| എമ്മെസ് ഷൈജു
പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ മൂല കാരണം ഇസ്രായേലാണ്. ലോകത്തെ വൻ ശക്തികളിലൊന്നായി കുതിക്കുന്ന ഇസ്രായേലുമായി നേർക്ക് നേരെ ഒരു പോരാട്ടത്തിനോ ശത്രുതക്കോ ഒരു അറബ് രാജ്യത്തിനും താത്പര്യമില്ല. അറബ് രാജ്യങ്ങളൊക്കെ എന്നേ ഇസ്രായേലുമായുള്ള പോരാട്ടത്തിൽ നിന്ന് പിൻവാങ്ങിയവരാണ്. ഇപ്പോൾ അവരുടെ പലസ്തീൻ ഐക്യദാർഢ്യം അങ്ങോട്ടേക്ക് കുറെ പണം കൊടുക്കൽ മാത്രമാണ്. പിന്നെ ഇടക്കിടക്കുള്ള പ്രസ്താവനകളും.
ഇസ്രായേലിനോട് ശത്രുതയ്ക്ക് താത്പര്യമില്ലെന്ന് മാത്രമല്ല, ഇന്ന് അവരൊക്കെ ആ രാജ്യവുമായി ഒരു നയതന്ത്ര ബന്ധം ആഗ്രഹിക്കുകയും ചെയ്യുന്നുണ്ട്. കുറ്റബോധവും ജാള്യതയും കൊണ്ട് മാത്രമാകണം പലരും നേർക്ക് നേരെ ഇസ്രായേലുമായി ഒരു നയതന്ത്രത്തിന് ഇനിയും തുനിയാത്തത്. ഈജിപ്തും, ജോർദാനും, യുഎഇ യുമൊക്കെ ഈ ജാള്യത മറികടന്ന് ഇസ്രായേലുമായി നയതന്ത്ര ബന്ധം പുലർത്തുന്നവരാണ്. അവരെയൊന്നും ഇക്കാര്യത്തിൽ കുറ്റം പറയാൻ കഴിയില്ല. കാരണം, ആധുനിക ദേശരാഷ്ട്ര വ്യവസ്ഥക്കുള്ളിൽ നയതന്ത്ര ബന്ധങ്ങൾ എന്നത് രാജ്യങ്ങൾക്ക് അനിവാര്യമായതാണ്. അതാണ് ലോക സാഹചര്യം.
അതായത്, നാം മനസിലാക്കേണ്ടത് ഇത്ര മാത്രമാണ്. ഇസ്രായേൽ എങ്ങനെ രൂപപ്പെട്ടു എന്നതിലെ അനീതിയും മനുഷ്യത്വ വിരുദ്ധതയും ഇവിടെ നില നിൽക്കുമ്പോൾ തന്നെ കഴിഞ്ഞ എഴുപത്തിയെട്ട് വർഷങ്ങൾ കൊണ്ട് ആ രാജ്യം അവഗണിക്കാൻ കഴിയാത്ത ഒരു ലോക ശക്തിയായി വളർന്ന് ഇവിടെ നിൽക്കുന്നുണ്ട് എന്ന യാഥാർത്ഥ്യം കൂടി നാം ഉൾക്കൊള്ളേണ്ടതുണ്ട്.
ഇസ്രായേൽ പശ്ചിമേഷ്യയിലെ മറ്റ് രാജ്യങ്ങളുമായി നയതന്ത്രത്തിലേക്ക് വരിക എന്നത് മാത്രമാണ് ഇസ്രായേൽ – പലസ്തീൻ സംഘർഷങ്ങളുടെ പരിഹാരം. അത് പലസ്തീനിലൂടെ സംഭവിക്കില്ല. കാരണം അവർക്ക് ഇന്ന് നേതാക്കളില്ല. യാസർ അറാഫത്ത് – എഡ്വേർഡ് സെയ്ദ് ദ്വയങ്ങൾ ചേർന്ന് നിന്ന ശക്തമായ ഒരു കാലഘട്ടത്തിൽ പോലും ഇസ്രായേലുമായി നയതന്ത്രം നടത്തി പലസ്തീന് പ്രശ്ന പരിഹാരം സാധ്യമായിട്ടില്ല. ഒരു വിഭാഗം വിട്ട് വീഴ്ചക്കും മറു വിഭാഗം അക്രമത്തിനും തുനിഞ്ഞ് നിൽക്കുമ്പോൾ എങ്ങനെ നയതന്ത്രം സാധ്യമാകും?
അറബ് രാഷ്ട്രങ്ങളുമായി ഇസ്രായേൽ നടത്തിയിട്ടുള്ള യുദ്ധങ്ങളാണ് അവരെ ഇത്ര മാത്രം ഹുങ്കുള്ളവരാക്കി മാറ്റിയത്. അവരോട് ഏറ്റ് മുട്ടാൻ വന്ന അറബ് രാജ്യങ്ങളെല്ലാം ദയനീയമായ നിലയിൽ പിന്തിരിഞ്ഞ് പോകുകയായിരുന്നല്ലോ. അറബ് ജനതയും അറബ് രാഷ്ട്രങ്ങളുമായും മാത്രമേ ഇസ്രായേൽ യുദ്ധം ചെയ്തിട്ടുള്ളൂ. അതൊന്നും ഇസ്രായേലിന് മേൽ ഒരു സമ്മർദ്ധവുമുണ്ടാക്കാൻ പോന്നതായിരുന്നില്ല. ഇപ്പോഴതല്ല സ്ഥിതി. നല്ല ഹോട്ടലിൽ നിന്ന് അവരിത് വരെ ഊണ് കഴിച്ചിരുന്നില്ല എന്ന് സാരം.
ഇറാനുമായി ഇപ്പോൾ അവരാരംഭിച്ച യുദ്ധം ഇസ്രായേലിനെ പലതും പഠിപ്പിക്കുന്നുണ്ട്. യുദ്ധാനന്തരം ഇറാന് എന്ത് സംഭവിക്കുമെന്ന് പറയാൻ കഴിയില്ല. ഒന്നും സംഭവിക്കില്ല എന്നാണ് ഇപ്പോഴും തോന്നുന്നത്. വല്ലതും സംഭവിച്ചാൽ അത് ഇസ്രായേലിന് കൂടി വേദനിക്കുന്ന നിലയിലാകും എന്ന കാര്യം ഉറപ്പാണ്. ഒരു രാഷ്ട്രം എന്ന നിലയിൽ സംഘർഷങ്ങളിൽ നിന്ന് ഒഴിഞ്ഞ് സ്വസ്ഥമായ ഒരു സാഹചര്യം ബാഹ്യമായും ആഭ്യന്തരമായും ഉണ്ടാകണമെന്ന് ഇസ്രായേലിനും താത്പര്യമുണ്ടാകാതിരിക്കില്ല. അതൊക്കെ കൊണ്ട് ഇസ്രായേലും ഇറാനും ഇപ്പോൾ നടത്തുന്ന യുദ്ധം ഇസ്രായേലിൻ്റെ പല സമീപനങ്ങളെയും തിരുത്താൻ കാരണമായേക്കും.
ഒരു പക്ഷെ ഇസ്രായേൽ – പലസ്തീന് സംഘർഷങ്ങൾ പോലും ഗുണപരമായ ഒരു നിലയിലേക്ക് മാറാൻ ഇപ്പോഴത്തെ സംഘർഷങ്ങൾ സൃഷ്ടിക്കുന്ന അനന്തര ഫലങ്ങളും അതിൻ്റെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളും കാരണമായേക്കാം. കാരണം, ഇസ്രായേൽ ഇപ്പോൾ കഴിക്കുന്ന ഊണ് അറബികളുടെ ഹോട്ടലിൽ നിന്നല്ല. അത് ഇസ്രായേലും അറിയുന്നുണ്ടാകും.























