ഇൻസ്റ്റാഗ്രാമിൽ ഓരോ കാലത്തും ഓരോ ട്രെൻഡുകളാണ്. ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ തരംഗം പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. പല ഗായകരും പാടി സൂപ്പർ ഹിറ്റുകളാക്കിയ പാട്ടുകൾ മോദി പാടിയാൽ എങ്ങനെ ഉണ്ടാകും. മോദിയുടെ ശബ്ദത്തിലുള്ള പാട്ടുകളാണ് ഇപ്പോൾ ഇൻസ്റ്റാഗ്രാമിലും സമൂഹമാധ്യമങ്ങളിലും വൈറൽ ആയിരിക്കുന്നത്. പാട്ട് കേട്ട ഭൂരിഭാഗം പേരും മോദിയുടെ പാട്ടിന് അഡിക്റ്റ് ആയിട്ടുണ്ട്.
തമിഴ്, മലയാളം പാട്ടുകളാണ് കൂടുതലായും ഉള്ളത്. എന്നാൽ ഇത് ആരെങ്കിലും ചെയ്യുന്ന ശബ്ദാനുകരണം ഒന്നുമല്ല. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചാണ് ഈ പാട്ടുകൾ മോദിയുടെ ശബ്ദത്തിലേക്ക് മാറ്റിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ പേരിൽ പല ട്രോളുകളും പല കാലത്തും രസകരമായ ഇറങ്ങിയിട്ടുണ്ടെങ്കിലും എ. ഐ. പാട്ടുകൾക്ക് ആരാധകർ കൂടി എന്നതാണ് ഇത്തരം പോസ്റ്റുകൾക്ക് ലഭിക്കുന്ന കമന്റുകൾ സൂചിപ്പിക്കുന്നത്. ഗായകരെ ട്രോളുന്ന പേജുകളിൽ പോലും മോദിയാണ് പ്രധാനഗായകൻ.
നരേന്ദ്രമോദിയെ ട്രോളുന്നതിനെ എതിർത്തും അനുകൂലിച്ചും കമന്റുകൾ വരുന്നുണ്ട്. ട്രോളിയാൽ വൈകാതെ ഇൻസ്റ്റാഗ്രാം ഇന്ത്യയിൽ നിരോധിക്കുമെന്നാണ് ഒരു വിഭാഗം ആശങ്കപ്പെടുന്നത്. എന്നാൽ മോദിയുടെ ശബ്ദത്തിൽ പാട്ടുകൾ കേൾക്കാൻ ഇഷ്ടമാണെന്നും പുതിയ പാട്ടുകൾ വരട്ടെ എന്നുമാണ് വേറെ ഒരു വിഭാഗത്തിന് പറയാനുള്ളത്. മോദിക്ക് ഒപ്പം മറ്റ് നടീനടന്മാരുടെ ശബ്ദത്തിലും പാട്ടുകൾ വരുന്നുണ്ട്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കടന്നുവരവോടെ പലതരത്തിലുള്ള പരീക്ഷണങ്ങളാണ് ഇന്ന് നമുക്ക് ചുറ്റും നടന്നുകൊണ്ടിരിക്കുന്നത്. വാർത്ത വായിക്കുന്നതിന് ഉൾപ്പടെ എ.ഐ. അവതാരകൻ വന്നു. ആളുകളുടെ രൂപം മാറ്റൽ, ശബ്ദം മാറ്റൽ, തുടങ്ങി നിരവധി കാര്യങ്ങൾ പലരും പരീക്ഷിക്കുന്നുണ്ട്. ഒരു തരത്തിൽ നല്ലതും എന്നാൽ വലിയ പണി കിട്ടാനും സാധ്യതയുള്ള പരീക്ഷണമാണ് ഇവ.