സംസ്ഥാനത്തെ വാഹന രജിസ്ട്രേഷൻ രേഖകളും (ആർസി ബുക്ക്) ഡിജിറ്റൽ രൂപത്തിൽ വാഹന ഉടമകൾക്ക് ഡൗൺലോഡ് ചെയ്തെടുക്കാം. ഡ്രൈവിംഗ് ലൈസൻസിന് പിന്നാലെയാണ് സംസ്ഥാനത്തെ വാഹനങ്ങളുടെ ആർസി ബുക്കും ശനിയാഴ്‌ച മുതൽ ഡിജിറ്റൽ ആയി മാറുന്നത്.
ആർസി ബുക്ക് അപേക്ഷകർക്ക് ഡൗൺലോഡ് ചെയ്തെടുക്കാൻ സോഫ്റ്റ്‌വെയറിൽ മാറ്റം വരുത്തിയിട്ടുണ്ട്. കേന്ദ്രസർക്കാരിൻ്റ മൊബൈൽ ആപ്പുകൾ ആയ ഡിജിലോക്കറിലും എംപരിവാഹനിലും ആർടിഒയുടെ ആർസിയുടെ ഡിജിറ്റൽ പകർപ്പ് ലഭിക്കും.
പത്ത് കോടി രൂപ കുടിശികയായതിനെ തുടർന്നാണ് ആർസി ബുക്കുകളുടെ അച്ചടി നിറുത്തി വച്ചത് എന്നും റിപ്പോർട്ടുകൾ ഉണ്ട്. അച്ചടിക്കരാർ ഏറ്റെടുത്ത സ്ഥാപനത്തിന് പ്രതിഫലം നൽകാത്തതിനെ തുടർന്നാണ് ആർസി ബുക്കിൻ്റ വിതരണം മുടങ്ങിയത്. നേരത്തെ അച്ചടിക്കായുള്ള തുക ഈടാക്കിയ സർട്ടിഫിക്കറ്റുകളും ഡിജിറ്റലായി നൽകാനാണ് തീരുമാനം. അച്ചടി പുനരാരംഭിക്കുമ്പോൾ തുക ഈടാക്കിയതിനാൽ ഇവ വിതരണം ചെയ്യും.
ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറുമ്പോൾ സർക്കാരിന് വരുമാന നഷ്‌ടം ഉണ്ടാകരുതെന്ന ധനവകുപ്പിൻ്റ കർശന നിലപാടിനെ തുടർന്ന് ഫീസിനത്തിൽ സർക്കാറിനുള്ള വരുമാനം കുറയുന്നത് ഒഴിവാക്കാൻ സർവീസ് ചാർജ് വർധിപ്പിച്ചിട്ടുണ്ട്. ഡ്രൈവിംഗ് ലൈസൻസിനും ഇതേ രീതിയായിരുന്നു പിന്തുടർന്നത്.