| ശ്രീകാന്ത് പികെ
പല നിറങ്ങളിൽ തൂവാല മുതൽ അടിവസ്ത്രം വരെയായി ഉപയോഗിക്കുന്ന തുണികളിൽ കൃത്യമായ അളവിലും രീതിയിലും കുങ്കുമവും വെള്ളയും പച്ചയും അതിന്റെ നടുവിൽ ഒരു അശോക ചക്രവും വരുമ്പോഴാണ് അതിന്റെ രൂപവും ഭാവവും മാനവും മാറുന്നത്. അതിനെ ജനങ്ങൾ അങ്ങേയറ്റം ബഹുമാനിക്കുന്നത്. അത് കേവലം ഒരു തുണി കഷ്ണം മാത്രമല്ലെന്നും അത് പേറുന്നത് അനേക കോടി മനുഷ്യരുടെ അന്തസ്സും ആത്മാഭിമാനവും വലിയൊരു ചരിത്ര പാരമ്പര്യത്തേയും ആണെന്ന ബോധ്യത്തിലാണത്.
അതിർത്തിയിൽ വെടിയേറ്റ് രക്തസാക്ഷിയായ പട്ടാളക്കാരനും, രാജ്യത്തിനു വേണ്ടി ജീവിച്ചതും സംഭാവന നൽകിയതും, രാജ്യം ആദരിച്ചതുമായ വ്യക്തികളുടെയുമൊക്കെ ഭൗതിക ദേഹത്തിൽ ആ പതാക പുതപ്പിക്കുന്നത് ഈ രാജ്യത്തിന്റേയും രാജ്യത്തെ ജനങ്ങളുടെയും അന്തസ്സും അഭിമാനവും ഉയർത്തിയ മനുഷ്യരോടുള്ള ആദരവും കടപ്പാടും അവരെ അറിയിക്കുന്നത് കൂടിയാണ്.
“ഒരു കുടിയേറ്റക്കാരൻ കുറ്റവാളിയല്ല, ഒരു മനുഷ്യന് അർഹമായ അന്തസ്സോടെ കൂടി അദ്ദേഹത്തോട് പെരുമാറണം. അതുകൊണ്ടാണ് കൊളംബിയൻ കുടിയേറ്റക്കാരെ വഹിച്ചിരുന്ന യു.എസ് സൈനിക വിമാനങ്ങൾ ഞാൻ തിരിച്ചയച്ചത്. കുടിയേറ്റക്കാരെ ആവശ്യമില്ലാത്ത ഒരു രാജ്യത്ത് തുടരാൻ അവരെ എനിക്ക് അനുവദിക്കാനാവില്ല; പക്ഷേ ആ രാജ്യം അവരെ തിരിച്ചയക്കാൻ തീരുമാനിച്ചാൽ , അത് ആ മനുഷ്യരോടും നമ്മുടെ രാജ്യത്തോടുമുള്ള അന്തസ്സും ബഹുമാനവും നിലനിർത്തിക്കൊണ്ടായിരിക്കണം. നമ്മുടെ സഹ പൗരന്മാരെ കുറ്റവാളികളെപ്പോലെ പരിഗണിക്കാതെ, സിവിലിയൻ വിമാനങ്ങളിൽ അയച്ചാൽ ഞങ്ങൾ സ്വീകരിക്കും. കൊളംബിയക്ക് ആദരവ് നൽകുന്നു. ” ഗുസ്താവോ പെട്രോ, കൊമ്രേഡ് ഗുസ്താവോ പെട്രോ. കൊളംബിയൻ പ്രസിഡന്റ്.
ട്രമ്പ് അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാരെ നാട് കടത്തുമെന്ന പ്രഖ്യാപനത്തോടെ ആരംഭിച്ച നടപടികളുടെ ഭാഗമായി കൊളംബിയൻ പൗരന്മാരെ മിലിട്ടറി വിമാനത്തിൽ കൈ കാലുകൾ ബന്ധിപ്പിച്ച് കൊളംബിയയിലേക്ക് പറന്നു. തങ്ങളുടെ എയർ സ്‌പേയ്സ് പോലും തുറന്ന് കൊടുത്തില്ല കൊളംബിയ. പകരം ട്രംമ്പ് താരിഫ് ഭീഷണിയോടെ കൊളംബിയയെ പേടിപ്പിക്കാൻ ശ്രമിച്ചു. ട്രമ്പിന് മറുപടിയായി കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ നൽകിയ മറുപടിയാണ് മുകളിൽ.
തന്റെ രാജ്യത്തിന്റെയും പൗരന്മാരുടെയും അന്തസ്സും അഭിമാനവും ഹനിക്കുന്ന ഒരു ധാർഷ്ട്യത്തിനും കീഴടങ്ങില്ല എന്ന പ്രഖ്യാപനം. ഗുസ്താവോ പെട്രോ ഒരു സോഷ്യലിസ്റ്റാണ്. ചാകേണ്ടി വന്നാൽ പോലും ഞങ്ങൾ തോറ്റു തരില്ലെന്ന മുദ്രാവാക്യം മുഴക്കി വിപ്ലവം നയിച്ച ചെ ഗുവെരയുടെ പാതയിൽ പോരാടിയ പഴയ ഗറില്ല പോരാളി.
ഇതേ പോലൊരു മിലിറ്ററി എയർഷിപ്പിൽ കൈകാലുകൾ ബന്ധിച്ച് അനേകം ഇന്ത്യൻ പൗരന്മാർ നമ്മുടെ ഇന്ത്യൻ മണ്ണിലുമിറങ്ങി. അമ്പത്തി ആറിഞ്ച് ഭീരുവും, ക്യാമറ കണ്ണുകൾക്ക് മുന്നിൽ മാത്രം മാസ് കാണിക്കുന്ന വിദേശ കാര്യ മന്ത്രിയും നെഞ്ചും നടുവും പറ്റാവുന്നതൊക്കെയും വളച്ച് വച്ച് അതിനെ ഓടി നടന്ന് ന്യായീകരിക്കുന്നുണ്ട്. സ്വന്തം രാജ്യത്തിന്റെ പൗരന്മാരെ കൈ കാലുകൾ കെട്ടിയിട്ട് ഏറ്റവും മ്ലേചകരമായ നിലയിൽ ഈ രാജ്യത്തിന്റെ മണ്ണിലേക്ക് ഒരു മിലിട്ടറി വിമാനത്തിൽ കൊണ്ടിറക്കുന്നത് അശക്തവും നിശബ്ദവുമായി നോക്കി നിന്നു അഞ്ചാം ലോക സാമ്പത്തിക ശക്തിയുടെ മേനി പറയുന്ന രാജ്യത്തിന്റെ ഭരണാധികാരികൾ.
അഞ്ച് മാസം കഴിഞ്ഞ് വരുന്ന സ്വാതന്ത്ര ദിനത്തിൽ നമ്മുടെ ദേശീയ പതാക ഉയർത്തി ഇതേ ഭരണാധികാരികൾ നമ്മളോട് അതി ദേശീയതയുടെ സംഘ ഗാനം പാടും. അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ മൂക്കിൻ തുമ്പിൽ തങ്ങളുടെ രാജ്യത്തിന്റേയും പൗരന്മാരുടെയും അന്തസ്സും അഭിമാനത്തിനുമായി നിവർന്ന് നിന്ന സാമ്പത്തികമോ സൈനികമോ ആയി വളരെ ചെറിയ മേന്മ പറയാവുന്ന ആ ചെറു രാജ്യങ്ങളുടെ ഭരണാധികാരികളുടെ ഉറപ്പ് പോലും ഇങ്ങ് മറ്റൊരു വൻകരയിൽ കിടക്കുന്ന ലോകത്തെ നാലാമത്തെ വലിയ സൈനിക ശക്തിയെന്നും അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയെന്നും അഭിമാനിക്കുന്ന നമ്മുടെ രാജ്യത്തെ ഭരണാധികാരികൾക്കില്ലാതെ പോയി.
മെച്ചപ്പെട്ട ജീവിതം ആഗ്രഹിച്ച് മറ്റൊരു രാജ്യത്തേക്ക് കുടിയേറിപ്പോയി എന്ന മഹാ ‘കുറ്റം’ ചെയ്തതിനാൽ ഈ രാജ്യത്തിലെ പൗരന്മാരെ കൈ കാലുകൾ ചങ്ങലയിൽ ബന്ധിച്ച്, ആ വീഡിയോ ‘ഇന്ത്യൻ അന്യഗ്രഹ ജീവികൾ’ എന്ന് ടാഗ് ലൈനോട് കൂടി സാമൂഹ്യ മാദ്ധ്യമങ്ങളിൽ പരസ്യമായി അധിക്ഷേപിച്ച് കൊണ്ട് മറ്റൊരു രാജ്യത്തിന്റെ സൈനിക വിമാനം ഈ മണ്ണിൽ ഇറക്കി അവരെ കൊണ്ട് തള്ളുന്നതും വെറുതെ കണ്ടിരിക്കേണ്ടി വന്നു. ഈ രാജ്യത്തെ മനുഷ്യരുടെ ഡിഗ്നിറ്റി ഇതിലധികം ഇനിയെവിടെയും താഴാനില്ല.