ഹാര്‍വാര്‍ഡ് സര്‍വകലാ ശാലയിലെ അഡ്‌മിഷനിൽ വിദേശ വിദ്യാര്‍ഥികളെ ഒഴിവാക്കാനുള്ള ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിൻ്റെ ശ്രമത്തിന് കോടതിയിൽ നിന്ന് കനത്ത തിരിച്ചടി. അക്കാദമിക് മേഖലയിലും ട്രംപിൻ്റെ നയങ്ങൾ കൊണ്ടു വരാനുള്ള ശ്രമത്തിനാണ് തിരിച്ചടിയേറ്റത്.
ബോസ്റ്റണ്‍ ഫെഡറല്‍ കോടതിയാണ് നിർണായക വിധി പുറപ്പെടുവിച്ചത്. ഹാര്‍വാര്‍ഡിന് എതിരെയുള്ള നീക്കം യുഎസ് ഭരണഘടനയുടെയും മറ്റ് ഫെഡറല്‍ നിയമങ്ങളുടെയും നഗ്‌നമായ ലംഘനം എന്നാണ് കോടതി വിശേഷിപ്പിച്ചത്. സര്‍വകലാശാലയെയും 7,000-ത്തിലധികം വിസ ഉടമകളെയും ട്രംപിൻ്റെ നടപടി ബാധിച്ചതും കോടതി ചൂണ്ടിക്കാട്ടി.
ഹാര്‍വാര്‍ഡിൻ്റെ വിദ്യാര്‍ഥി സമൂഹത്തിൻ്റെ നാലിലൊന്ന് വരുന്ന, സര്‍വകലാ ശാലയ്ക്കും അതിൻ്റെ ദൗത്യത്തിനും ഗണ്യമായ സംഭാവന നല്‍കുന്ന വിദേശ വിദ്യാര്‍ഥികളെ ഇല്ലാതാക്കാന്‍ ഒരു പേനയാക്രമണത്തിലൂടെ ശ്രമിച്ചുവെന്ന് ഹാർവാർഡ് അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.
വിദേശ വിദ്യാര്‍ഥികളില്ലാതെ, ഹാര്‍വാര്‍ഡ് ഇല്ലെന്നും അദ്ദേഹം പറഞ്ഞു. 389 വര്‍ഷം പഴക്കമുള്ളതാണ് ഹാർവാർഡ്. തുടർന്ന് ജില്ലാ ജഡ്‌ജി അലിസണ്‍ ബറോസ് ട്രംപിൻ്റെ നയം മരവിപ്പിച്ച് താത്കാലിക നിരോധന ഉത്തരവ് പുറപ്പെടുവിക്കുക ആയിരുന്നു.