ചാനലിന്റെ വിശ്വാസ്യതയുടെ മുഖമായിരുന്ന മുതിർന്ന മാധ്യമപ്രവർത്തകന്‍ ഉണ്ണി ബാലകൃഷ്ണന്‍ റിപ്പോർട്ടർ ടിവിയില്‍ നിന്നും രാജിവെച്ച് പഴയ താവളമായ ഏഷ്യാനെറ്റ് ന്യൂസിലേക്ക് എത്തി . റിപ്പോർട്ടർ ടിവിയുടെ ഡിജിറ്റല്‍ ഹെഡ് പദവിയിൽ നിന്നാണ് പടിയിറക്കം . ഏഷ്യാനെറ്റ് ന്യൂസില്‍ സീനിയർ എഡിറ്റോറിയല്‍ കണ്‍സല്‍ട്ടന്റ് പദവിയിലേക്കായിരിക്കും നിയമിക്കപ്പെടുകയെന്നാണ് റിപ്പോർട്ട്.
കേരളത്തിലെ വാർത്താ ചാനലുകളുടെ ബാര്‍ക്ക് റേറ്റിങ്ങില്‍ ഏഷ്യാനെറ്റിനെ പിന്നിലാക്കി റിപ്പോര്‍ട്ടര്‍ ഒന്നാം സ്ഥാനം പിടിച്ചിരിക്കെ, ഏഷ്യാനെറ്റിന്റെ നിര്‍ണായക നീക്കമായി ഉണ്ണിയുടെ വരവ്. ഇപ്പോഴത്തെ ചാനല്‍ യുദ്ധത്തില്‍ മേല്‍ക്കൈ തിരിച്ചുപിടിക്കാന്‍ ഏഷ്യാനെറ്റ് ശ്രമിക്കുന്നതിന്റെ ഭാഗമായുള്ള തന്ത്രപരമായ നീക്കമാണ് ഉണ്ണി ബാലകൃഷ്ണന്റെ തിരിച്ചുവരവ്.
1969 ല്‍ ആലപ്പുഴയില്‍ ജനിച്ച ഉണ്ണി ബാലകൃഷ്ണന്‍ 1994-ൽ കലാകൗമുദി ആഴ്ചപ്പതിപ്പിൽ സബ് എഡിറ്ററായിട്ടാണ് പത്രപ്രവർത്തക ലോകത്തേക്ക് കടന്ന് വരുന്നത്. പിന്നീട് രണ്ട് വർഷങ്ങള്‍ക്ക് ശേഷം 1996-ൽ ഏഷ്യാനെറ്റ് ന്യൂസിൽ സബ് എഡിറ്ററായി ചേർന്ന് ദൃശ്യമാധ്യമ രംഗത്തെ തന്റെ കരിയർ ആരംഭിച്ചു. 2011 വരെ ഏഷ്യാനെറ്റ് ന്യൂസിൽ വിവിധ ഉന്നത തസ്തികകളിൽ സേവനമനുഷ്ഠിച്ചു. 1998 മുതൽ 2011 വരെ പന്ത്രണ്ടു വർഷം ഡല്‍ഹി കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം. 2012-ൽ മാതൃഭൂമിയിൽ ചേർന്ന അദ്ദേഹം ന്യൂസ് ചാനലിന്റെ ചീഫ് എഡിറ്ററായി പ്രവർത്തിച്ചു.
അവിടെ 2021 ല്‍ ചീഫ് ഓഫ് ന്യൂസ് ആയി പ്രവർത്തിക്കുമ്പോഴാണ് ചാനലില്‍ നിന്നും രാജിവെക്കുന്നത്. ഇതിനിടയിൽ ഓണ്‍ലൈന്‍ മീഡിയ രംഗത്ത് സജീവമായെങ്കിലും ശേഷം റിപ്പോർട്ടർ ടിവിയുടെ ഭാഗമായി മുഖ്യധാര മാധ്യമരംഗത്തേക്ക് തിരിച്ചെത്തുകയായിരുന്നു.