തന്ത്രി കണ്ഠരര് രാജീവരുടെ വീട്ടിൽ നിന്നും കണ്ടെത്തിയ വാജി വാഹനം കോടതിയിൽ നല്‍കി പ്രത്യേക അന്വേഷണ സംഘം. കൊല്ലം വിജിലൻസ് കോടതിയിലാണ് വാജി വാഹനം നൽകിയിരിക്കുന്നത്. പഴയ കൊടിമരത്തിലുണ്ടായിരുന്ന വാജി വാഹനം തന്ത്രി കണ്ഠരര് രാജീവര് കൈവശം വെച്ചിരിക്കുകയായിരുന്നു. വർഷങ്ങൾ പഴക്കമുള്ള ശിൽപ്പമാണ് വാജിവാഹനം. 11 കിലോ തൂക്കം വരുന്ന പഞ്ചലോഹത്തിൽ സ്വർണം പൊതിഞ്ഞതാണ് വാജി വാഹനം. നിര്‍ണായകമായ ഒരു നീക്കമാണ് അന്വേഷണ സംഘം നടത്തിയിരിക്കുന്നത്.
2017-ലാണ് ശബരിമലയില്‍ ഉണ്ടായിരുന്ന വളരെ മൂല്യമുള്ള വാജി വാഹനം തന്ത്രി വീട്ടിലേക്ക് കൊണ്ടുപോയത്. വിവാദങ്ങളെ തുടർന്ന് വാജി വാഹനം തിരികെ നല്‍കാൻ തയ്യാറാണെന്ന് ദേവസ്വം ബോർഡിനെ അറിയിച്ചിരുന്നു. കട്ടിളപ്പാളി കേസില്‍ തന്ത്രിയെ അറസ്റ്റ് ചെയ്‌തതിന് ശേഷം എസ്ഐടി സംഘം തന്ത്രിയുടെ വീട്ടില്‍ റെയിഡ് നടത്തുകയും വാജിവാഹനം കണ്ടെത്തി കസ്റ്റഡിയിൽ എടുക്കുകയും ആയിരുന്നു.
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റിന് എസ്ഐടിക്ക് കോടതി അനുമതി നല്‍കി. ദ്വാരപാലക പാളി കേസില്‍ തന്ത്രിയെ അറസ്റ്റ് ചെയ്യാനുള്ള അനുമതിയാണ് കൊല്ലം വിജിലന്‍സ് കോടതി നല്‍കിയത്. നിലവില്‍ കട്ടിളപ്പാളി കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തുടരുകയാണ് കണ്ഠരര് രാജീവര്.
സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോർഡ് മുൻ അധ്യക്ഷൻ എ പത്മകുമാറിന് ഹൈക്കോടതി ജാമ്യം നിഷേധിച്ചു. 14 ദിവസത്തേക്ക് പത്മകുറിനെ റിമാന്‍ഡ് ചെയ്യാന്‍ കൊല്ലം വിജിലന്‍സ് കോടതി ഉത്തരവിട്ടു. മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി മാറ്റിയിരുന്നു. എ പത്മകുമാർ, അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, ബെല്ലാരിയിലെ സ്വർണവ്യാപാരി ഗോവർധൻ എന്നിവരുടെ ജാമ്യ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു.
പന്ത്രണ്ടാം പ്രതി പങ്കജ് ഭണ്ഡാരിയും ഹൈക്കോടതിയെ സമീപിച്ചു. അറസ്റ്റും എസ്‌ഐടിയുടെ നടപടിക്രമങ്ങളും നിയമവിരുദ്ധമാണെന്ന് കാട്ടിയാണ് സ്‌മാര്‍ട്ട് ക്രിയേന്‍ സിഇഒ പങ്കജ് ഭണ്ഡാരി ഹൈക്കോടതിയെ സമീപിച്ചത്. അറസ്റ്റ് ചെയ്‌തത് മതിയായ കാരണങ്ങള്‍ അറിയിക്കാതെ ആയിരുന്നുവെന്നും പങ്കജ് ഭണ്ഡാരി വാദിച്ചു.
പങ്കജ് ഭണ്ഡാരിയുടെ ഹര്‍ജിയില്‍ എസ്‌ഐടിയോട് ഹൈക്കോടതി വിശദീകരണം തേടിയിട്ടുണ്ട്. സംഭവത്തില്‍ ഒരാഴ്‌ചക്കകം മറുപടി നല്‍കാനാണ് ഹൈക്കോടതി നിര്‍ദേശം. ജസ്റ്റിസ് എ ബദറുദ്ദീന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിൻ്റെതാണ് നടപടി. കേസ് അടുത്ത ബുധനാഴ്‌ച ഹൈക്കോടതി വീണ്ടും പരിഗണിക്കും.























