പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് മൂത്രാശയ രോഗങ്ങള്‍ കൂടുതലായി കണ്ടുവരുന്നത്. സ്ത്രീകളുടെ മൂത്രാശയത്തിൻ്റെ സങ്കീര്‍ണഘടനയാണ് ഇതിൻ്റെ പ്രധാനകാരണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. മൂത്രം ശേഖരിക്കുകയും പുറന്തള്ളുന്നതുവരെ നിയന്ത്രിച്ച് നിര്‍ത്തുക എന്നാണ് മൂത്രാശയത്തിൻ്റെ പ്രധാന ധര്‍മ്മം. സ്ത്രീകളില്‍ ഇടുപ്പ് (pelvic area) ഭാഗത്തായാണ് മൂത്രാശയം സ്ഥിതിചെയ്യുന്നത്.
വളരെ ചെറിയ മൂത്രനാളമാണ് സ്ത്രീകളില്‍ കാണപ്പെടുന്നത്. നാല് മുതല്‍ അഞ്ച് സെന്റീമീറ്റര്‍ വരെ വലിപ്പമുള്ളവയാണിവ. ഇതുതന്നെയാണ് സ്ത്രീകളില്‍ മൂത്രാശയ രോഗങ്ങള്‍ കൂടുതലാകാനുള്ള പ്രധാനകാരണവും. ഈ വിഷയത്തെപ്പറ്റി വിശദമായി സംസാരിക്കുകയാണ് നെഫ്രോളജിസ്റ്റായ ഡോ. പ്രീതി ബന്‍സാല്‍
മൂത്രാശയ രോഗങ്ങള്‍ക്ക് കാരണം?
പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകളുടെ ഇടുപ്പ് അഥവാ പെല്‍വിക് ഭാഗത്ത് ഗര്‍ഭപാത്രം, അണ്ഡാശയം, ഫാലോപിയന്‍ ട്യൂബ് തുടങ്ങിയ സങ്കീര്‍ണ്ണ ഘടനകള്‍ സ്ഥിതി ചെയ്യുന്നുണ്ട്. സ്ത്രീകളുടെ മൂത്രനാളം വളരെ ചെറുതാണ്. മൂത്രാശയത്തിന് തൊട്ടുതാഴെയാണ് മലദ്വാരവും സ്ഥിതി ചെയ്യുന്നത്. അതായത് സ്ത്രീകളില്‍ ഗര്‍ഭാശയവും മലദ്വാരവും മൂത്രനാളിയും ഏറെക്കുറെ അടുത്തടുത്താണ് സ്ഥിതി ചെയ്യുന്നത്. ഇതെല്ലാം തന്നെ അണുബാധ ഏല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നുവെന്ന് ഡോ. പ്രീതി ബന്‍സാല്‍ പറയുന്നു.
കൂടാതെ ആര്‍ത്തവ സമയത്തുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനം പെല്‍വിക് പ്രദേശത്തെ പിഎച്ച് നിലയിലും കാര്യമായ ഏറ്റക്കുറച്ചിലുണ്ടാക്കും. ഇതെല്ലാം മൂത്രാശയത്തില്‍ അണുബാധ ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കും. പ്രസവം കഴിഞ്ഞ സ്ത്രീകളില്‍ മൂത്രാശയത്തിലെ മസിലുകള്‍ കൂടുതല്‍ ദുര്‍ബലമാകും. പ്രായമാകുമ്പോഴും ഈ പ്രശ്‌നം രൂക്ഷമാകും.
അണുബാധ ഏല്‍ക്കാന്‍ സാധ്യതയുള്ളവര്‍
സജീവമായ ലൈംഗിക ജീവിതം നയിക്കുന്ന സ്ത്രീകളില്‍ മൂത്രാശയ അണുബാധയുണ്ടാകാന്‍ സാധ്യത കൂടുതലാണെന്ന് ഡോ. പ്രീതി ബന്‍സാല്‍ പറഞ്ഞു. ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ മൂത്രാശയത്തിന് സമീപത്തെ അസിഡിറ്റി കുറയും. ഇത് സൂക്ഷ്‌മ ജീവികളുടെ വളര്‍ച്ചയ്ക്ക് കാരണമാകും. ബാക്ടീരിയ പെരുകുമ്പോള്‍ മൂത്രനാളിയിലെ വാല്‍വ് നീരുവെച്ച് വീര്‍ക്കും.
ഈ അവസ്ഥയെ സിസ്റ്റിറ്റിസ് (cystitis)എന്നാണ് പറയുന്നത്. ഈ അണുബാധ മൂത്രം പിടിച്ചുവെയ്ക്കാനുള്ള മൂത്രാശയത്തിൻ്റെ കഴിവ് ഇല്ലാതാക്കും. കൂടാതെ കടുത്ത വേദനയും അനുഭവപ്പെടും. ചില അവസരങ്ങളില്‍ മൂത്രം പുറത്തേക്ക് പോകുന്നത് നിയന്ത്രിക്കാന്‍ കഴിയാതെയും വരും. കൂടാതെ മൂത്രമൊഴിക്കാതെ തടഞ്ഞു വെയ്ക്കുന്നതും മൂത്രാശയ രോഗങ്ങള്‍ വരാന്‍ കാരണമാകും.
പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ എന്തെല്ലാം?
മൂത്രാശയ ശുചിത്വത്തിന് സ്ത്രീകള്‍ പ്രാധാന്യം നല്‍കണമെന്ന് ഡോ. പ്രീതി ബന്‍സാല്‍ പറഞ്ഞു. 20- 25 വയസ് കഴിഞ്ഞ സ്ത്രീകളിലാണ് കൂടുതലായും മൂത്രാശയ രോഗങ്ങള്‍ കണ്ടുവരുന്നത്. അതിനാല്‍ ഈ വിഭാഗത്തിലുള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കണം. മൂത്രമൊഴിച്ച ശേഷം ജനനേന്ദ്രിയം വൃത്തിയായി കഴുകാന്‍ ശ്രദ്ധിക്കണം.
മൂത്രമൊഴിക്കാതെ തടഞ്ഞു വെയ്ക്കുന്നത് സ്ഥിതി കൂടുതല്‍ ഗുരുതരമാക്കുമെന്ന് ഓര്‍ക്കണം. മലമൂത്ര വിസര്‍ജനത്തിന് ശേഷം ജനനേന്ദ്രിയ ഭാഗങ്ങള്‍ ശുചിയാക്കുന്നതിലൂടെ മാത്രമെ ഇത്തരം രോഗങ്ങളെയും അണുബാധകളെയും നിയന്ത്രിക്കാന്‍ സാധിക്കൂവെന്ന് ഡോ. പ്രീതി ബന്‍സാല്‍ പറയുന്നു.
നാലാമിടം.ഇൻ വാർത്തകൾ വാട്‌സ്ആപ്പിൽ ലഭ്യമാണ്: https://chat.whatsapp.com/JmHsAerjLkJCTZzScJzvcc
A platform https://nalamidam.net/ for people who are looking for news and insights that are not influenced by political or corporate agendas. Its commitment to ethical and humane journalism has helped it become a trusted source of news and insights for its readers.