ഇന്ത്യക്കെതിരായ സംഘർഷത്തിൽ പാകിസ്ഥാനെ പിന്തുണച്ചതിന് പിന്നാലെ, ഇന്ത്യൻ ട്രാവൽ കമ്പനികളും ഏജൻസികളും തുർക്കിയോടും അസർബൈജാനോടും ശക്തമായ നിലപാട് സ്വീകരിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ദശലക്ഷക്കണക്കിന് ഇന്ത്യൻ വിനോദ സഞ്ചാരികൾ ഈ രാജ്യങ്ങളിലേക്ക് ഒഴുകിയെത്തിയെങ്കിലും ട്രാവൽ ഓപ്പറേറ്റർമാരും സ്റ്റാർട്ടപ്പുകളും ഇപ്പോൾ ഈ പാക്കേജുകളെല്ലാം താൽക്കാലികമായി റദ്ദാക്കുകയാണെന്നാണ് വിവരം. ഇന്ത്യ- പാക് സംഘർഷത്തിൽ പാകിസ്ഥാന് അനുകൂലമായി ഇരുരാജ്യങ്ങളും നിലപാട് സ്വീകരിച്ചത് ഇന്ത്യൻ വിനോദ സഞ്ചാരികളെ മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചുവെന്നാണ് വിവരം.
തുർക്കിയുടെ ഡ്രോണുകൾ ഉപയോഗിച്ചാണ് പാകിസ്ഥാൻ ഇന്ത്യയെ ആക്രമിച്ചതെന്നതും ശക്തമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. “തുർക്കിയിലേക്കും അസർബൈജാനിലേക്കുമുള്ള എല്ലാ പുതിയ യാത്രാ പ്ലാനുകളും ഇപ്പോൾ താൽക്കാലികമായി നിർത്തുകയാണ്,” പിക്ക് യുവർ ട്രെയിലിൻ്റെ സഹസ്ഥാപകൻ ഹരി ഗണപതി പറഞ്ഞു.
ട്രാവൽ പ്ലാറ്റ്‌ഫോമായ ഈസ് മൈ ട്രിപ്പിൻ്റെ സ്ഥാപകനും ചെയർമാനുമായ നിഷാന്ത് പിറ്റി തുർക്കിയിലേക്കും അസർബൈജാനിലേക്കും യാത്ര ചെയ്യുന്നത് ഒഴിവാക്കാൻ ആളുകളെ ഉപദേശിച്ചു. “പഹൽഗാം ആക്രമണത്തെയും ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷാവസ്ഥയെയും തുടർന്ന്, യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. തുർക്കിയും അസർബൈജാനും പാകിസ്ഥാന് പിന്തുണ പ്രഖ്യാപിച്ചതിനാൽ അത്യാവശ്യമെങ്കിൽ മാത്രം സന്ദർശിക്കാൻ ശുപാർശ ചെയ്യുന്നു.” അദ്ദേഹം പറഞ്ഞു.
2025 ഏപ്രിൽ 22ന് പഹൽഗാമിൽ നടന്ന ഭീകരാക്രമണവും ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധസമാനമായ സാഹചര്യങ്ങളും കണക്കിലെടുത്ത് തുർക്കിയും അസർബൈജാനും പാകിസ്ഥാന് പിന്തുണ നൽകിയിട്ടുണ്ടെന്നത് നിരാശാജനകമാണെന്ന് പിറ്റി കൂട്ടിച്ചേർത്തു.
ട്രാവൽ- ടെക്നോളജി സ്ഥാപനമായ വാണ്ടർഓണും ഈ രണ്ട് സ്ഥലങ്ങളിലേക്കുമുള്ള ബുക്കിംഗുകൾ നിർത്തി വച്ചിരിക്കുന്നു. ഇന്ത്യയ്‌ക്കെതിരായ ദേശവിരുദ്ധ നിലപാട് കാരണം പ്രത്യേകിച്ച് തുർക്കി, അസർബൈജാൻ എന്നിവിടങ്ങളിലേക്കുള്ള ബുക്കിംഗുകൾ ഇന്ത്യക്കാർ റദ്ദാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യക്ക് പകരം പാകിസ്ഥാനെ പിന്തുണക്കുന്ന നിലപാട് തുർക്കിയുടെയും അസർബൈജാൻ്റെയും ടൂറിസം വ്യവസായങ്ങൾക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ വർഷം മാലിദ്വീപ് കണ്ടതിനേക്കാൾ വലുതായിരിക്കും തുർക്കിയിലും അസർബൈജാനിലും ഉണ്ടാകുന്ന ആഘാതം എന്ന് ഗൗർ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ വർഷം, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മാലിദ്വീപിലെ നിരവധി മന്ത്രിമാർ നടത്തിയ അധിക്ഷേപകരമായ പരാമർശങ്ങളെ തുടർന്ന് ഒട്ടേറെ ഇന്ത്യക്കാർ മാലിദ്വീപിലേക്കുള്ള യാത്രാ പദ്ധതികള്‍ ഉപേക്ഷിച്ചിരുന്നു.
ഇതിൻ്റെ ഫലമായി 2023ൽ പട്ടികയിൽ ഒന്നാം സ്ഥാനത്തായിരുന്ന ഇന്ത്യ കഴിഞ്ഞ വർഷം മാലിദ്വീപിൻ്റെ ഉറവിട വിപണിയുടെ പട്ടികയില്‍ ആറാം സ്ഥാനത്തേക്ക് താഴ്ന്നു. ഇന്ത്യയിൽ നിന്നുള്ള വരവ് കുറയുന്നത് മാലിദ്വീപിന് 1.8 ബില്യൺ മുതൽ 2 ബില്യൺ ഡോളർ വരെ നഷ്‌ടമുണ്ടാക്കിയതായി കണക്കാക്കപ്പെടുന്നു.