| എസ് സുധീപ് (മുൻ സബ് ജഡ്ജി)
എസ് ഐ യെ റിമാന്റ് ചെയ്യാൻ ഉത്തരവായ അന്നു രാത്രി ക്വാർട്ടേഴ്സിനു നേരെ കല്ലേറുണ്ടാവുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു. അയാൾ കൊടുങ്ങല്ലൂർ എസ് ഐ ആയിരിക്കെ അന്തമില്ലാത്തത്ര പെറ്റിക്കേസുകൾ ചാർജ് ചെയ്തിരുന്നു. പിന്നീടയാൾ സ്ഥലം മാറിപ്പോയി. വിസ്താരസമയം എത്ര വാറന്റയച്ചാലും അയാൾ ഹാജരാകാതെ, അയാൾ അന്വേഷണ ഉദ്യോഗസ്ഥനും സാക്ഷിയുമായ കേസുകൾ നീണ്ടുപോയി.
ഒരു ദിവസം ഒരു കേസിൽ അയാൾ സാക്ഷിയായി കോടതിയിലെത്തി. ഒമ്പതോളം തവണ വാറൻറയച്ചിട്ടും അയാൾ ഹാജരാകാത്ത, വാറന്റ് നിലവിലുള്ളതും അന്നു പോസ്റ്റിംഗ് ഇല്ലാത്തതുമായ ഒരു കേസ് ഫയൽ ഞാനെടുപ്പിച്ചു. അയാളെ നിലവിലുള്ള വാറൻറിന്മേൽ അറസ്റ്റ് ചെയ്തതായി രേഖപ്പെടുത്തി. കേസിന്റെ അവധി അന്നല്ലാത്തതിനാൽ അടുത്ത അവധിയ്ക്ക് ഹാജരാകാമെന്ന ബോണ്ട് എഴുതി നൽകണമെന്നും ഉറപ്പിലേയ്ക്കായി 5,000 രൂപ കോടതിയിൽ കെട്ടിവയ്ക്കണമെന്നും, അപ്രകാരം ചെയ്യാത്തപക്ഷം മാത്രം അയാളെ റിമാന്റ് ചെയ്യാനും കൂടി രേഖപ്പെടുത്തി.
ഇത്രയും സംഭവങ്ങളൊക്കെ രാവിലെ തന്നെ കഴിഞ്ഞു. ഉച്ചയ്ക്കുശേഷം സിറ്റിംഗ് ഇല്ല. ഞാൻ ചേംബറിലിരുന്ന് ജോലികൾ തുടർന്നു. സാക്ഷിയായി വരാത്ത ഉയർന്ന മറ്റു പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അതിനുമുമ്പും സമാനമായ ഉത്തരവുകൾ ഞാൻ പുറപ്പെടുവിച്ചിട്ടുണ്ട്. അവർക്ക് ബോണ്ടിനൊപ്പം തുകയും കെട്ടിവയ്ക്കേണ്ടി വന്നിട്ടുണ്ട്.
ഞാനും പൊലീസും തമ്മിൽ കാണുന്ന ഒരേയൊരു സ്ഥലം കോടതി മുറിയും ക്വാർട്ടേഴ്സിലെ റിമാന്റ് വേളകളും മാത്രം. അതൃപ്തിയുള്ള ഒത്തിരി പൊലീസുകാരുണ്ട്. വൈകിട്ട് അഞ്ചു മണിയാവാറാകുന്നു. എസ് ഐ പണം കെട്ടി വച്ചിട്ടില്ലെന്നും അയാൾ സെഷൻസ് കോടതിയെ സമീപിച്ചിട്ടുണ്ടെന്നും സ്റ്റാഫ് അറിയിച്ചു. മേൽക്കോടതി ഉത്തരവുകളൊന്നും വന്നിട്ടില്ല. പണം കെട്ടി വച്ചതുമില്ല. ഞാൻ റിമാന്റ് ഉത്തരവ് ഒപ്പിട്ടു. റിമാന്റിലായ ആളെ സബ് ജയിലിലേയ്ക്കു കൊണ്ടുപോകാനുള്ള ഉത്തരവ് ഏറ്റുവാങ്ങാൻ പൊലീസ് വിസമ്മതിച്ചതായി കോടതി സ്റ്റാഫ് അറിയിച്ചു. റിമാന്റ് ഉത്തരവും പ്രതിയെയും ജയിലിൽ എത്തിക്കാനുള്ള ചുമതല കോടതി സ്റ്റാഫിനെ ഏല്പിച്ച് ഉത്തരവെഴുതി.
അപ്പോഴേയ്ക്കും സെഷൻസ് കോടതി ഉത്തരവെത്തി, പണം കെട്ടിവയ്ക്കേണ്ടതില്ല, റിമാൻറും ഒഴിവാക്കി. അറസ്റ്റ് ചെയ്ത കേസിന്റെ അവധി ദിവസം ഹാജരാകാൻ നിർദേശം. മജിസ്ട്രേറ്റിന്റെ ഉത്തരവ് ഹാജരാക്കാതെ, സെഷൻസിൽ നിന്നു വാങ്ങിയ നിർദേശങ്ങൾ. നടപടികൾ അവസാനിപ്പിച്ച്, മൂന്നര കിലോമീറ്റർ അകലെയുള്ള ക്വാർട്ടേഴ്സിലേയ്ക്കു പോകാനായി ഞാൻ ഓട്ടോ വിളിപ്പിച്ചു. ചേംബറിൽ നിന്നിറങ്ങുവോളം ഞാൻ പുറത്തെ സംഗതികളൊന്നും അറിയുന്നതേയുണ്ടായിരുന്നില്ല.
സോഷ്യൽ മീഡിയ ഇല്ലാതിരുന്ന 2005 കാലത്ത്, എസ് ഐ യെ റിമാന്റ് ചെയ്ത വാർത്തയറിഞ്ഞ് ജനം കോടതി വളപ്പിലും റോഡിലും നിറഞ്ഞു കവിഞ്ഞിരുന്നു. മൊത്തം ബ്ലോക്കായി. എസ് ഐയെ റിമാന്റ് ചെയ്ത, അമിതാഭ് ബച്ചനെപ്പോലെ ആറടിപ്പൊക്കവും ഒത്ത ശരീരവുമുള്ള ഒരു മജിസ്ട്രേറ്റ് ഇപ്പോൾ വരും. ഒരു സ്കോർപ്പിയോയിലേയ്ക്ക് അയാൾ കയറും. ജനം വഴിയൊരുക്കി കാത്തു നിന്നു.
ഒരു നത്തോലി ഓട്ടോയിലേയ്ക്കു കയറി. ജനം അന്തം വിട്ടു കുന്തം വിഴുങ്ങി നിന്നു. നത്തോലി ചെറിയ മീനല്ലെന്ന ചിത്രം അണിയറയിലും മണിയറയിലുമില്ല. ക്വാർട്ടേഴ്സിലെ അഞ്ചു മണി വരെയുള്ള സമാധാനത്തിനു പതിവുപോലെ ഭംഗം വരുത്തി ഞാൻ ചെന്നു. ഇന്ന് എന്തൊക്കെ പ്രശ്‌നങ്ങളുണ്ടാക്കി എന്ന പതിവ് ആകാംക്ഷയോടെ ജ്യോതി വാതിൽ തുറന്നു.
ഇന്നു രാത്രി ക്വാർട്ടേഴ്സിനു നേരെ കല്ലേറുണ്ടാവുമെന്ന സന്തോഷവർത്തമാനം ഞാനവളെ അറിയിച്ചു. മറ്റിടങ്ങളിലെ മുൻഗാമികൾക്കു കീഴ് വഴക്കപ്രകാരം കിട്ടിയിട്ടുള്ള ബഹുമതിയാണത്. മുൻസിഫിന്റെ ക്വാർട്ടേഴ്സ് അതേ വളപ്പിലാണ്, വേർതിരിക്കാൻ മതിലില്ല. മുൻസിഫ് സ്ഥലത്തില്ല, കാർ മുറ്റത്തുണ്ടുതാനും. രാത്രി കല്ലേറിൽ കാറിനെന്തെങ്കിലും സംഭവിച്ചാൽ മാഡം സഹിച്ചോളൂ എന്ന് മുൻസിഫിനെ വിളിച്ച് അറിയിച്ചു.
റോഡിന് തൊട്ടരികിലാണ് ക്വാർട്ടേഴ്സ്. തീരെച്ചെറിയ ഒരു കെട്ടിടം. കിടപ്പുമുറിയും റോഡിനു ചേർന്ന്. കഞ്ഞി കുടിച്ച് ഞാൻ സുഖമായുറങ്ങി. അലാറം വയ്ക്കേണ്ട ആവശ്യമില്ല, കല്ല് നെറുകന്തലയിൽ വീഴുമ്പോൾ എഴുന്നേറ്റാൽ മതി. രാത്രി രണ്ടു മണി. വലിയ ശബ്ദത്തോടെ ജനൽച്ചില്ലുകൾ പൊട്ടിത്തകർന്നു. ഞാനെഴുന്നേറ്റ് കോട്ടുവായിട്ടു. ഒരു ബൈക്ക് സ്റ്റാർട്ട് ചെയ്ത് പാഞ്ഞു പോകുന്ന ശബ്ദം. ഗെയ്റ്റിനു നേരെയുള്ള ഓഫീസ് മുറിയുടെ ജനൽച്ചില്ലകളാണു തകർന്നത്.
ഞാൻ ലോക്കൽ പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു, നിയമപ്രകാരം ചെയ്യേണ്ട ഒന്നായതിനാൽ. പൊലീസ് സ്ഥലത്തെത്തി, സ്വമേധയാ എഫ് ഐ ആർ രേഖപ്പെടുത്തി. പിറ്റേന്ന് ആ കേസിൽ ഞാനൊരു പരാതി രേഖാമൂലം പൊലീസിനു നൽകി. കൃത്യം ചെയ്തതായി ഞാൻ സംശയിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ പേരുകൾ ആ പരാതിയിൽ അക്കമിട്ടു പറഞ്ഞിരുന്നു. പരാതി കേസ് ഫയലിൽ വരുമെന്ന് ഉറപ്പില്ലാത്തതിനാൽ ആഭ്യന്തര മന്ത്രിക്കും ഡിജിപിയ്ക്കും ഒക്കെ പകർപ്പ് അയച്ചു.
രണ്ടു മാസത്തിനകം എനിക്ക് സ്ഥലം മാറ്റമായി. ഞാൻ പോകുവോളവും ഞാൻ നൽകിയ പരാതി കേസിന്റെ ഭാഗമായില്ല. അതിനു ശേഷവും വന്നതായി അറിവുമില്ല. പൊലീസ് ആരെയും പ്രതിസ്ഥാനത്ത് ചേർത്തില്ല. ആ കേസിന് എന്തു സംഭവിച്ചെന്ന് പതിനാറു വർഷങ്ങൾ കഴിഞ്ഞിട്ടും എന്നെ അറിയിച്ചിട്ടുമില്ല.
പ്രതികളായി സംശയിക്കുന്നവരുടെ പേര് ഇര പറഞ്ഞാൽ, അവരെ പ്രതിചേർത്ത് അന്വേഷണം നടത്തണമെന്നും അതിനു ശേഷം കേസ് എഴുതിത്തള്ളിയാൽ ഇരയ്ക്ക് റഫർ നോട്ടീസ് നൽകണമെന്നുമൊക്കെയുള്ള സാമാന്യനീതി ഒരു മജിസ്ട്രേറ്റിനു കിട്ടിയില്ലെങ്കിൽ, സാധാരണക്കാരന് എന്തു കോപ്പാണ് സർ ഈ പൊലീസിൽ നിന്നു കിട്ടുക? കാലഗണന ഒരു ഘടകമേയല്ലെങ്കിലും സംഭവം നടന്ന വർഷം പറയാം, 2005. ഇന്നാണെങ്കിൽ എന്തു മാറ്റമുണ്ടാവും എന്നു ചോദിച്ചാൽ എനിക്കു മറുപടിയില്ല.























