കഴിഞ്ഞ 25 വർഷത്തിനിടെ ഏറ്റവും കൂടുതൽ ആളുകൾ ഗൂഗിളില്‍ തിരഞ്ഞ ക്രിക്കറ്റ് താരമെന്ന റെക്കോർഡ് മുൻ ഇന്ത്യൻ നായകനായ വിരാട് കോഹ്‌ലിക്ക്. പിന്നാലെ സച്ചിൻ ടെണ്ടുൽക്കർ, എംഎസ് ധോണി, രോഹിത് ശർമ എന്നിവരും പട്ടികയിൽ ഇടം നേടി .സെർച്ച് എഞ്ചിൻ ഭീമനായ ഗൂഗിൾ പുറത്തുവിട്ട തങ്ങളുടെ 25 വർഷത്തെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തിരഞ്ഞ വിഷയങ്ങളുടെ പട്ടികയിലാണ് വിവരങ്ങൾ ഉള്ളത് .
പോർച്ചുഗാൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ഫുട്ബോൾ ഉൾപ്പെടെയുള്ള മറ്റ് കായിക താരങ്ങളുടെ പട്ടികയിൽ ഒന്നാമത്. അവസാന 25 വര്‍ഷത്തിനിടെ ഏറ്റവും അധികം പേര്‍ ഗൂഗിളില്‍ തിരഞ്ഞ കായികതാരമെന്ന റെക്കാഡാണ് റോണോയെ തേടിയെത്തിയിരിക്കുന്നത്. കളിക്കളത്തിലെ പല നേട്ടങ്ങളിലും മുന്നില്‍ മെസിയാണെങ്കിലും ഇന്റര്‍നെറ്റില്‍ റോണോ തന്നെയാണ് താരം.
ഇന്ത്യയുടെ തന്നെ യുവ ക്രിക്കറ്റ് താരം ശുഭ്മാൻ ഗില്ലാണ് 2023-ൽ ഏറ്റവും കൂടുതൽ ഗൂഗിൾ ചെയ്യപ്പെട്ട ക്രിക്കറ്റ് താരം. ന്യൂസിലൻഡ് താരം രച്ചിൻ രവീന്ദ്ര, ഓസീസ് താരം ട്രാവിസ് ഹെഡ് എന്നിവരും 2023-ലെ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.























