7 July 2024

ഈ നഗരത്തെയാകെ ഒരു മനുഷ്യ ശരീരമായി സങ്കല്പിച്ചാണ് രൂപ കല്പന ചെയ്തിരിക്കുന്നത് (കാശ്മീർ യാത്ര ഒന്നാം ഭാഗം)

നിയമനിർമ്മാണ സഭയും ഹൈക്കോടതിയുമിരിക്കുന്ന ക്യാപിറ്റോൾ കോംപ്ലക്സാണ് ശിരസ്ഥാനം.നഗര കേന്ദ്രമാണ് ഹൃദയം. ബൗദ്ധിക കേന്ദ്രം സർവകലാശാലയും പാർക്കുകളും തുറസ്സായ ഇടങ്ങളും ശ്വാസകോശമായും റോഡുകളുടെ ശൃംഖലയെ ധമനികളായും ആന്തരവയവങ്ങൾ വ്യവസായ മേഖലയായും കണക്കാക്കിയിരിക്കുന്നു.

| ആർ ബോസ്

കാശ്മീർ യാത്രയുടെ രണ്ടാം ദിവസം രാവിലെ ഡൽഹി കാശ്മീരി ഗേറ്റ് ഇൻ്റർസ്റ്റേറ്റ് ബസ് സ്റ്റേഷനിൽ ഞാനെത്തി. മുഗൾ സൈന്യവുമായി ഒരിക്കലും സന്ധി ചെയ്യാതിരുന്ന മേവാറിലെ രാജാവായിരുന്ന മഹാറാണാ പ്രതാപിൻ്റെ പേരാണ് ബസ് സ്റ്റേഷനെങ്കിലും കാശ്മിരി ഗേറ്റ് എന്നാണിതറിയപ്പെടുന്നത്.

മുഗൾ ചക്രവർത്തി ഷാജഹാൻ പണികഴിപ്പിച്ച ഇരട്ട വാതിലുള്ള ഒരു കവാടത്തിന് അരുകിലായതിനാലും കാശ്മീരിലേക്കുള്ള ഒരു റോഡിൻ്റെ തുടക്കത്തിലായതിനാലുമാണ് ഈ പേര് ലഭിച്ചത്. സ്റ്റേഷന് മുമ്പിൽ റാണാപ്രതാപ് വാളുമായി കുതിരപ്പുറത്തിരിക്കുന്ന പ്രതിമ സ്ഥാപിച്ചിരിക്കുന്നു. ബസ് സ്റ്റേഷന് അകത്തേക്ക് പ്രവേശിക്കാൻ കർശനമായ പരിശോധനയുണ്ട്. ബാഗ് സ്കാനറിലൂടെയും നമ്മൾ മെറ്റൽ ഡിറ്റക്ടറിലൂടെയും കടക്കണം

പരിശോധന കഴിഞ്ഞ് ഞാൻ അകത്ത് കയറി വൃത്തിയയി സംരക്ഷിക്കുന്ന വിശാലമായ സ്റ്റേഷനാണ്. ദിർഘദൂര ബസുകൾ താഴെ നിലയിലാണ്. എസ്കലേറ്ററുണ്ട് അതിൽ കയറി താഴേക്ക് ചെന്നു. യാത്രക്കാർക്കുള്ള വിശാലമായ വെയ്റ്റിങ് ഏറിയക്കപ്പുറം വിവിധ സംസ്ഥാനങ്ങളുടെ ബസുകൾ പാർക്ക് ചെയ്തിരികുന്നു. എട്ട് സംസ്ഥാനങ്ങളുടെ ബസുകൾ ഇവിടേക്ക് സർവ്വിസ് നടത്തുന്നുണ്ട്.

അവയുടെയൊക്കെ ടിക്കറ്റ് കൗണ്ടറുകൾ പ്ലാറ്റ്ഫോമിൽ ഉണ്ട്. ഹിമാചൽ പ്രദേശ് RTC യുടെ ഷിംലക്ക് പോകുന്ന ബസിൽ ചണ്ഡിഗഡിന് ടിക്കറ്റെടുത്ത് കയറി. പതിനൊന്നിന് പുറപ്പെട്ട ബസ് വൈകിട്ട് നാലര മണിയോടെയാണ് ചണ്ഡിഗഡിൽ എത്തിച്ചേർന്നത്. ബസ് നഗരാതിർത്തിയിലേക്ക് പ്രവേശിച്ചപ്പോൾ മുതൽ ഞാൻ ശ്രദ്ധിച്ച കാര്യം റോഡുകളുടെ പ്രത്യേകതയാണ് ഓരേ പോലുള്ള സ്ക്വയറുകളും റോഡുകളും സ്ട്രീറ്റ് ലൈറ്റുകളും ആവർത്തിച്ച് വന്നു കൊണ്ടിരുന്നു.

ഒടുവിൽ വലിയൊരു ബസ്റ്റാൻഡിൽ എത്തിച്ചേർന്നു ചണ്ഡിഗഡ് സ്റ്റാൻഡാണ് അവിടെ ഇറങ്ങി. ധാരാളം ബസുകൾ പാർക്ക് ചെയ്ത് കിടപ്പുണ്ട്. നല്ല വൃത്തിയുള്ള സ്റ്റേഷൻ ചപ്പുചവറുകൾ എവിടെയുമില്ല. പ്ലാറ്റ്ഫോമിലെ കടകൾക്കും ഒരു നിലവാരമുണ്ട്. എനിക്ക് അടിയന്തിരമായി ഒരു പവ്വർ ബാങ്ക് വാങ്ങണം എൻ്റെ കൈയ്യിലുണ്ടായിരുന്നതിൽ ചാർജ്ജ് നിൽക്കുന്നില്ല. കുറ്റം പറഞ്ഞിട്ട് കാര്യമില്ല അഞ്ച് വർഷം നന്നായി ഉപയോഗിച്ചതാണ്.ഏതെങ്കിലും കമ്പനി ഷോറുമിൽ നിന്ന് വാങ്ങാമെന്ന് കരുതി ഞാൻ പുറത്ത് മാർക്കറ്റ് റോഡിലേക്ക് പോകാനിറങ്ങി.

ആദ്യമായാണ് വരുന്നത് മാർക്കറ്ററിയില്ല. ഗൂഗിൾ കാണിച്ച് തന്ന രണ്ട് കിലോമീറ്റർ ദൂരെയുള്ള ഒരു ഷോപ്പിലേക്ക് ഓട്ടോ പിടിച്ച് യാത്രയായി. അല്പദൂരം പിന്നിട്ടപ്പോൾ രണ്ട് വരി വീതിയുള്ള മനോഹരമായ റോഡിലേക്ക് കയറി.റോഡിന് ഇരുവശവും പന്തിയൊപ്പിച്ച് ഇടതൂർന്ന് നിൽക്കുന്ന മരങ്ങൾ നടപ്പാതക്കിരുവശവും വെട്ടി നിർത്തിയ പൂച്ചെടികൾ. റോഡിനപ്പുറം മുന്നുറോളം മീറ്റർ നീളത്തിൽ മൂന്ന് നിലയിൽ വലിയൊരു കെട്ടിടം അതിൽ വിവിധ വ്യാപാര സ്ഥാപനങ്ങൾ. എല്ലാ കടകളും ഗ്ലാസും സ്റ്റീലും ACP യുമൊക്കെ ഉപയോഗിച്ച് മനോഹരമാക്കിയിരിക്കുന്നു. കടകൾക്കെല്ലാം മോഡേൺ ലൈറ്റ് ബോർഡുകൾ. കടകളുടെ മുമ്പിൽ വലിയ പാർക്കിങ് ഏറിയയിൽ കൃത്യമായ അകലത്തിൽ പാർക്ക് ചെയ്തിരിക്കുന്ന അനവധി കാറുകൾ.

ആകെപ്പാടെ ഒരു യൂറോപ്യൻ നഗരത്തിൻ്റെ പ്രതീതി. ഗുജറാത്തിലെ ഗാന്ധിനഗർ പോലെയുള്ള ആസൂത്രിത നഗരങ്ങളിൽ ഞാൻ പോയിട്ടുണ്ടെങ്കിലും അതിനൊന്നുമില്ലാത്ത പ്രത്യേകത ഇതിനുണ്ട്. തൊണ്ണൂറ് ശതമാനം കെട്ടിടങ്ങൾക്കും മൂന്ന് നില മാത്രമാണുള്ളത്. ടെറാകോട്ട സിമിൻ്റ് ഗ്രേ,കറുപ്പ്,കളറുകളാണ് വ്യാപകമായി ഉപയോഗിച്ചിരിക്കുന്നത് ഇത് തന്നെ ഒരു പ്രത്യേക ഭാവം നൽകുന്നുണ്ട്. ഇന്ത്യയിലെ മെട്രോപൊളിറ്റ്യൻ സിറ്റികളിലെ തിരക്കേറിയ സാമ്പ്രാദായിക പോഷ് നഗരവുമായി ഇതിനൊരു സാമ്യവുമില്ല.

മുന്നോട്ട് പോകുന്തോറും മുമ്പ് കണ്ടതിൻ്റെ തനിയാവർത്തനം തന്നെ. ഒരേ പോലുള്ള മൂന്ന് നാല് സ്ക്വയറുകൾ പിന്നിട്ട് ഓട്ടോ ഒരു ഷോപ്പിങ് കോംപ്ലക്സിന് മുമ്പിൽ എന്നെ ഇറക്കി തിരികെപ്പോയി. സാംസങ് മുതൽ എല്ലാ മുൻ നിര കമ്പനികളുടെയും ഉല്പന്നങ്ങൾ വിൽക്കുന്ന അനവധി കടകൾ. 20,000 MAH ൻ്റെ പവ്വർ ബാങ്ക് വാങ്ങി. മുന്നിൽ കണ്ട റോഡിലൂടെ ചുമ്മാ നടന്നു. കൊടിതോരണങ്ങളോ ചുവരെഴുത്തോ ഫ്ലക്സ് ബോർഡുകളോ ഒന്നും തെരുവിലെവിടെയും കാണാനില്ല.

എവിടെയും മരങ്ങളുടെ സമൃദ്ധി വാഹനങ്ങൾ ഓടുന്നുണ്ടെങ്കിലും ആരും ഹോൺ മുഴക്കുന്നില്ല നിശബദമായ ഒരു പാർക്കിലൂടെ നടക്കുന്ന ഫീലിങ് എങ്ങോട്ട് പോയാലും ഒരേപോലത്തെ റോഡുകളും ജംഗ്ഷനുകളും. ആദ്യമായി വരുന്നവർക്ക് പരസഹായമില്ലാതെ പുറത്ത് കടക്കാനാവില്ലന്നുറപ്പ്. കുറെ നടന്ന് മടുത്തപ്പോൾ ഒരു ഷോപ്പിങ് കോംപ്ലക്സിലേക്ക് കയറി. മൂന്ന് നിലയിൽ നൂറ് മീറ്ററിലേറെ നീളമുള്ള വ്യാപാര സമുച്ചയമാണ്. മോളുകളിലേതിന് സമാനമായ പളപളപ്പുള്ള കടകൾ. KFCയും മക്ഡൊണാൾഡും ഡോമിനോസുമെല്ലാമുണ്ട്.

അതിന് മുന്നിലൂടെ ഫോട്ടോയെടുത്ത് നടക്കുമ്പോൾ സെല്ലാർ റെസ്റ്റോബാർ എന്നൊരു ബോർഡ് കണ്ടു. ഒരു നില താഴേക്ക് പടിയിറങ്ങി ബാറിലേക്ക് കയറി. രണ്ട് ജീവനക്കാർ മാത്രമുണ്ട് കസ്റ്റമേഴ്സ് ആരുമില്ല. അതിമനോഹരമായ ആമ്പിയൻസാണ് ഒരു മൂലയിൽ ഇരുന്ന് മെനു നോക്കി ഒരു ബിയറിന് 350 രൂപയാണ് ആ സെറ്റപ്പിൽ കൂടുതലാണന്ന് തോന്നിയില്ല 7 മണി വരെ ഹാപ്പി ഔവേഴ്സാണ് ഒന്നിനൊന്ന് ഫ്രീ. ഒരു ബിയർ പറഞ്ഞു വെയ്റ്റർ കൗണ്ടറിലുള്ള പുരാവസ്തു ലുക്കുള്ള ടാപ്പ് തുറന്ന് ഒരു മഗ്ഗിൽ ബിയർ നിറച്ച് കൊണ്ടുവന്നു . അര ലിറ്റർ കാണുമെന്ന് തോന്നി.

അതും കഴിച്ചിരുന്ന് ഗുഗിൾ ചെയ്ത് നോക്കുമ്പോളാണ് ചണ്ഡിഗഡിൻ്റെ രൂപീകരണത്തിൻ്റെ പ്രൗഡമായ ചരിത്രം ഞാനറിയുന്നത്. 1947-ലെ ഇന്ത്യയുടെ വിഭജനത്തോടെ പഴയ ബ്രിട്ടീഷ് പ്രവിശ്യയായ പഞ്ചാബ് രണ്ട് ഭാഗങ്ങളായി വിഭജിക്കപ്പെട്ടു. പഞ്ചാബി തലസ്ഥാനമായ ലാഹോർ ഉൾപ്പെടെയുള്ള വലിയ പടിഞ്ഞാറൻ ഭാഗം പാകിസ്ഥാനിലേക്ക് പോയി ഇന്ത്യക്ക് അനുവദിച്ച കിഴക്കൻ പഞ്ചാബിൽ പക്ഷേ ഭരണപരമോ വാണിജ്യപരമോ സാംസ്കാരികപരമോ ആയി പ്രധാന്യമുള്ള നഗരങ്ങൾ ഇല്ലാതെയും പോയിരുന്നു.

വിഭജനത്തിലൂടെ മുറിവേറ്റ പഞ്ചാബികളുടെ അത്മാഭിമാനത്തെ സുഖപ്പെടുത്താനും, പാകിസ്ഥാനിൽ നിന്ന് പലായനം ചെയ്ത ആയിരക്കണക്കിന് ഹിന്ദു സിഖ് അഭയാർത്ഥികൾക്ക് പാർപ്പിടമാക്കാനും തലസ്ഥാനമായി പുതിയതും ആധുനികവുമായ ഒരു നഗരം വേണമെന ജവഹർലാൽ നെഹൃവിൻ്റെ ദൃഡ നിശ്ചയത്തിൻ്റെ ഫലമാണ് ചണ്ഡിഗഡ് എന്ന സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ആസുത്രിത നഗരം.

സ്വിസ് ഫ്രഞ്ച് വാസ്തുശില്പിയും ചിത്രകാരനും നഗര ആസൂത്രകനും ആധുനിക വാസ്തുവിദ്യയുടെ തുടക്കക്കാരനുമായി കണക്കാക്കപ്പെടുന്ന ലെ കോർബ്യൂസിയറാണ് ചാണ്ഡിഗഡ് നഗരത്തിൻ്റെ ശില്പി. നെഹ്‌റുവിൻ്റെ സ്വപ്ന നഗരം നിർമ്മിക്കാനായി അദ്ദേഹം ആദ്യം കൊണ്ടു വന്ന അമേരിക്കൻ നഗര ആസൂത്രകനും വാസ്തുശില്പിയുമായ ആൽബർട്ട് മേയർ 1950-ൽ തന്റെ വാസ്തുശില്പ പങ്കാളി മാത്യു നോവിക്കി വിമാനാപകടത്തിൽ മരിച്ചതിനെ തുടർന്ന് പിന്മാറിയപ്പോൾ പകരം കൊണ്ടുവന്നതാണ് ലെ കോർബ്യൂസിയറെ.

രാജ്യ വിഭജന സമയത്ത് കിഴക്കും പടിഞ്ഞാറുമായി പഞ്ചാബ് വിഭജിക്കപ്പെട്ടപ്പോൾ പഞ്ചാബിന് ഒരു തലസ്ഥാനം ആവശ്യമായി വന്നപ്പോൾ കിഴക്കൻ പഞ്ചാബ് പ്രവിശ്യയുടെ ഭാഗമായിരുന്നു ചണ്ഡിഗഡ്. 1952-ൽ നഗരത്തിൻ്റെ തറക്കല്ലിടൽ നടന്നു. 1960 ൽ നഗരത്തിൻെ നിർമ്മാണം മിക്കവാറും പൂർത്തിയായി, പിന്നിട് 1966-ൽ പഞ്ചാബ്, ഹരിയാന, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങൾ പുനഃ സംഘടിപ്പിച്ചപ്പോൾ ചണ്ഡിഗഡ് പഞ്ചാബിൻ്റെയും ഹരിയാനയുടെയും സംയുക്ത തലസ്ഥാന നഗരവും കേന്ദ്ര ഭരണ പ്രദേശവുമായി മാറി.

ഇന്ന് രാത്രി ഷിംലയിൽ എത്താനായിരുന്നു ഞാൻ തീരുമാനിച്ചിരുന്നതെങ്കിലും ഈ നഗരത്തെ വിശദമായി കാണണമെന്ന തീരുമാനത്തിൽ ഞാനന്നവിടെ മുറിയെടുത്തു. പിറ്റേന്ന് രാവിലെ വീണ്ടും നഗരത്തിലേക്കിറങ്ങി. 114 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള നഗരത്തെ 56 സെക്ടറുകളായി തിരിച്ചിരിക്കുന്നു. ഒന്നര ചതുരശ്ര കിലോമീറ്റർ വിസൃതിയിൽ നിർമ്മിച്ചിരിക്കുന്ന ഓരോ സെക്ടറുകളിലും ഭവന സമുച്ചയങ്ങളും സ്കൂളുകളും ഷോപ്പിങ് കോംപ്ലക്സും ആശുപത്രിയും അഡ്മിനിസ്ട്രേറ്റീവ് മന്ദിരങ്ങളുമൊക്കെയുണ്ട്.

മന്ത്രിമാർ ബ്യൂറോക്രാറ്റുകൾ, വിരമിച്ച സൈനിക ഓഫിസർമാർ മറ്റ് സ്വാധീനമുള്ള വ്യക്തികൾ തുടങ്ങിവരെല്ലാം താമസിക്കുന്ന ഇവിടെ ലക്ഷങ്ങൾ മുതൽ കോടികൾ വരെയാണ് ഒരു സെൻറിന് സ്ഥല വില.നഗരത്തെയാകെ ഒരു മനുഷ്യ ശരീരമായി സങ്കല്പിച്ചാണ് രൂപ കല്പന ചെയ്തിരിക്കുന്നത്. നിയമനിർമ്മാണ സഭയും ഹൈക്കോടതിയുമിരിക്കുന്ന ക്യാപിറ്റോൾ കോംപ്ലക്സാണ് ശിരസ്ഥാനം.നഗര കേന്ദ്രമാണ് ഹൃദയം. ബൗദ്ധിക കേന്ദ്രം സർവകലാശാലയും പാർക്കുകളും തുറസ്സായ ഇടങ്ങളും ശ്വാസകോശമായും റോഡുകളുടെ ശൃംഖലയെ ധമനികളായും ആന്തരവയവങ്ങൾ വ്യവസായ മേഖലയായും കണക്കാക്കിയിരിക്കുന്നു.

വ്യാവസായിക മേഖലയും പാർപ്പിട മേഖലയയും വേർതിരിരിക്കാൻ മാവും മറ്റ് ഫലവൃക്ഷങ്ങളും നട്ടുപിടിപ്പിച്ച വനംപോലൊരു ഗ്രീൻബെൽറ്റ് നിർമ്മിച്ചിരിക്കുന്നു. ഗുഗിൾ മാപ്പിൻ്റെ സഹായത്തിൽ കാപ്പിറ്റോൾ കോപ്ലക്സിന് സമീപത്തെ സ്ക്വയറിലെത്തിയപ്പോൾ പോലീസ് പിക്കറ്റിലും റോഡിലുമായി പത്തോളം പോലിസുകാർ സ്റ്റെൻ ഗണ്ണുമായി നിൽക്കുന്നു. അതിലൊരാൾ അടുത്തേക്ക് വന്ന് ഇനി മുന്നോട്ട് പോകാൻ പാസ് വേണമെന്നും തൊട്ടടുത്തുള്ള ടൂറിസം ഓഫിസ് ചൂണ്ടിക്കാണിച്ച് അവിടെ നിന്ന് ലഭിക്കുമെന്നുമറിയിച്ചു.

അവിടേക്ക് ചെന്നു വൃത്തിയായി സംരക്ഷിക്കുന്ന ഓഫിസ്. രണ്ട് ജീവനക്കാർ മാത്രമേയുള്ളു. ഗൈഡില്ലാതെ കാപിറ്റോൾ കോപ്ലക്സ് കാണാൻ അനുമതിയില്ലന്നും അഞ്ച് സന്ദർശകരുണ്ടെങ്കിൽ ഗൈഡിനെ അയയക്കാമെന്നുമറിയിച്ചു. നിലവിൽ ഞാൻ മാത്രമേയുള്ളു പാസിനായി ആധാർ കാർഡിൻ്റെ കോപ്പി മെയിൽ ചെയ്ത് നൽകി പതിനഞ്ച് മിനിറ്റ് കാത്തിരുന്നിട്ടും ആരും വന്നില്ല. പിന്നെ ആരെയും കാത്ത് നിൽക്കാതെ ചെറുപ്പക്കാരനായ ഒരു ഗൈഡും തോക്കേന്തിയ ഗാർഡും എന്നെയും കൂട്ടി കാപിറ്റോൾ കോപ്ലക്സിലേക്ക് നടന്നു.

(തുടരും)

Share

Share your thoughts on this news with us. We value and appreciate your feedback.

Featured

More News