| പ്രേംകുമാർ
വാസുവേട്ടാ നിങ്ങൾ മറ്റൊരു കാലത്ത് ജയിലിൽ പോവേണ്ടവനാണ്. സഖാവ് വർഗീസിനെ പൊലീസ് വെടിവെച്ചു കൊല്ലുന്നത് 1970 ഫെബ്രുവരി18 ന്. സഖാവ് അയിനൂർ വാസുവിനെ അറസ്റ്റ് ചെയ്യുന്നത് ഫെബ്രുവരി 22 ന്. വാസുവേട്ടൻ ജാമ്യമില്ലാതെ കണ്ണൂർ സെൻട്രൽ ജയിലിൽ കിടന്നത് ഏഴ് കൊല്ലവും മൂന്ന് മാസവും.
എ.വാസു ഗ്രോ വാസുവായത് മാവൂർ ഗ്വാളിയോർ റയോൺസിനെതിരെയുള്ള സമരത്തോടെ.
Gwalior Rayons Organisation of Workers: അതിന്റെ ചുരുക്കപ്പേരാണ് GROW. കെ.ജെ.ജേക്കബ് എഴുതിയപോലെ സംവിധാനത്തിനും പോലീസുകാർക്കും അത്ര പെട്ടെന്ന് മനസിലാവണമെന്നില്ലാത്ത പോരാളി. പക്ഷേ ഇത്തവണ വാസുവേട്ടനെ മനസ്സിലാവാത്തത് പൊലീസിനും കോടതിക്കുമല്ല, വാസുവേട്ടന് വേണ്ടി കീ ബോർഡിൽ തിളയ്ക്കുന്ന അപ്പർ മിഡിൽക്ലാസ് ആഘോഷക്കമ്മറ്റിക്കാണെന്ന് തോന്നുന്നു.
ചാലിയാറിനെ കൊല്ലുന്ന മാവൂർ ഫാക്ടറിക്കെതിരെ നീണ്ട കാലം നിരാഹാരം നടത്തിയിട്ടുണ്ട് വാസുവേട്ടൻ. ആഴ്ചകളോളം ഭക്ഷണമില്ലാതെ വാസുവേട്ടൻ കിടക്കുമ്പോൾ പുറത്ത് മുഴങ്ങിക്കേട്ടത് സഖാവിന് ഭക്ഷണം കൊടുക്കുന്നില്ലെന്ന ബഹളമായിരുന്നില്ല; റയോൺസിനെതിരെയുള്ള പ്രതിഷേധമായിരുന്നു. അതിലേക്ക് ജനശ്രദ്ധ തിരിക്കാനുള്ളൊരു മാർഗമാണ് നിരാഹാരമെന്ന് അദ്ദേഹത്തിനും അക്കാലത്ത് കൂടെയുണ്ടായിരുന്ന സഖാക്കൾക്കുമറിയാമായിരുന്നു.
ഇപ്പോഴെന്താണ് നടക്കുന്നത്? 2016 ൽ നിലമ്പൂരിൽ മാവോയിസ്റ്റുകളെ ഏറ്റുമുട്ടലിലൂടെ കൊലചെയ്യുന്നു ATF. കേരളാ പോലീസിന്റെ ഭാഗമാണ് ATF. പക്ഷെ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലുള്ള അക്രമങ്ങളെ നേരിടുന്ന രീതിയിൽ തന്നെയാണ് അവിടെനിന്ന് ഇവിടുത്തെ കാടുകളിലെത്തുന്ന മാവോയിസ്റ്റുകളെയും പോലീസ് നേരിടുന്നത്. നിലമ്പൂരിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളെ കോഴിക്കോട് മെഡിക്കൽ കോളേജിൽ കൊണ്ടുവന്നപ്പോൾ പ്രതിഷേധ സമരങ്ങളുണ്ടായി. വാസുവേട്ടനായിരുന്നു മുന്നിൽ.
പൊതുവഴിയിൽ മാർഗതടസ്സം സൃഷ്ടിച്ചു എന്നൊക്കെയുള്ള വകുപ്പിൽ പോലീസ് കേസെടുത്തു. എടുത്ത കേസ് കോടതിയിൽ കൊടുത്തു, കോടതി സമൻസ് അയച്ചിട്ടും ഹാജരായില്ല. സ്വാഭാവികമായും വാറണ്ട് പുറപ്പെടുവിക്കുന്നു. ആളിനെ കോടതിയിൽ ഹാജരാക്കേണ്ടത് പൊലീസിന്റെ ചുമതലയാണ്. വാസുവേട്ടന്റെ കാര്യത്തിൽ പൊലീസ് അത് ചെയ്തില്ലെന്ന് വേണം കരുതാൻ.
കുറേക്കാലം കഴിഞ്ഞാൽ കേസ് ലോങ്ങ് പെൻഡിങ് ലിസ്റ്റിൽ വരും. LP വാറണ്ടെന്ന് പറയും ഇതിനെ. അതിൽപ്പെട്ട ആളുകളെ തെരഞ്ഞുപിടിച്ച് കോടതിയിൽ ഹാജരാക്കും പൊലീസ്. പിണറായിയായാലും, ഉമ്മൻചാണ്ടിയായാലും ഇനി സാക്ഷാൽ വാസുവേട്ടനായാലും ശരി, ഭരണഘടന മാറ്റിയെഴുതാത്ത കാലത്തോളം ഇങ്ങനെയാണ് നടക്കുക. അറസ്റ്റുചെയ്ത് കോടതിയിൽ ഹാജരാക്കിയാൽ കോടതി ജാമ്യം കൊടുക്കുകയോ കൊടുക്കാതിരിക്കുകയോ ചെയ്യും.
കോടതിക്ക് ചെയ്യാവുന്ന ഏറ്റവും അനുഭാവപൂർണമായ സമീപനമാണ് സ്വന്തം ജാമ്യം അനുവദിക്കൽ. വാസുവേട്ടന്റെ കേസിൽ കുന്നമംഗലം കോടതി ഇങ്ങനെ ചെയ്തിട്ടുണ്ട്. ഇങ്ങനെ ജാമ്യം അനുവദിക്കുന്നതിനെ പൊലീസോ പ്രോസിക്യൂഷനോ എതിർത്തിട്ടില്ല. സ്വന്തം ജാമ്യമാണെങ്കിലും ജാമ്യബോണ്ടിൽ വാസുവേട്ടൻ ഒപ്പിട്ടാലേ ജാമ്യമാവൂ. ഒപ്പിടില്ലെന്ന നിലപാടെടുത്തു വാസുവേട്ടൻ. ധീരമായ രാഷ്ട്രീയ നിലപാട്.
എന്തിനാവും അങ്ങനെയൊരു നിലപാടെടുത്ത് ജയിൽ യാത്ര നടത്തിയത് സഖാവ് അയിനൂർ വാസു? മിനിമം മൂന്ന് കാര്യങ്ങൾ ഉദ്ദേശിച്ചിട്ടുണ്ടാവും വാസുവേട്ടൻ. ഇന്ത്യയൊട്ടാകെ മാവോയിസ്റ്റുകളെ അടിച്ചൊതുക്കുന്ന ഭരണകൂട നടപടികൾക്കെതിരെ അഭിപ്രായ രൂപീകരണം നടത്താൻ. ഏറ്റുമുട്ടൽ കൊലപാതകങ്ങളിലുൾപ്പെട്ട പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാതിരിക്കുന്നതിലെ ശരികേട് ചർച്ചയാക്കുവാൻ.
‘സിവിലിയൻസിനെയും പട്ടാളക്കാരെയുമൊക്ക ബോംബ് വെച്ച് കൊല്ലുന്ന’ മാവോയിസ്റ്റുകളെ സ്പോട്ടിൽ വെടിവെച്ചു കൊല്ലണമെന്ന് വിചാരിക്കുന്ന മിഡിൽ ക്ലാസ് പൊതുബോധത്തെ നന്നായൊന്ന് എക്സ്പോസ് ചെയ്യാൻ.
എഴുപതുകളിലെ, എൺപതുകളിലെ രാഷ്ട്രീയ ബോധ്യങ്ങളിൽ നിന്നൊക്കെ വളരെ വളരെ മാറിപ്പോയിട്ടുണ്ട് കേരളമെന്ന് തിരിച്ചറിയാതെ പോയിട്ടുണ്ട് ധീരനും നിസ്വാർത്ഥനും ഒരുവേള കാൽപനികനുമായ വാസുവേട്ടൻ എന്ന് തന്നെ പറയേണ്ടി വരും.
SDPI യുടെ തൊഴിലാളിസംഘടനയായ SDTU വിന്റെ സംസ്ഥാന പ്രസിഡന്റായിരുന്നു വാസുവേട്ടൻ എന്നറിവ് ഈ തോന്നലിനെ ശരിവെക്കുന്നതുമാണ്. ജയിലിലേക്ക് പോവുമ്പോൾ വാസുവേട്ടൻ ഉദ്ദേശിച്ചൊരു കാര്യവുമല്ല എഫ്.ബി.ആഘോഷക്കമ്മറ്റിക്കാർ വിളിച്ചു പറയുന്നത്. തൊണ്ണൂറ് കഴിഞ്ഞ ഗ്രോ വാസുവിനെ ജയിലിലടച്ച ഫാസിസ്റ്റ് പിണറായിയെ ശരിയാക്കുകയാണവർ.
എന്തുകൊണ്ടാവും ഈ ചർച്ചകൾ, എഫ്.ബി. കുറിപ്പുകൾ ഒന്നുംതന്നെ മാവോയിസ്റ്റുകളെ സൃഷ്ടിക്കുന്ന, അവരെ വെടിവെച്ചു കൊല്ലുന്ന ഭരണകൂടനിലപാടിനെതിരെ ആവാതിരിക്കാൻ പ്രത്യേക ശ്രദ്ധ കാണിക്കുന്നത്? അങ്ങനെ ചെയ്‌താൽ പ്രതിരോധത്തിലാവുന്നത് ബി.ജെ.പിയും കോൺഗ്രസുമാവും. അങ്ങനെ വന്നാൽ, ഇൻസ്റ്റന്റ് ജസ്റ്റിസിന് വേണ്ടി വാദിക്കുന്ന മിഡിൽ ക്ലാസിന് ദഹിക്കില്ല. ‘സുലേഖാ നീ മറ്റൊരു കാലത്ത് പിറക്കേണ്ടവളാണ്’ സച്ചിമാഷെഴുതിയത് ഓർത്തെഴുതിയാൽ- വാസുവേട്ടാ നിങ്ങൾ മറ്റൊരു കാലത്ത് ജയിലിൽ പോവേണ്ടവനാണ്.
( കടപ്പാട്- ഫേസ്ബുക്ക് പോസ്റ്റ് )























