യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസും ഭാര്യ ഉഷ വാൻസും നാല് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനായി തിങ്കളാഴ്‌ച എത്തും. ഈ സന്ദർശനം വെറുമൊരു ഔപചാരിക സന്ദർശനം മാത്രമല്ല. ഇന്ത്യ- യുഎസ് ബന്ധങ്ങൾക്കിടയിലുള്ള വളർന്നുവരുന്ന പങ്കാളിത്തത്തിൻ്റെ പ്രതീകമായി മാറും.
യുഎസ് പ്രതിരോധ, വിദേശകാര്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും വാൻസിനൊപ്പം ഇന്ത്യയിലെത്തും. ഇത് ഈ സന്ദർശനത്തിൻ്റെ പ്രാധാന്യം കൂടുതൽ വർദ്ധിപ്പിക്കും.
ഇന്ത്യയിലേക്കുള്ള വരവ്
വാൻസും കുടുംബവും രാവിലെ 10:00 മണിക്ക് പാലത്തിലെ വ്യോമസേനാ സ്റ്റേഷനിൽ പ്രത്യേക വിമാനത്തിൽ ഇറങ്ങും. കേന്ദ്ര സർക്കാരിൻ്റെ മുതിർന്ന കാബിനറ്റ് മന്ത്രി അദ്ദേഹത്തെസ്വാഗതം ചെയ്യും. അക്ഷർധാം ക്ഷേത്രം സന്ദർശിക്കുകയും പരമ്പരാഗത ഇന്ത്യൻ കരകൗശല വസ്‌തുക്കളുമായി ബന്ധപ്പെട്ട ഒരു ഷോപ്പിംഗ് കോംപ്ലക്‌സ് സന്ദർശിക്കുകയും ചെയ്യും.
പ്രധാന മന്ത്രിയുമായുള്ള കൂടിക്കാഴ്‌ച
തിങ്കളാഴ്‌ച വൈകുന്നേരം 6:30ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വാൻസിനെയും കുടുംബത്തെയും അദ്ദേഹത്തിൻ്റെ ഔദ്യോഗിക വസതിയായ 7 ലോക് കല്യാൺ മാർഗിൽ സ്വീകരിക്കും.
വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ, എൻഎസ്എ അജിത് ഡോവൽ, വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി, യുഎസിലെ ഇന്ത്യൻ അംബാസഡർ വിനയ് മോഹൻ ക്വാത്ര എന്നിവരും ഈ ഉന്നതതല യോഗത്തിൽ പങ്കെടുക്കും. ഉഭയകക്ഷി വ്യാപാര ഉടമ്പടി, തന്ത്രപരമായ സഹകരണം, ഭാവി സംയുക്ത സംരംഭങ്ങൾ എന്നിവ ചർച്ച ചെയ്യും. പ്രധാനമന്ത്രി മോദി ഔപചാരിക അത്താഴവിരുന്ന് സംഘടിപ്പിക്കും.
രാജസ്ഥാനി നിറങ്ങളിൽ വാൻസ്
വാൻസും കുടുംബവും ഡൽഹിയിലെ പ്രശസ്തമായ ഐടിസി മൗര്യ ഷെറാട്ടൺ ഹോട്ടലിൽ താമസിച്ച് തിങ്കളാഴ്‌ച രാത്രി ജയ്‌പൂരിലേക്ക് പോകും. ഏപ്രിൽ 22ന് അദ്ദേഹം യുനെസ്കോയുടെ ലോക പൈതൃക സ്ഥലമായ ചരിത്രപ്രസിദ്ധമായ ആമേർ ഫോർട്ട് സന്ദർശിക്കും. തുടർന്ന് അദ്ദേഹം രാജസ്ഥാൻ ഇൻ്റെർനാഷണൽ സെൻ്റെറിൽ ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്യും.
ട്രംപ് ഭരണകൂടത്തിന് കീഴിലുള്ള ഇന്ത്യ- യുഎസ് ബന്ധങ്ങൾ അവലോകനം ചെയ്യുകയും ഭാവി ദിശയിലേക്ക് വെളിച്ചം വീശുകയും ചെയ്യും. നയതന്ത്രജ്ഞർ, നയതന്ത്ര വിദഗ്ദർ, അക്കാദമിക് വിദഗ്ധർ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും.
താജ്‌മഹൽ സന്ദർശനം
ഏപ്രിൽ 23ന് വാൻസിൻ്റെ കുടുംബം ആഗ്രയിൽ എത്തും. അവിടെ അവർ താജ്‌മഹലും ശിൽപഗ്രാമും സന്ദർശിക്കും. ആഗ്ര സന്ദർശിച്ച ശേഷം വാൻസ് ജയ്‌പൂരിലേക്ക് മടങ്ങും, അവിടെ അദ്ദേഹം റാംബാഗ് കൊട്ടാരത്തിൽ താമസിക്കും.
ഇന്ത്യ- യുഎസ് പുതിയ ബന്ധങ്ങൾ
പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആരംഭിച്ച താരിഫ് യുദ്ധം ആഗോള വ്യാപാര സമവാക്യങ്ങളിൽ കോളിളക്കം സൃഷ്‌ടിച്ച സമയത്താണ് വാൻസിൻ്റെ ഈ സന്ദർശനം നടക്കുന്നത്. ഈ പശ്ചാത്തലത്തിൽ, വാൻസിൻ്റെ ഇന്ത്യാ സന്ദർശനം ഉഭയകക്ഷി ബന്ധങ്ങളിൽ സന്തുലിതാവസ്ഥയ്ക്കും പോസിറ്റീവ് സഹകരണത്തിനും പുതിയ സാധ്യതകൾ തുറക്കും.
വാൻസിൻ്റെ ഈ സന്ദർശനം ഒരു രാഷ്ട്രീയ മര്യാദ മാത്രമല്ല. ഇന്ത്യയും അമേരിക്കയും തന്ത്രപരമായ പങ്കാളിത്തത്തിൻ്റെ ഒരു പുതിയ അധ്യായത്തിലേക്ക് നീങ്ങുന്നു എന്നതിൻ്റെ സൂചനയാണ്.