രാമനവമി ഘോഷയാത്രക്കിടെ ആയുധ അഭ്യാസം നടത്തി വിഎച്ച്പി. ബംഗാളിൽ നടന്ന ഘോഷയാത്രയിലാണ് വാളും വടികളുമായി വിഎച്ച്പി പ്രവർത്തകർ രംഗത്തെത്തിയത്. ആയുധങ്ങൾ പ്രദർശിപ്പിക്കുന്നതിന് കൊൽക്കത്ത ഹൈക്കോടതി വിലക്ക് എർപ്പെടുത്തിയിരുന്നു.
എന്നാൽ ആയുധ പ്രദർശനം നടത്തിയവരെ ന്യായീകരിച്ച് ബിജെപി നേതാവ് രംഗത്തെത്തി. ഹിന്ദുക്കൾ അവരുടെ ഇഷ്‌ടപ്രകാരം ആഘോഷിക്കും. ഹിന്ദുക്കൾ അവരുടെ സുരക്ഷക്കായി ആയുധം ഉപയോഗിക്കും. അതെങ്ങനെ കുറ്റകൃത്യമാകുമെന്നും ബിജെപി നേതാവ് ദിലീപ് ഘോഷ് ചോദിച്ചു.
സംസ്ഥാനത്തെ പല ജില്ലകളിലും രാമനവമിയോട് അനുബന്ധിച്ച് നടന്ന റാലികളിൽ ആയുധങ്ങളുടെ തുറന്ന പ്രദർശനം നടന്നതായി റിപ്പോർട്ടുകൾ സൂചിപ്പിച്ചതിനെ തുടർന്നാണ് ഘോഷിൻ്റെ പ്രതികരണം.
മാൾഡയിൽ, നിരോധനാജ്ഞകൾ അവഗണിച്ച് രാമകൃഷ്‌ണ പള്ളി മൈതാനത്ത് നിന്ന് നടന്ന ഘോഷയാത്രയിൽ ആളുകൾ വലിയ വാളുകൾ വീശിയതായി റിപ്പോർട്ടുണ്ട്. ഹൗറയിലെ സംക്രെയ്‌ലിലും, പോലീസ് ഉദ്യോഗസ്ഥരുടെ അനുമതിയില്ലാതെ റാലികളിൽ ആളുകൾ ആയുധധാരികളായിരുന്നു ഇത് അവർക്കെതിരെ നിയമ നടപടിക്ക് കാരണമായേക്കാം എന്നും റിപ്പോർട്ട് ഉണ്ട്.
രാമനവമി ആഘോഷങ്ങള്‍ നടക്കുന്നതിനിടയില്‍ ഒരു കൂട്ടമാളുകള്‍ യുപിയിലെ പ്രയാഗ്രാജില്‍ കാവിക്കൊടിയുമായി ദര്‍ഗക്ക് മുകളില്‍ വലിഞ്ഞുകയറി മുദ്രാവാക്യം വിളിച്ചു. സികന്ദ്ര പ്രദേശത്തെ സലാര്‍ മസൂദ് ഖാസി മിയാന്‍ ദര്‍ഗയിലാണ് സംഭവം. ഇതിൻ്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ഗംഗാനഗര്‍ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ദര്‍ഗക്ക് മുകളിലേക്ക് ഒരു സംഘം അതിക്രമിച്ച് കയറിയത്. ദര്‍ഗയുടെ മിനാരങ്ങള്‍ക്ക് സമീപത്ത് ഇവര്‍ കൊടികള്‍ പറത്തുകയും ചെയ്‌തു. വൈറലാവുന്ന വീഡിയോയില്‍ ദര്‍ഗക്ക് മുകളില്‍ മൂന്നുപേര്‍ നില്‍ക്കുന്നതാണ് കാണുന്നത്. ഇവര്‍ മുദ്രാവാക്യം വിളിക്കുമ്പോള്‍ അത് ഏറ്റുവിളിക്കാന്‍ ഡസന്‍ കണക്കിനാളുകളും ദര്‍ഗക്ക് സമീപത്തായി എത്തിയിരുന്നു. ബൈക്കുകളിലെത്തിയ സംഘം പ്രദേശത്ത് പൊലീസ് എത്തുന്നതിന് മുമ്പ് കടന്നുകളഞ്ഞു.
വലതുപക്ഷ സംഘത്തില്‍ പ്രവര്‍ത്തിക്കുന്ന മനേന്ദ്ര പ്രതാപ് സിംഗിനെയാണ് ദൃശ്യങ്ങളില്‍ കാണുന്നത്. ഇയാള്‍ അലഹബാദ് സര്‍വകലാശാലയിലെ വിദ്യാര്‍ഥി നേതാവാണെന്നും മുന്‍ കര്‍ണിസേന ബിജെപി നേതാവാണെന്നുമാണ് എഫ്ബി പ്രൊഫൈലില്‍ കാണിക്കുന്നത്.
ദര്‍ഗക്ക് മുകളില്‍ കയറി കൊടി വീശുന്ന വീഡിയോ ഇയാള്‍ തന്നെ എഫ്ബിയില്‍ പങ്കുവച്ചിട്ടുണ്ട്. സലാര്‍ മസൂദ് ഗാസി കടന്നുകയറ്റക്കാരനാണെന്നും തീര്‍ത്ഥാടന കേന്ദ്രമായ പ്രയാഗ്രാജില്‍ ദര്‍ഗ പാടില്ലെന്നും അത് തകര്‍ക്കണമെന്നുമാണ് ഇയാള്‍ വീഡിയോക്ക് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഹിന്ദുക്കളും മുസ്ലീങ്ങളും ഒരുപോലെ എത്തുന്ന ഒരു തീര്‍ത്ഥാടന കേന്ദ്രമാണ് ഈ ദര്‍ഗയെന്നും പ്രദേശത്ത് ക്രമസമാധാനം നിലനിര്‍ത്തേണ്ട പൊലീസുകാര്‍ക്കെതിരെ ആദ്യം നടപടിയുണ്ടാകുമെന്നും ഗംഗാനഗര്‍ ഡിസിപി കുല്‍ദീപ് സിംഗ് ഗുണാവത്ത് വ്യക്തമാക്കിയിട്ടുണ്ട്.