യുഎസ് സുപ്രീം കോടതി പ്രഡിഡന്റിൻ്റെ എക്‌സിക്യൂട്ടീവ് തീരുമാനങ്ങൾ റദ്ദാക്കാനുള്ള ഫെഡറൽ കോടതി ജഡ്‌ജിമാരുടെ അധികാരം എടുത്തുകളഞ്ഞു. ആറ് ജഡ്‌ജിമാർ അനുകൂലിക്കുകയും മൂന്ന് ജഡ്‌ജിമാർ വിയോജിക്കുകയും ചെയ്‌ത വിധിയിലൂടെയാണ് ഫെഡറൽ ജഡ്‌ജിമാരുടെ അധികാരം സുപ്രീം കോടതി എടുത്തുകളഞ്ഞത്. ഫെഡറൽ ജഡ്‌ജിമാർ അവരുടെ അധികാരപരിധി മറികടക്കുകയാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.
പ്രസിഡന്റ് ഡോണൾഡ് ട്രംപിന് വലിയ സന്തോഷവും നേട്ടവും ഉണ്ടാക്കുന്നതാണ് വിധി. നേരത്തെ ട്രംപിൻ്റെ തുറുപ്പു ചീട്ടായിരുന്ന ജന്മാവകാശ പൗരത്വ നിയമം നിർത്തലാക്കിയ തീരുമാനം ഫെഡറൽ കോടതി റദ്ദാക്കിയിരുന്നു. എന്നാൽ സുപ്രീം കോടതി വിധി, റദ്ദാക്കിയ ഈ നിയമം ഇനി പുനഃസ്ഥാപിക്കാനാകുമോ എന്നതിൽ വ്യക്തത വരുത്തുന്നില്ല.
വലിയ നേട്ടമെന്നാണ് സുപ്രീം കോടതി വിധിയെ ട്രംപ് വിശേഷിപ്പിച്ചത്. സുപ്രീം കോടതിക്ക് നന്ദിയെന്നും തൻ്റെ നിരവധി നയങ്ങൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു. ജന്മാവകാശ നിയമവുമായും, ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് സാമ്പത്തിക സഹായം നൽകുന്നത് നിർത്തുന്ന നിയമവുമായും താൻ ഉടൻ മുന്നോട്ട് പോകുമെന്നും ട്രംപ് വ്യക്തമാക്കി.
വിധിയിൽ വിയോജിച്ച മൂന്ന് ജഡ്‌ജിമാരും കടുത്ത ഭാഷയിലാണ് ഭൂരിപക്ഷ വിധി ന്യായത്തെ വിമർശിച്ചത്. ലിബറൽ വിങ് ജഡ്‌ജിയായ സോണിയ സോട്ടോമയോർ ഭൂരിപക്ഷ വിധിന്യായത്തെ രൂക്ഷമായി വിമർശിച്ചു. ഭരണഘടനാ വിരുദ്ധമായ നിയമങ്ങൾ നടപ്പിൽ വരുത്താൻ ഭരണകർത്താക്കളെ സഹായിക്കുന്ന വിധിയാണ് ഇതെന്ന് അവർ കുറിച്ചു. കോടതി വിധി ഭരണഘടനയെ മറികടക്കാൻ സർക്കാരിനെ സഹായിക്കുമെന്നും എന്നും അവർ കുറിച്ചു.























