വഖഫ് നിയമ ഭേദഗതിയെ അനുകൂലിച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ സുപ്രീം കോടതിയില്‍. നിയമം റദ്ദാക്കരുതെന്ന് ആവശ്യപ്പെട്ട് കക്ഷിചേരാന്‍ സംസ്ഥാനങ്ങള്‍ അപേക്ഷ നല്‍കി. മറ്റന്നാള്‍ വഖഫ് നിയമ ഭേദഗതിക്കെതിരായ ഹര്‍ജികള്‍ സുപ്രീം കോടതി പരിഗണിക്കാൻ ഇരിക്കെയാണ് നീക്കം.
അസം, മഹാരാഷ്ട്ര, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളാണ് രംഗത്തെത്തിയത്. പാര്‍ലമെന്റ് പാസാക്കിയ നിയമം ഭരണഘടന വിരുദ്ധമല്ലെന്നും ആരുടെയും മൗലികാവകാശങ്ങള്‍ റദ്ദാക്കുന്നതല്ലെന്നും ആണ് സംസ്ഥാനങ്ങളുടെ വാദം.
നേരത്തെ വഖഫ് ഭേദഗതി നിയമത്തിനെതിരായ ഹരജികളില്‍ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ തടസ ഹര്‍ജി ഫയല്‍ ചെയ്‌തിരുന്നു. കേന്ദ്ര സര്‍ക്കാരിൻ്റെ ഭാഗം കേള്‍ക്കാതെ ഹര്‍ജികളില്‍ ഇടക്കാല ഉത്തരവിടരുത് എന്നാണ് ഹര്‍ജിയില്‍ ഉന്നയിച്ചിരുന്ന പ്രധാന ആവശ്യം. ഇതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാരും അനുകൂലിച്ച് രംഗത്തെത്തിയത്.
വഖഫ് നിയമ ഭേദഗതിക്കെതിരെ നിരവധി രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും സുപ്രിംകോടതിയെ സമീപിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് എംപി മുഹമ്മദ് ജാവേദ്, എഐഎംഐഎം മേധാവിയും ഹൈദരാബാദ് എംപിയുമായ അസദുദ്ദീന്‍ ഉവൈസി, ആം ആആദ്‌മി പാര്‍ട്ടി എംഎല്‍എ അമാനത്തുല്ല ഖാന്‍ എന്നിവരും സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
കഴിഞ്ഞ ദിവസം ടിവികെ അധ്യക്ഷന്‍ വിജയും വിഷയത്തില്‍ കോടതിയെ സമീപിച്ചു. ആര്‍ജെഡി, മുസ്‌ലിം ലീഗ്, ഡിഎംകെ, മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ്, ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് തുടങ്ങിയവരും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.