19 May 2024

മൂന്നാം സീറ്റ് മുന്നണി മാറ്റത്തിനോ? ലീഗിന്റെ ഉള്ളിലെന്ത് ?

ബഹുഭൂരിപക്ഷം അണികളും എതിര്‍ക്കുന്നത് കൊണ്ട് തന്നെ നേതാക്കള്‍ മാത്രം വിചാരിച്ചാല്‍ ഇടതുപക്ഷത്തേക്കുള്ള നീക്കം ലീഗിന് അത്ര എളുപ്പമായിരുന്നില്ല.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ മൂന്നാം സീറ്റ് ആവശ്യം കടുപ്പിച്ചുകൊണ്ടുള്ള ലീഗിന്റെ നിലപാട് മുന്നണി മാറ്റത്തിനുള്ള നിലമൊരുക്കല്‍ കൂടിയാവുകയാണോ? മൂന്നാം സീറ്റില്ലെങ്കില്‍ പരസ്യമായി പ്രതിഷേധിക്കുമെന്നാണ് മുസ്ലിം ലീഗ് നേതൃത്വം അറിയിക്കുന്നത്. യുഡിഎഫ് യോഗം ബഹിഷ്‌കരിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കടുത്ത തീരുമാനങ്ങളിലേക്ക് പോകുമെന്ന ലീഗ് നിലപാടില്‍ കോണ്‍ഗ്രസും സമ്മര്‍ദ്ദത്തിലാവുകയാണ്. കോണ്‍ഗ്രസിനൊപ്പം ഇനിയും തുടര്‍ന്നിട്ട് ലീഗിന് പ്രയോജനമൊന്നുമില്ലെന്നത് അണികളെ കൂടി ബോധ്യപ്പെടുത്തി അതുവഴി മുന്നണിമാറ്റത്തിന് അനുയോജ്യമായ അന്തരീക്ഷമൊരുക്കാനാണ് ലീഗ് നേതൃത്വം ശ്രമിക്കുന്നതെമന്ന തരത്തിലുള്ള നിരീക്ഷങ്ങള്‍ ഉയരുന്നുണ്ട്.

ഓരോ ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്തും മുസ്ലീം ലീഗിന്റെ മൂന്നാം സീറ്റ് ആവശ്യം ഉയരാറുണ്ട്. ഇത്തവണയും വിവാദം ശക്തമാണ്. ലീഗിലെ പ്രബലരായ നേതാക്കളില്‍ പലരും സ്വപ്നം കാണുന്ന മുന്നണി മാറ്റത്തിന് അനുകൂലമായ സാഹചര്യം പാര്‍ട്ടി അണികള്‍ക്കിടയില്‍ രൂപപ്പെടുത്താന്‍ സാധിച്ചിരുന്നില്ല. ഈ ഘട്ടത്തിലാണ് വര്‍ഷങ്ങളായി തങ്ങളുയര്‍ത്തുന്ന മൂന്നാം സീറ്റ് എന്ന ആവശ്യം ഇനിയും അംഗീകരിക്കാത്ത കോണ്‍ഗ്രസിനൊപ്പം ഇനിയും തുടരേണ്ടതുണ്ടോ എന്ന തരത്തിലുള്ള വികാരം അണികള്‍ക്കിടയില്‍ രൂപപ്പെടുത്തിയെടുക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നത്.

നേരത്തെ ബഹുഭൂരിപക്ഷം അണികളും എതിര്‍ക്കുന്നത് കൊണ്ട് തന്നെ നേതാക്കള്‍ മാത്രം വിചാരിച്ചാല്‍ ഇടതുപക്ഷത്തേക്കുള്ള നീക്കം ലീഗിന് അത്ര എളുപ്പമായിരുന്നില്ല. അണികളെ കൂടി പാകപ്പെടുത്തി അതിലേക്കുള്ള വഴിവെട്ടല്‍ പ്രക്രിയയുടെ ആദ്യ ഭാഗങ്ങളില്‍ ഒന്നാണ് യഥാര്‍ത്ഥത്തില്‍ ഇത്തവണത്തെ മൂന്നാം സീറ്റ് വിവാദമെന്നാണ് നിരീക്ഷണങ്ങള്‍. മുന്നണിയിലെ രണ്ടാമത്തെ കക്ഷിയായിട്ടും അര്‍ഹിക്കുന്ന സ്ഥാനങ്ങള്‍ നല്‍കാതെ ലീഗിനെ കോണ്‍ഗ്രസ് അവഗണിക്കുന്നുവെന്ന പരാതി ലീഗിന് നേരത്തെ തന്നെയുണ്ട്. അര്‍ഹതയുണ്ടെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ പലവട്ടം പറഞ്ഞിട്ടും മൂന്നാം സീറ്റ് നല്‍കാത്ത കോണ്‍ഗ്രസിന്റെ നിലപാടില്‍ ലീഗിനകത്തെ ഒരു വിഭാഗത്തിന് കനത്ത അമര്‍ഷവുമുണ്ട്. കോണ്‍ഗ്രസ് ലീഗിനെ അവഗണിക്കുന്നു എന്ന വികാരം ആളികത്തിച്ച് പ്രവര്‍ത്തകരിലേക്ക് കൂടി എത്തിച്ചാല്‍ മുന്നണി മാറ്റം എന്നത് പാര്‍ട്ടിയുടെ പൊതു ആവശ്യമായി ഉയര്‍ന്ന് വരുമെന്നതാണ് ഇപ്പോഴത്തെ മൂന്നാം സീറ്റ് വിവാദത്തിന്റെ പിന്നിലെ ചാണക്യ തന്ത്രമെന്നാണ് കരുതപ്പെടുന്നത്.

കോണ്‍ഗ്രസിന്റെ അവഗണന ഒരു ഭാഗത്തും സിപിഐഎം മുന്നോട്ട് വെക്കുന്ന ഓഫറുകള്‍ മറുഭാഗത്തും വരുമ്പോള്‍ മുന്നണി മാറ്റം ഇന്നല്ലെങ്കില്‍ നാളെ സാധ്യമാകുമെന്ന് തന്നെയാണ് ലീഗ് നേതൃത്വത്തില്‍ ചിലരുടെ കണക്കുകൂട്ടല്‍. നാല് ലോക്‌സഭാ സീറ്റും മുപ്പത് നിയമസഭാ സീറ്റുകളും ലീഗിന് ഓഫര്‍ ചെയ്താണ് സിപിഎമ്മിന്റെ കാത്തിരിപ്പെന്നാണ് ലീഗിലെ തന്നെ സ്വകാര്യ സംസാരം.

Share

Share your thoughts on this news with us. We value and appreciate your feedback.

Featured

More News