മുജ്‌തബ ഖമനയിയെ ഇറാന്‍റെ പരമോന്നത നേതാവായി തെരഞ്ഞെടുത്ത സംഭവത്തില്‍ പ്രതികരിക്കാന്‍ തയ്യാറാകാതെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കാത്തിരുന്ന് കാണാമെന്ന് മാത്രമായിരുന്നു ഇതുമായി ബന്ധപ്പെട്ട് ട്രംപ് പറഞ്ഞത്.
ഒരു അഭിമുഖത്തില്‍ പങ്കെടുക്കവെ ആയിരുന്നു ട്രംപിൻ്റെ പ്രതികരണമെന്ന് ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്‌തു. ഇറാനുമായുള്ള ആക്രമണം അവസാനിപ്പിക്കുന്ന കാര്യം ബെഞ്ചമിന്‍ നെതന്യാഹുവുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും ട്രംപ് പറഞ്ഞു.
ആക്രമണം അവസാനിപ്പിക്കണോ എന്നത് ഇരുകൂട്ടരും ചേര്‍ന്ന് എടുക്കേണ്ട തീരുമാനമാണെന്ന് താന്‍ കരുതുന്നു. നെതന്യാഹുവിനോട് സംസാരിക്കുകയാണ്. ശരിയായ സമയത്ത് ഒരു തീരുമാനമെടുക്കും. പക്ഷെ എല്ലാ കാര്യങ്ങളും പരിഗണിച്ചായിരിക്കും തീരുമാനമെന്നും ട്രംപ് ചൂണ്ടിക്കാണിച്ചു.
അതേസമയം പുതിയ പരമോന്നത നേതാവായി മുജ്‌തബ ഖമനയിയെ തെരഞ്ഞെടുത്തത് ഇറാന് പുതിയ ആവേശം പകർന്നു. 88 പുരോഹിതന്മാർ അടങ്ങുന്ന വിദഗ്‌ദ സംഘമാണ് പുതിയ പരമോന്നത നേതാവിനെ തെരഞ്ഞെടുത്തത്. നിര്‍ണായകമായ തെരഞ്ഞെടുപ്പിലൂടെ മുജ്‌തബ ഖമനയിയെ ഇറാൻ്റെ മൂന്നാമത്തെ നേതാവായി നിയമിച്ചതായി അസംബ്ലി ഓഫ് എക്സ്പേർട്‌സ് പുറത്തിറക്കിയ പ്രസ്‌താവനയിലൂടെ അറിയിച്ചു.
ഇറാന്‍ പുതിയ നേതാവിനെ തെരഞ്ഞെടുക്കുമ്പോള്‍ തങ്ങളെ കൂടി പങ്കെടുപ്പിക്കണമെന്നും ഇല്ലെങ്കില്‍ തെരഞ്ഞെടുക്കപ്പെടുന്ന ആള്‍ക്ക് അധികകാലം ആയുസ് ഉണ്ടാകില്ലെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു.
തെരഞ്ഞെടുക്കപ്പെടുന്നത് ആരാണോ അവര്‍ അക്രമിക്കപ്പെടും എന്നായിരുന്നു ഇസ്രയേലിൻ്റെ പ്രതികരണം. എന്നാല്‍ ഇതിനെല്ലാം ഇടയിലാണ് മുജ്‌തബ ഖമേനി പുതിയ പരമോന്നത നേതാവായി ചുമതലയേല്‍ക്കുന്നത്.























