| ഹരിമോഹൻ
കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ ഒരു നൂലിഴയുടെയെങ്കിലും കനത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എന്ന വ്യക്തിയെയോ രാഷ്ട്രീയ പ്രവർത്തകനെയോ പിന്തുണയ്ക്കാൻ വ്യക്തിപരമായി കഴിഞ്ഞിരുന്നില്ല. ഒരുപാട് ജീവിത സാക്ഷ്യങ്ങളുമായി നേരിട്ട് പരിചയമുള്ളതുകൊണ്ടുതന്നെയാണ് ഈ നിലപാടെടുത്തതും. അടിമുടി പെർവെർട്ടായ ഒരാൾ എന്നെങ്കിലും ഏവരുടെയും മുൻപിൽ തെളിഞ്ഞുവരുമെന്ന പ്രതീക്ഷ വെച്ചുപുലർത്തിയിരുന്നു.
വൈകിയെങ്കിലും ജനപ്രതിനിധിയുടെ പരമാവധി സാധ്യതകളിലേക്ക് അയാൾ പോകും മുൻപതുണ്ടായി എന്നത് ഏറെ സന്തോഷകരമാണ്. അതുകൊണ്ടുതന്നെയാണ് സമീപകാല കേരളാ രാഷ്ട്രീയത്തിലെ ഏറ്റവും വൃത്തിയുള്ള ഒന്നായി രാഹുലിന്റെ രാജി ആവശ്യപ്പെടാനുള്ള കോൺഗ്രസ് നിലപാടിനെ ഞാൻ കാണുന്നത്.
പരിചയപ്പെടുന്ന ഏത് സ്ത്രീയും ഒരു ശരീരം മാത്രമാണെന്നും അതൊരു ഉപഭോഗ വസ്തുവാണെന്നും മാത്രം ചിന്തിക്കാൻ ശേഷിയുള്ള മനുഷ്യരൂപം മാത്രമാണ് രാഹുൽ എനിക്ക് കഴിഞ്ഞ കുറേ നാളുകളായി.
ആദ്യ ഒന്നോ രണ്ടോ അനുഭവങ്ങൾ കേൾക്കുമ്പോൾ അതിനെ സോ കോൾഡ് കോഴിത്തരമായി തള്ളിക്കളയാൻ തോന്നിയിരുന്നെങ്കിലും പിന്നീട് അത് ഫ്ലർട്ടിങ്ങും പിന്നിട്ട ഒരു മനോനിലയാണെന്ന തിരിച്ചറിവിലേക്കെത്തി. ഈ മനോനിലയിൽ ജീവിക്കാൻ എല്ലാത്തരം സാധ്യതകളും പ്രയോജനപ്പെടുത്തുകയായിരുന്നു ഇക്കാലമത്രയും അയാൾ. അതിന് വേണ്ടി തന്റെ പ്രസ്ഥാനം നൽകിയ എല്ലാ പദവികളും അംഗീകാരങ്ങളും അവസരങ്ങളും അയാൾ ഉപയോഗിച്ചു. ഉഭയസമ്മത പ്രകാരമുള്ള ബന്ധങ്ങളിൽപ്പോലും ഒരു റേപ്പിസ്റ്റിന്റെ മനോനില സ്വീകരിക്കുക എന്നതാണ് അയാളുടെ രീതി.
പുറത്തുവന്നത് കേവലം മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ്. ഒരു കാര്യം തെറ്റാണെന്ന ബോധ്യമുണ്ടായിട്ടും അതാവർത്തിക്കുമ്പോൾ അബദ്ധമോ വകതിരിവില്ലായ്മയോ അല്ലാതെയായി അത് മാറുകയാണ്. ഇങ്ങനെ തന്നെയേ ഞാൻ ജീവിക്കൂ എന്നത് അയാളുടെ മാത്രം തീരുമാനമായിരുന്നു. ആ തീരുമാനത്തിൽ അങ്ങേയറ്റം ധാർഷ്ട്യവും ആത്മവിശ്വാസവും അയാൾക്കുണ്ടായിരുന്നു.
ഇക്കാലമത്രയും അയാൾക്ക് സംരക്ഷണം തീർത്തവർ കൂടി ഇവിടെ പാപഭാരമേൽക്കണം. അത്ര പെട്ടെന്ന് കൈകഴുകി പോകാൻ കഴിയില്ല. കൂടുതൽ ഇരകളെ കണ്ടെത്താനും ഭയമേതുമില്ലാതെ പൊതുരാഷ്ട്രീയ, സാമൂഹിക രംഗത്ത് നിലനിൽക്കാനും അയാൾക്ക് കഴിഞ്ഞത്, ഏത് പ്രശ്നത്തിലും പരിരക്ഷയുണ്ടാകുമെന്ന തോന്നലാണ്. ആ പരിരക്ഷ അവസാനിക്കുന്ന ഘട്ടത്തിൽപ്പോലും സംശയത്തിന്റെ ആനുകൂല്യം അയാൾക്ക് നൽകുന്നവർ ഒരു കാര്യം മനസ്സിലാക്കേണ്ടതുണ്ട്. സ്വന്തം ജീവിതവും അഭിമാനവും വരെ പണയപ്പെടുത്തി അനുഭവം പറയാനിറങ്ങിയ സ്ത്രീകൾക്ക്/ട്രാൻസ്ജെൻഡേഴ്സിന് ഇതൊരു തമാശയല്ല. അവരെ വിശ്വാസമില്ലെങ്കിൽ, ചുറ്റുമുള്ളവരെ കേൾക്കാൻ തയ്യാറായാൽത്തന്നെ ഒരു ക്ലാരിറ്റി ലഭിച്ചേക്കും.
അങ്ങനെയുള്ള ഒരുപാട് മനുഷ്യരെ കുറേനാളുകളായി നിരന്തരം കാണുന്നതിനാൽ എനിക്കാ ക്ലാരിറ്റി ലഭിച്ചതാണ്. ഇനി, മുകേഷും ഗണേഷും ശശിയും ശശീന്ദ്രനുമൊക്കെയാണ് ഇപ്പോൾ നൽകുന്ന സംശയത്തിന്റെ ആനുകൂല്യത്തിന് അടിസ്ഥാനമെങ്കിൽ മനസ്സിലാക്കേണ്ട ചിലതുണ്ട്. മേൽപ്പറഞ്ഞവർക്കൊപ്പം നിന്നവരും നിങ്ങളും തമ്മിൽ വ്യത്യാസം വേണ്ട, ഞങ്ങൾ ഒരേ നിലയിലാണ് ജീവിക്കുന്നതെന്ന പ്രഖ്യാപനം കൂടിയാണ് നിങ്ങളിപ്പോൾ നടത്തുന്നത്. പലയാവർത്തി പലരും ചെയ്ത കുറ്റകൃത്യമാണ് ഇയാളും ആവർത്തിച്ചത് എന്നതുകൊണ്ട് ആ കുറ്റകൃത്യം ഒരിക്കലും റദ്ദാക്കപ്പെടില്ല.
ഉള്ളുകൊണ്ട് സന്തോഷിക്കുന്ന, ഇനിയും പലതും പറയാൻ കഴിയാതെ പോയ ഒരുപാട് മനുഷ്യരെ ഈ ദിവസങ്ങളിൽ നേരിട്ട് കാണുകയായിരുന്നു. അതുകൊണ്ടുതന്നെ പറയുകയാണ്, ഒന്നല്ല, മൂന്നല്ല, എത്ര വർഷങ്ങൾ പിന്നിട്ടാലും ഒരു സ്ത്രീ നേരിട്ട ട്രോമയെ ഒരു നെല്ലിട കൊണ്ട് പോലും റദ്ദ് ചെയ്യാൻ കഴിയുന്നതല്ല. റേപ്പ് എന്നാൽ റേപ്പ് എന്ന് തന്നെയാണർത്ഥം. അബ്യൂസ് എന്നാൽ അബ്യൂസും. കൺസന്റ് എന്നാൽ കൺസന്റ് എന്ന് തന്നെയും. ഇവിടെ കൺസെന്റുകൾ അയാൾ രൂപപ്പെടുത്തിയതൊക്കെയും അയാളുടെ പ്രിവിലേജ് കൊണ്ടാണ്. ആ പ്രിവിലേജിനാലുണ്ടായ പ്രണയമോ, സ്നേഹമോ, ആരാധനയോ ഒക്കെക്കൊണ്ടാണ്.
അയാളുമായി ഒരു തവണ സംസാരിക്കുന്നത് പോലും ആരാധനയുള്ള മനുഷ്യർക്ക് സന്തോഷം നൽകുന്ന പ്രവൃത്തിയാവുകയായിരുന്നു. പക്ഷേ, അവരിൽ പലരെയും അയാൾ മാനിപ്പുലേറ്റ് ചെയ്ത് കൺസന്റ് വാങ്ങുകയായിരുന്നു. പരാതിയില്ലാത്തിടത്തോളം സാങ്കേതികമായി മാത്രമാണ് ഇത് കുറ്റകൃത്യമല്ലാതായി മാറുന്നത്. ധാർമികമായി അത് കുറ്റകൃത്യം തന്നെയാണ്. ഇത്രയും പറഞ്ഞത്, അത്രയും ഉറപ്പുള്ളതുകൊണ്ടും നേരിട്ട് ബോധ്യമുള്ളതുകൊണ്ടുമാണ്. ഏറ്റവും കുറഞ്ഞത് ഇത്രയെങ്കിലും പറയാൻ കഴിഞ്ഞില്ലെങ്കിൽ, ഇപ്പോഴും സാഹചര്യങ്ങളുടെ നിശബ്ദതയിൽക്കഴിയുന്ന പ്രിയപ്പെട്ടവരോട് ചെയ്യുന്ന അനീതിയാവും.























