2024 ലെ ഐസിസി ടി20 ലോകകപ്പിൽ ഇന്ത്യ വിജയിച്ചതിന് പിന്നാലെ, സ്റ്റാർ ബാറ്റ്‌സ്മാൻ വിരാട് കോഹ്‌ലി അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. തന്റെ തീരുമാനത്തിന് പിന്നിലെ കാരണം അദ്ദേഹം ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നു.
പുതിയ തലമുറയിലെ കളിക്കാർക്ക് വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് വിരാട് കോഹ്‌ലി വിരമിക്കൽ പ്രഖ്യാപിച്ചത്. യുവ ക്രിക്കറ്റ് താരങ്ങൾ ടീമിലേക്ക് വരാൻ തയ്യാറാണെന്നും അടുത്ത ലോകകപ്പിന് തയ്യാറെടുക്കാൻ അവർക്ക് മതിയായ സമയവും അനുഭവപരിചയവും ആവശ്യമാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
“ടീമിലേക്ക് വരേണ്ടതും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ എങ്ങനെ കളിക്കണമെന്നും സമ്മർദ്ദം കൈകാര്യം ചെയ്യണമെന്നും പഠിക്കേണ്ടതുമായ യുവതാരങ്ങളുണ്ട്, അടുത്ത ലോകകപ്പ് വരുമ്പോഴേക്കും അവർ പൂർണ്ണമായും തയ്യാറാകണമെങ്കിൽ, അവർക്ക് കുറഞ്ഞത് രണ്ട് വർഷമെങ്കിലും ആവശ്യമാണ്. അതുകൊണ്ടാണ് ടി20 ലോകകപ്പ് ഫൈനലിന് ശേഷം ഉടൻ വിരമിക്കാൻ ഞാൻ തീരുമാനിച്ചത്” വിരാട് കോഹ്‌ലി പറഞ്ഞു.
ഫൈനലിൽ മാച്ച് വിന്നിംഗ് ഇന്നിംഗ്സ് കളിച്ച വിരാട് കോഹ്‌ലി തന്റെ ടി20 അന്താരാഷ്ട്ര കരിയർ 125 മത്സരങ്ങളും 4,188 റൺസുമായി അവസാനിപ്പിക്കുകയായിരുന്നു.