ഡോ. ബി. ഇക്ബാൽ
ഹാനികരമായ 150 ഔഷധചേരുവകൾ ( Fixed Drug Combinations: FDCs) നിരോധിക്കാനുള്ള കേന്ദ്രസർക്കാരിൻ്റെ തീരുമാനം സ്വാഗതാർഹമാണ്. ഇന്ത്യയിലെ ജനകീയാരോഗ്യ പ്രസ്ഥാനങ്ങൾ നിരന്തരം നടത്തിവരുന്ന പ്രചാരണ പ്രവർത്തനങ്ങളുടെ വിജയം കൂടിയാണ് ഈ വൈകിവന്ന തീരുമാനം. ഇന്ത്യൻ മാർക്കറ്റിൽ ഇപ്പോൾ വിറ്റുവരുന്ന ഔഷധചേരുവകളിൽ ബഹുഭൂരിപക്ഷവും വൈദ്യശാസ്ത്രപരമായി നീതികരണമില്ലാത്തവയും പാർശ്വഫലങ്ങളും അപകടകരങ്ങളായ പ്രത്യാഘാതങ്ങളുണ്ടാക്കാൻ സാധ്യതയുള്ളവയുമാണ്. ലോകാരോഗ്യ സംഘടനയുടെ അവശ്യമരുന്നു പട്ടികയിൽ ക്ഷയരോഗം, എയ്‌ഡ്‌സ് തുടങ്ങിയ ഏതാനും രോഗങ്ങൾക്കുള്ള പരിമിതമായ എണ്ണം ഔഷധ ചേരുവകൾ മാത്രമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
ഔഷധ വിലവർധനവിനായി മരുന്നുകമ്പനികൾ പ്രയോഗിക്കുന്ന പല തന്ത്രങ്ങളിലൊന്നാണ് ഔഷധചേരുവകളുടെ ഉത്പാദനവും വിൽപനയും. ഔഷധവില നിയന്ത്രണത്തിൻ്റെ പരിധിയിൽ ഏകമാത്ര (Single Ingredient) മരുന്നുകൾ മാത്രമാണ് ഉൾപ്പെടുത്തുക. അതുകൊണ്ട് അവശ്യമരുന്നുകളോട് ചികിത്സാപരമായി യാതൊരു നീതികരണവുമില്ലാത്ത മറ്റ് മരുന്നുകൾ കൂട്ടിച്ചേർത്ത് വിലകൂട്ടി ഔഷധ ചേരുവകളുടെ (Combination Drugs) രൂപത്തിൽ മാർക്കറ്റ് ചെയ്‌ത് ലാഭം വർധിപ്പിക്കാനാണ് മരുന്നുകമ്പനികൾ ശ്രമിക്കുന്നത്.
ഔഷധ ചേരുവകൾ നിരോധിക്കുന്നതിലൂടെ ഔഷധ നിർദ്ദേശം യുക്തിസഹമാക്കാനും ഔഷധങ്ങൾക്കായുള്ള സാമ്പത്തിക ബാധ്യത കുറയ്ക്കാനും അതുവഴി ആരോഗ്യചെലവ് കുറക്കാനും കഴിയും.
ചികിത്സാപരമായി നീതികരണമില്ലാത്ത എതാണ്ട് മുന്നൂറോളം അശാസ്ത്രീയ ഔഷധ ചേരുവകളാണ് പതിനായിരക്കണക്കിന് ബ്രാൻഡ് പേരുകളിൽ ഇന്ത്യൻ മാർക്കറ്റിൽ ഇപ്പോൾ വിറ്റുവരുന്നത്. ഇത് മൊത്തം ഔഷധ മാർക്കറ്റിൻ്റെ 40 ശതമാനത്തോളം വരും. ഔഷധങ്ങൾക്കൂള്ള മാർക്കറ്റിങ്ങ് ലൈസൻസ് നൽകേണ്ടത് കേന്ദ്ര ഡ്രഗ് കൺട്രോളറാണ്. സംസ്ഥാന ഡ്രഗ് കൺട്രോളർമാർക്ക് അതിനുള്ള അധികാരമില്ല.
കേന്ദ്ര ഡ്രഗ് കൺട്രോളർ ലൈസൻസ് നൽകിയ മരുന്നുകളുടെ ചേരുവകൾ നിർമ്മിക്കാൻ വിവിധ സംസ്ഥാന ഡ്രഗ് കൺട്രോളർമാർക്ക് അവകാശം നൽകിയിരുന്നു. ഇതുപയോഗിച്ച് യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ സംസ്ഥാന ഡ്രഗ് കൺട്രോളർമാർ അവ മാർക്കറ്റ് ചെയ്യാൻ അനുമതി നൽകി തുടങ്ങിയതോടെയാണ് ഔഷധചേരുവകൾ ഇന്ത്യൻ ഔഷധ മാർക്കറ്റിൽ അമിതമായി വർധിച്ചു വന്നത്. ജനകീയാരോഗ്യ പ്രസ്ഥാനങ്ങളുടെ സമ്മർദ്ദത്തെ തുടർന്ന് സംസ്ഥാന ഡ്രഗുകൺട്രോളർമാർക്ക് ഉണ്ടായിരുന്ന ഈ അധികാരം നീക്കം ചെയ്‌തിട്ടുണ്ട്.
ഇപ്പോൾ 156 ഔഷധചേരുവകൾ മാത്രമാണ് നിരോധിച്ചിട്ടുള്ളത് ബാക്കിയുള്ള അശാസ്ത്രീയ ഔഷധ ചേരുവകൾ നിരോധിക്കാനുള്ള നടപടികൾ കൂടി വൈകാതെ കേന്ദ്രസർക്കാർ സ്വീകരിക്കേണ്ടതാണ്.