സർക്കാർ ഉദ്യോഗസ്ഥൻ അനധികൃതമായി സൂക്ഷിച്ചിരുന്ന രണ്ട് കോടിയിലധികം രൂപ വിജിലൻസ് പിടിച്ചെടുത്തു. ഒഡീഷയിലെ ഗ്രാമീണ റോഡുകളുടെ നിർമാണവുമായി ബന്ധപ്പെട്ട വകുപ്പിലെ ചീഫ് എഞ്ചിനീയറായ ബൈകുന്ത നാഥ് സാരംഗിയുടെ കൈയില്‍ നിന്നാണ് പണം പിടിച്ചെടുത്തത്. ഇയാൾ താമസിച്ചിരുന്ന ഫ്ലാറ്റിൽ നിന്നുമാത്രം ഒരു കോടി രൂപയാണ് കണ്ടെടുത്തത്.
ബാക്കി പണം വിവിധ സ്ഥലങ്ങളിൽ നടത്തിയ തിരച്ചിലിനൊടുവിലാണ് വിജിലൻസ് പിടിച്ചെടുത്തത്. ബൈകുന്ത നാഥ് വരവിൽ കവിഞ്ഞ രീതിയിൽ സ്വത്ത് സമ്പാദിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതോടെയാണ് വിജിലൻസ് അന്വേഷണം ആരംഭിച്ചത്. വെള്ളിയാഴ്‌ച പുലർച്ചയോടെയാണ് ബൈകുന്ത നാഥിൻ്റെ ഫ്ലാറ്റിൽ വിജിലൻസ് പരിശോധനക്ക് എത്തിയത്. ഇതോടെ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്.
ഉദ്യോഗസ്ഥർ വരുന്നത് കണ്ട ബൈകുന്ത നാഥ് അഞ്ഞൂറിൻ്റെ നോട്ടുകെട്ടുകൾ ഫ്ലാറ്റിലെ ജനാലയിൽ നിന്ന് പുറത്തേക്കെറിയുക ആയിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കൂടുൽ അന്വേഷണം നടന്നു വരികയാണെന്നും ഉദ്യോഗസ്ഥനെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നും വിജിലൻസ് മാധ്യമങ്ങളോട് പറഞ്ഞു. പൊലീസ് സൂപ്രണ്ട്, 12 ഇൻസ്പെക്ടർമാർ, ആറ് എഎസ്ഐമാർ എന്നിവർ ഉൾപ്പെട്ട സംഘമാണ് പരിശോധന നടത്തിയത്.























