ലോകം അനുദിനം ചുട്ട് പഴുത്തു കൊണ്ടിരിക്കുകയാണെന്ന് ഞെട്ടിക്കുന്ന റിപ്പോർട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്. ആഗോള താപനത്തിൻ്റെ ആഘാതങ്ങളാണ് ഇപ്പോൾ പുറത്ത് വന്ന റിപ്പോർട്ടുകൾ. ഭൂമിയിൽ ഇതുവരെ രേഖപ്പെടുത്തിയ കഠിനമായ ചൂടുള്ള അഞ്ചാമത്തെ ജനുവരിയാണ് ഇക്കഴിഞ്ഞ് പോയതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
യൂറോപ്യൻ യൂണിയൻ്റെ കാലാവസ്ഥാ നിരീക്ഷണ ഏജൻസിയായ കോപ്പർനിക്കസ് ക്ലൈമറ്റ് ചേഞ്ച് സർവീസാണ് ഇത് സംബന്ധിച്ച പുതിയ കണക്കുകൾ പുറത്തുവിട്ടത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ചൂടിൽ നേരിയ കുറവുണ്ടായെങ്കിലും, വ്യാവസായിക വിപ്ലവത്തിന് മുമ്പുള്ള ശരാശരി താപനിലയേക്കാൾ 1.41 ഡിഗ്രി സെൽഷ്യസ് കൂടുതലായിരുന്നു ഇക്കഴിഞ്ഞ ജനുവരിയിൽ അനുഭവപ്പെട്ടത്.
ലോകത്ത് മനുഷ്യൻ്റെ ഇടപെടലുകൾ കൊണ്ടുണ്ടാക്കിയ പ്രത്യാഘാതങ്ങളാണ് ഇത് എന്നാണ് പഠനങ്ങളും പറയുന്നത്. മനുഷ്യ നിർമ്മിതമായ ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളലാണ് ഈ മാറ്റത്തിന് പ്രധാന കാരണം.
മിക്ക രാജ്യങ്ങളിലും ശരാശരിയിലും ഉയർന്നതായിരുന്നു രേഖപ്പെടുത്തിയ ചൂട്. ഉത്തരാർദ്ധ ഗോളത്തിലെ രാജ്യങ്ങളിൽ ശരാശരിയേക്കാൾ ഉയർന്ന ചൂടാണ് ഇത്തവണ ജനുവരിയിൽ അനുഭവപ്പെട്ടത്. കഴിഞ്ഞ പന്ത്രണ്ട് മാസത്തിനിടയിലെ ശരാശരി ആഗോള താപനില പാരീസ് ഉടമ്പടി ലക്ഷ്യമിട്ട 1.5 ഡിഗ്രി സെൽഷ്യസ് പരിധി മറികടന്നതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഇനിയും താപനില ഉയരാനുള്ള സാധ്യതകളും പറയുന്നുണ്ട്. വരും വർഷങ്ങളിൽ കാലാവസ്ഥാ വ്യതിയാനം കൂടുതൽ തീവ്രമാകുമെന്നും അടിയന്തര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു.























