| ശ്രീകാന്ത് പികെ
ടി.പി.ജി നമ്പ്യാർ അന്തരിച്ചു. എവിടെയും അധികം ചർച്ച ചെയ്യാതെ അദ്ദേഹത്തിന്റെ മരണം കടന്ന് പോയി. കേരളത്തിലെ പാലക്കാട് നിന്ന് ലോകത്തിന്റെ നെറുകയിലേക്ക് വളർന്ന് ഇന്ത്യക്കാരുടെ വീട്ടുപകരണങ്ങളിൽ ഒഴിച്ച് കൂടാനാവാത്ത പേരായി ഒരു കാലത്ത് നിറഞ്ഞു നിന്ന ബി.പി.എൽ എന്ന ബ്രാന്റിന്റെ സ്ഥാപകൻ.
ഇന്ത്യന്‍ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് രംഗത്ത് ഒരുകാലത്ത് സര്‍വാധിപത്യം പുലര്‍ത്തിയ ആ ബ്രാന്റിന്റെ സ്ഥാപകൻ തലശ്ശേരിക്കാരനായ ടി.പി.ജി നമ്പ്യാർ ആണെന്നത് പലർക്കും അറിവില്ലാത്ത കാര്യമാണ്. ബ്രിട്ടീഷ് ഫിസിക്കല്‍ ലബോറട്ടറീസ് ഇന്ത്യ എന്ന മുഴു പേരൊക്കെ കേട്ടാൽ പ്രത്യേകിച്ചും. ടെലിവിഷൻ എന്നാൽ ബിപിഎൽ എന്നായിരുന്നു ഒരു കാലത്ത് അറിയപ്പെട്ടിരുന്നത്. ലാന്റ് ഫോൺ എറയിൽ 90% മുകളിലായിരുന്നു ബിപിഎല്ലിന്റെ മാർക്കറ്റ് ഷെയർ. പോസ്റ്റ് നിയോ ലിബറൽ കാലത്ത് ഏറ്റവുമധികം നേട്ടമുണ്ടാക്കിയ ഇന്ത്യൻ കമ്പനികളിൽ ഒന്ന്.
ടെലിവിഷൻ, ഫ്രിഡ്ജ്, വാഷിങ് മഷീൻ, ടാപ്പ് റെക്കോർഡുകൾ, ആദ്യ കാല മൊബൈൽ ഫോണുകൾ തുടങ്ങിയ ഇലക്ട്രോണിക് അപ്ലയൻസ് രംഗത്ത് മാർക്കറ്റ് ലീഡായി ആധിപത്യം. എന്നാൽ ക്വാളിറ്റിക്ക് ലവലേശം കൊമ്പ്രമൈസ് ഇല്ലാത്ത ഒന്നാം തരം പ്രൊഡക്ട്റ്റുകൾ. 1994-95 കാലത്ത് വാങ്ങിയ ബിപിഎൽ കളർ ടിവി യാതൊരു പ്രയാസവും കൂടാതെ ഇന്നും ഓടുന്ന ബന്ധു വീടുണ്ട്.
1991-ൽ ടി.പി.ജി നമ്പ്യാരുടെ മകൾ രാജീവ് ചന്ദ്രശേഖരൻ എന്ന യുവാവിനെ വിവാഹം കഴിച്ചു. 94-ൽ ആ മരുമകൻ ബിപിഎല്ലിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തു. അങ്ങനെ സ്ഥാപിച്ച ബിപിഎൽ മൊബൈൽസ് ആയിരുന്നു അന്ന് രാജ്യത്തെ ഏറ്റവും പ്രമുഖമായ സ്വകാര്യ മൊബൈൽ ടെലികോം കമ്പനി. പത്ത് വർഷത്തിനകം 2005 – ൽ രാജീവ് ചന്ദ്രശേഖർ 1.1 ബില്യൺ USD ക്ക് 64% വരുന്ന ബിപിഎൽ ഷെയറുകൾ എസ്സാർ ഗ്രൂപ്പിന് വിൽക്കുന്നു. അതേ വർഷം തന്നെ ജൂപ്പിറ്റർ കാപ്പിറ്റൽ എന്ന കമ്പനി 100 മില്യൺ USD ഇനീഷ്യൽ ഇൻവെസ്റ്റ്‌മെന്റിൽ ആരംഭിക്കുന്നു.
2006-ൽ ഏഷ്യാനെറ്റിൽ ഇൻവെസ്റ്റ് ചെയ്ത് കൊണ്ട് മീഡിയ ബിസിനസ് രംഗത്തേക്ക് വരുന്നു. തുടർന്ന് 2005 -13 വർഷങ്ങളിൽ രാജീവ് തന്റെ ബിസിനസ് ടെക്, ഐടി, മീഡിയ, ഹോസ്പിറ്റാലിറ്റി, യുദ്ധോപകരണ നിർമ്മാണം എന്നിങ്ങനെ പലനിലയിൽ സാമ്രാജ്യമായി വികസിപ്പിക്കുന്നു. അതിനിടയിൽ കോടീശ്വരൻമാരെ കക്ഷി രാഷ്ട്രീയ ഭേദമന്യേ നിയമ നിർമ്മാണങ്ങൾക്കായി രാജ്യസഭയിൽ അയച്ച് സഹായിക്കുന്നതിൽ പേര് കേട്ട കർണ്ണാടകയിൽ നിന്ന് രാജ്യ സഭയിലേക്കും, പിന്നീട് യൂണിയൻ മന്ത്രി സ്ഥാനവുമൊക്കെ.
ഏഷ്യാനെറ്റ് ന്യൂസ് മുതൽ റിപ്പബ്ലിക് ടിവി വരെ നീളുന്ന രാജീവ് ചന്ദ്ര ശേഖറിന്റെയും ജൂപ്പിറ്റർ കാപ്പിറ്റലിന്റെയും ബിസിനസ് സാമ്രാജ്യം ഇന്ന് എല്ലാവർക്കും അറിയുമായിരിക്കും. കേരളത്തിൽ നിന്ന് ഹോം അപ്ലയൻസസ് രംഗത്ത് ജപ്പാൻ കമ്പനികളോട് മത്സരിച്ച ബിപിഎൽ എന്നൊരു ബ്രാന്റും ടി.പി.ജി നമ്പ്യാർ എന്നൊരു വ്യവസായിയുടേയും പേര് പക്ഷേ വിസ്‌മൃതിയിലായി.