കുട്ടികളുടെ മാനസിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി സംസ്ഥാനത്തെ സ്‌കൂളുകളിൽ സുംബ (Zumba) നൃത്തം ഉൾപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം മുന്നോട്ടു വെച്ചു. യുവ തലമുറയിൽ സമ്മർദ്ദവും മയക്കുമരുന്നും ചെലുത്തുന്ന സ്വാധീനത്തെ കുറിച്ച് ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ അടുത്ത അധ്യയന വർഷത്തിൻ്റെ തുടക്കത്തിൽ സുംബ ഉൾപ്പെടുത്താൻ കഴിയുമോ എന്ന് പരിശോധിക്കാൻ അദ്ദേഹം വിദ്യാഭ്യാസ മന്ത്രിയോട് ആവശ്യപ്പെട്ടു.
ഇത്രയേറെ ചർച്ചയായ സുംബ നൃത്തം എന്തെന്നും, അതിൻ്റെ പ്രയോജനങ്ങൾ എന്തെല്ലാമെന്നും നോക്കാം. എല്ലാ പ്രായക്കാർക്കും ഫിറ്റ്‌നസ് തലങ്ങളിലുമുള്ളവർക്കും രസകരവും ഫലപ്രദവുമായ എയറോബിക് വ്യായാമം നൽകുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഒരു നൃത്താധിഷ്ഠിത ഫിറ്റ്‌നസ് പ്രോഗ്രാമാണ് സുംബ. ലാറ്റിൻ, പാശ്ചാത്യ സംഗീതവും ഊർജ്ജസ്വലമായ നൃത്തച്ചുവടുകളും സംയോജിപ്പിക്കുന്ന രീതിയാണിത്.
സുംബ നൃത്ത ക്ലാസുകൾ സാധാരണയായി വേഗതയേറിയതും പതിഞ്ഞതുമായ താളങ്ങളുടെ സമ്മിശ്രമാണ്. ശരീരത്തെ ടോൺ ചെയ്യാനും, രൂപപ്പെടുത്താനും ഹൃദയ സംബന്ധമായ ഫിറ്റ്നസ് മെച്ചപ്പെടുത്താനും രൂപകൽപ്പന ചെയ്‌ത ചലനങ്ങൾ ഇതിൽ ഉൾപ്പെടുന്നു. 2001ൽ കൊളംബിയൻ നർത്തകനും നൃത്ത സംവിധായകനുമായ ബെറ്റോ പെരെസാണ് സുംബ ആരംഭിച്ചത്.