ബ്രിട്ടീഷ് ഗ്രന്ഥശാല സംഘം കൊണ്ടോട്ടി മോയിൻകുട്ടി വൈദ്യർ അക്കാദമിയിൽ അതിഥികളായി എത്തി. കേരളത്തിലെ മധ്യകാല ചരിത്രത്തെ സംബന്ധിച്ച വിലയേറിയ മലയാളം, സംസ്‌കൃതം, അറബി, മലയാളം പുരാരേഖകൾ ലണ്ടനിലെ ലൈബ്രറിയിൽ സംരക്ഷിക്കുന്നുണ്ട്. ഇവ പുതുതലമുറയിലെ ഗവേഷകർക്ക് പരിചയപ്പെടുത്തുന്നതിന് ആണ് സംഘമെത്തിയത്.
സ്വർണ തകിടിൽ സാമൂതിരിയും ഡച്ചുകാരും 1691ൽ തയ്യാറാക്കിയ ഉടമ്പടിയും, 1710ൽ തയ്യാറാക്കിയ വെള്ളിയിൽ നിർമ്മിച്ച ഉടമ്പടിയും അടക്കം നിരവധി രേഖകൾ കേരളത്തിൻ്റെ ചരിത്രത്തെ സംബന്ധിച്ച് ബ്രട്ടീഷ് ലൈബ്രറി സൂക്ഷിക്കുന്നുണ്ട്. ഷേക്‌സ്‌പിയർ കൃതികളുടെ പത്തോളം മലയാളം വിവർത്തനങ്ങളും ഇക്കൂട്ടത്തിലുണ്ട്.
ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭരണകാലത്ത് ഭരണ ആവശ്യത്തിനായി ബ്രട്ടീഷ് ഉദ്യോഗസ്ഥർ ശേഖരിച്ച സംസ്‌കൃതം, ടിബറ്റൻ ഭാഷകളിലും വിവിധ ഇന്ത്യൻ ഭാഷകളിലും എഴുതപ്പെട്ട പ്രമാണ രേഖകൾ ഇന്ത്യൻ സംസ്‌കാരത്തിൻ്റെയും ചരിത്രത്തിൻ്റെയും ഗവേഷണത്തിന് ഉപയോഗ പ്രദമാവും. അക്കാദമിയുടെ ഗവേഷണ ഗ്രന്ഥാലയത്തിലുള്ള 1500 ഓളം വരുന്ന അറബി മലയാളം ഗ്രന്ഥങ്ങളുടെ ശേഖരം ബ്രിട്ടീഷ് ലൈബ്രറി പ്രതിനിധികൾ പരിശോധന നടത്തി.
ബ്രിട്ടീഷ് ലൈബ്രറിയുടെ ശേഖരത്തിലുള്ള അറബി മലയാള ഗ്രന്ഥങ്ങളും അക്കാദമിയിൽ ഉള്ള അറബി മലയാളം ഗ്രന്ഥങ്ങളും ഗവേഷകർക്ക് ലഭ്യമാക്കുന്നതിനുള്ള സാധ്യതകൾ സംബന്ധിച്ചു രണ്ട് സ്ഥാപനത്തിൻ്റെ പ്രതിനിധികളും ചർച്ച നടത്തി. അക്കാദമിയിലെ ചരിത്ര സംസ്‌കാരിക മ്യൂസിയം, മലബാർ കലാപം ഫോട്ടോ ഗാലറി എന്നിവയും അതിഥികൾ കണ്ടു.