയ്യാതെ അയാളെ സൈബർ ലിഞ്ചിങ് നടത്താനാണ് നിങ്ങൾ ശ്രമിക്കുന്നതെങ്കിൽ നിങ്ങളെയും നിങ്ങളുടെ പാർട്ടിയേയും പൊളിറ്റിക്കൽ ലിഞ്ചിങ് നടത്താൻ ശക്തിയുള്ള ഒരു പൊതുസമൂഹം പുറത്തുണ്ട് എന്ന് മാത്രം തിരിച്ചറിയുക.

Share

More Stories

മേക്ക് ഇൻ ഇന്ത്യയുടെ പത്ത് വർഷം; പരിവർത്തനവും വളർച്ചയും

0
ന്യൂഡൽഹി: മോദി സർക്കാരിൻ്റെ അഭിമാന പദ്ധതികളിലൊന്നായ ‘മേക്ക് ഇൻ ഇന്ത്യ’ ബുധനാഴ്‌ച പത്തുവർഷം പൂർത്തിയാക്കി. ഇത് ഇന്ത്യയുടെ പരിവർത്തനപരമായ വളർച്ചയുടെ ഒരു ദശാബ്ദത്തെ ചിത്രീകരിച്ചു. അത് ഒരു ആഗോള ഉൽപ്പാദന കേന്ദ്രമായി നിലകൊള്ളുന്ന...

സ്പാം കോളിന് വില്ലനാകാൻ എഐ; എയര്‍ടെല്ലിലെ സ്‌പാം കോളുകളും മെസേജുകളും തടയും

0
ഉപഭോക്താക്കള്‍ക്ക് വലിയ ശല്യമായ സ്‌പാം കോളുകളെയും മെസേജുകളെയും തടയാന്‍ ഭാരതി എയര്‍ടെല്‍ എഐ സാങ്കേതികവിദ്യ അവതരിപ്പിച്ചു. കോടിക്കണക്കിന് സ്‌പാം കോളുകളെയും മെസേജുകളെയും ഒരുസമയം വിശകലനം ചെയ്ത് ഉപഭോക്താക്കളെ മുന്നറിയിപ്പാക്കാന്‍ ശേഷിയുള്ള എഐ സംവിധാനമാണ്...

പ്രകൃതിദത്ത ലബോറട്ടറിയാണ് ലോസ്റ്റ് തടാകം; ഭൂമിയിലെ വിചിത്ര സ്ഥലങ്ങൾ

0
വെള്ളം ഒരു അത്ഭുത ദ്രാവകമാണ്. ഏതാണ്ട് ഏത് പദാർത്ഥത്തെയും അലിയിക്കാനുള്ള ശേഷിയുള്ളതിനാൽ ഇത് ഒരു സാർവത്രിക ലായകമാണ്. അതിനാൽ ശരീരത്തിലെ രാസപ്രവർത്തനങ്ങളും ജൈവപ്രക്രിയകളും നടത്താൻ ജീവജാലങ്ങൾ ജലം ധാരാളമായി ഉപയോഗിക്കുന്നു. ജലത്തിന് ദ്രവ്യത്തിൻ്റെ വിവിധ...

യുഎസിന് ആശങ്ക; ചൈനീസ് ഹാർഡ്‌വെയറുകളും സോഫ്റ്റ്‌വെയറുകളും ഉപയോഗിച്ചുള്ള വാഹനങ്ങൾ നിരോധിക്കും

0
ചൈനയിൽ നിർമ്മിതമായ ഹാർഡ്‌വെയറും സോഫ്റ്റ്‌വെയറും ഉപയോഗിച്ച് നിർമ്മിച്ച കാറുകൾ, ട്രക്കുകൾ, ബസുകൾ എന്നിവയെ നിരോധിക്കാനുള്ള നീക്കവുമായി യുഎസ്. ഈ വാഹനങ്ങളിൽ ഉപയോഗിക്കുന്ന സാങ്കേതികവിദ്യകൾ 'അമേരിക്കൻ റോഡുകളിലെ കാറുകളെ വിദൂരനിയന്ത്രണത്തിലാക്കാൻ' എതിരാളികൾക്ക് സഹായം നൽകും...

ഇന്ത്യൻ വംശജനായ സംരംഭകന്റെ സൃഷ്ടി; ചർച്ചയായി വിയറബിള്‍ എഐ ഉപകരണം ‘ഐറിസ്’

0
ജീവിതത്തിലെ വിവിധ നിമിഷങ്ങള്‍ ഫോട്ടോകളായി പകര്‍ത്തിയാല്‍ അത് മനോഹരമായിരിക്കും എന്ന കാര്യത്തില്‍ ആര്‍ക്കും സംശയം കാണില്ല. എന്നാല്‍ അവയില്‍ ചില ചിത്രങ്ങള്‍ എന്താണെന്ന് ഓര്‍ത്തെടുക്കാന്‍ നാം ബുദ്ധിമുട്ടിയാല്‍ പറഞ്ഞുതരാന്‍ ഒരു സഹായിയുണ്ടെങ്കിലോ? അത്തരമൊരു...

ഭർത്താവ് മകനെയും കൂട്ടി ഗൾഫിലേക്ക് മുങ്ങി; ഭാര്യ ഇൻ്റെർപോളിൻ്റെ സഹായത്തോടെ തിരികയെത്തിച്ചു

0
കാസർകോട്: കുടുംബത്തിലുണ്ടായ സൗന്ദര്യപ്പിണക്കം കാരണം രണ്ടുമക്കളിൽ ഒരാളെ കൂട്ടി ഗൾഫിലേക്ക്‌ പോയ ഭർത്താവിനെ ഇൻ്റെർപോളിൻ്റെ സഹായത്തോടെ തിരികെയെത്തിച്ച് ഭാര്യ. കാസർകോട്, കാഞ്ഞങ്ങാട്ടാണ് സംഭവം. കൊളവയൽ സ്വദേശി തബ്ഷീറയാണ് ഭർത്താവായ ഷക്കീറിനെതിരെ പരാതി നൽകിയത്....

Featured

More News