ഉത്തർപ്രദേശിലെ ജൗൻപൂരിൽ വച്ച് മനുഷ്യാവബോധത്തെ ഞെട്ടിക്കുന്ന ഒരു സംഭവം പുറത്തുവന്നു. വീട്ടിൽ വിവാഹ ഒരുക്കങ്ങളുണ്ടെന്ന കാരണം പറഞ്ഞ് അമ്മയുടെ മൃതദേഹം ഏറ്റുവാങ്ങാൻ മകൻ വിസമ്മതിച്ചു. ദീർത്തകാലമായി അസുഖബാധിതയായിരുന്ന ശോഭാ ദേവി താമസിച്ചിരുന്ന വൃദ്ധസദനത്തിലാണ് മരണം സംഭവിച്ചത്. വിവരം അറിയിച്ചപ്പോൾ, “നാലുദിവസം മൃതദേഹം ഡീപ് ഫ്രീസറിൽ വയ്ക്കൂ, ഇപ്പോൾ വീട്ടിലേക്ക് കൊണ്ടുവരുന്നത് അശുഭകരമാണ്,” എന്നായിരുന്നു മകന്റെ മറുപടി.
ഗോരഖ്പൂർ സ്വദേശികളായ ഭുവൽ ഗുപ്തയ്ക്കും ശോഭാ ദേവിക്കും ആറു മക്കളുണ്ട്—മൂന്ന് ആൺമക്കളും മൂന്ന് പെൺമക്കളും. എന്നാൽ ഒരു വർഷം മുൻപ് ഉണ്ടായ കുടുംബതർക്കത്തെ തുടർന്ന് മൂത്ത മകൻ ഇവരെ വീട്ടിൽ നിന്ന് പുറത്താക്കിയിരുന്നു. ദുഃഖിതനായ ഭുവൽ ജീവൻ ഒടുക്കാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ ഇടപെട്ട് അയോധ്യയിലേക്കോ മധുരയിലേക്കോ പോകാൻ ഉപദേശം നൽകി.
അയോധ്യയിൽ താമസ സൗകര്യമില്ലാതായതിനെ തുടർന്ന് ദമ്പതികൾ മധുരയിലേക്ക് പോകുകയും പിന്നീട് ജൗൻപൂരിലെ വൃദ്ധസദനത്തിൽ താമസമാരംഭിക്കുകയും ചെയ്തു. കുറച്ച് മാസങ്ങൾക്കുമുമ്പ് ശോഭാ ദേവിക്ക് കാലിൽ അസുഖം രൂക്ഷമാവുകയും നവംബർ 19-ന് ചികിത്സയ്ക്കിടെ അവർ മരിക്കുകയും ചെയ്തു.
ഭുവൽ ഇളയ മകനെ വിവരം അറിയിച്ചപ്പോൾ, “മൂത്ത ചേട്ടനോട് ചോദിചിട്ട് പറയും” എന്നായിരുന്നു മറുപടി. പിന്നീട്, വീട്ടിൽ മൂത്ത സഹോദരന്റെ മകന്റെ വിവാഹം നടക്കുന്നതിനാൽ, മൃതദേഹം നാല് ദിവസം ഫ്രീസറിൽ സൂക്ഷിക്കാൻ ആവശ്യപ്പെട്ടുവെന്നാണ് ഭുവൽ പറഞ്ഞത്. വിവാഹ സമയത്ത് മൃതദേഹം വീട്ടിൽ കൊണ്ടുവരുന്നത് അശുഭമാണെന്നായിരുന്നു അവരുടെയും വാദം.
സ്ഥിതിഗതികൾ മനസ്സിലാക്കിയ വൃദ്ധസദനത്തിന്റെ ഉടമ രവി കുമാർ ചൗബേ നേരിട്ട് മക്കളെ വിളിക്കുകയും സംഭവത്തെക്കുറിച്ച് ബന്ധുക്കളെയും അറിയിക്കുകയും ചെയ്തു. ചില ബന്ധുക്കൾ അവസാനമായി ശോഭാ ദേവിയെ കാണണമെന്ന് അറിയിച്ചു. തുടർന്ന്, മക്കൾ മൃതദേഹം ഏറ്റുവാങ്ങി ജൗൻപൂരിലേക്ക് കൊണ്ടുപോയെങ്കിലും അന്തിമോപചാരങ്ങൾ ഒന്നും നിർവഹിക്കാതെ തന്നെ മൂത്ത മകൻ സംസ്കാരം നടത്തി.
മാതാപിതാക്കളെ ഇടയ്ക്കെങ്കിലും വിളിച്ച് സുഖവിവരം അന്വേഷിച്ചിരുന്നത് ഇളയ മകനായിരുന്നു എന്നും മറ്റ് ബന്ധുക്കൾ മാതാപിതാക്കളോടൊരുവിധ ബന്ധവുമില്ലായിരുന്നുവെന്നും രവി ചൗബേ പറഞ്ഞു.























