| ശരണ്യ എം ചാരു
മുസ്ലിം പിന്തുടർച്ചാവകാശത്തിൽ തുല്യ നീതി തേടി വി.പി. സുഹ്റയെന്ന 70 വയസ്സുള്ളൊരു സ്ത്രീ ഡൽഹി ജന്തർമന്ദറിൽ മരണം വരെ നിരാഹാര സമരം ആരംഭിച്ചിരിക്കുന്നത് ഇന്ത്യയിലാണെന്ന് പറയുന്നത് അത്രമേൽ അഭിമാനിക്കാവുന്നൊരു കാര്യമാണെന്ന് തോന്നുന്നില്ല . ഈ 21 ആം നൂറ്റാണ്ടിൽ രാജ്യത്തെ മറ്റെല്ലാ വിഭാഗത്തിൽ പെട്ട സ്ത്രീകൾക്കും അവരുടെ ഭർത്താവിന്റെ, അച്ഛന്റെ സ്വത്തിൽ തുല്യമായ അവകാശം ഉള്ളപ്പോഴാണ് മുസ്ലീം സ്ത്രീകൾക്ക് മാത്രം അതില്ലാതിരിക്കുന്നത്.
സ്വന്തമായി അദ്ധ്വാനിച്ചുണ്ടാക്കിയ സ്വത്തുവകകൾ പോലും ഇഷ്ടപ്പെട്ടവരുടെ പേരിൽ വിൽപത്രം എഴുതാൻ സാധിക്കാതെ പോകുന്നത്. സുഹ്‌റത്തയുടേത് ചരിത്രപരമായ കാൽവെയ്പ്പാണെന്നൊക്കെ പറയാൻ തോന്നുമ്പോഴും അതങ്ങനെ ആണോ എന്ന് സംശയമുണ്ട്. അത്രമേൽ അനുഭവിച്ചു കാണില്ലേ മുസ്‌ലിം സ്ത്രീകൾ, ഇപ്പോഴും അനുഭവിക്കുകയല്ലേ അവർ. നിരന്തരം ഇന്നാട്ടിലെ മത നിയമങ്ങളോട് കലഹിക്കയല്ലേ. മാറി മാറി വരുന്ന സർക്കാരുകളുടെ വാതിലിൽ മുട്ടുകയല്ലേ?
അപ്പോഴും ഇന്നാട്ടിലെ മത പുരോഹിതർ എന്താണ് ചെയ്യുന്നത്? 25 വർഷം മുന്നേ ഭർത്താവ് മരിച്ച മുസ്ലിം സ്ത്രീ യാത്ര പോയതിനെ വിമർശിച്ചു പ്രസംഗിക്കുന്നു. സ്ത്രീകൾക്ക് വിദ്യാഭ്യാസവും ജോലിയും ഉണ്ടാവേണ്ടതില്ല, അവരെ കെട്ടിയോൻമാർ നോക്കിക്കോളുമെന്ന് പറയുന്നു. ലിബറലിസ്റ്റുകളെ ചാക്കിട്ടു പിടിത്തക്കാർ എന്ന് വിമർശിക്കുന്നു. ഇതിന്റെ മൂന്നിൽ ഒന്ന് സമയം വേണ്ട കൂടെയുള്ള സ്ത്രീകൾ നേരിടുന്ന അവകാശ ലംഘനങ്ങളെ കുറിച്ചു സംസാരിക്കാൻ, ഇതിന്റെ മൂന്നിൽ ഒന്ന് സമയം വേണ്ട കൂടെയുള്ള സ്ത്രീകൾക്ക് തുല്യ നീതി ഉറപ്പ് നൽകാൻ.
പക്ഷെ ചെയ്യില്ല, എന്നിട്ട് പ്രതികരിക്കുന്ന സ്ത്രീകളുടെ പോരാട്ടം ഇസ്ലാമിനെതിരായി സംഘ പരിവാറിനെ സഹായിക്കാനും ശക്തിപ്പെടുത്താനുമാണെന്ന് പറഞ്ഞു നടക്കും. അതാകുമ്പോ എളുപ്പമാണല്ലോ. നിരന്തരം സംഘപരിവാറുകാരാൽ അക്രമിക്കപ്പെടുന്ന, അവർ ഇല്ലാതാക്കാൻ ആഗ്രഹിക്കുന്ന ന്യൂനപക്ഷ ജനവിഭാഗമെന്ന നിലയിൽ മുസ്ലിംങ്ങളെ ചേർത്തു പിടിക്കാൻ ശ്രമിക്കുമ്പോഴും, സംഘപരിവാറുകാരെ പോലെ തന്നെ ഭയപ്പെടേണ്ട കൂട്ടരായി ജമാഅത്തെ പോലുള്ള സംഘടനകൾ മാറിയിരിക്കുന്നു എന്ന് പറയാതിരിക്കാൻ കഴിയില്ല.
എന്തൊക്കെ വിഡ്ഢിത്തങ്ങളാണ് ആ കൂട്ടർ പറഞ്ഞു പരത്തുന്നത്. അതിനെ വിമർശിക്കുമ്പോൾ എന്തൊരു അസഹിഷ്ണുതയും അക്രമ സ്വഭാവവുമാണ് ഇക്കൂട്ടർ നടത്തിക്കൊണ്ടിരിക്കുന്നത്. എന്തൊരു വൃത്തികെട്ട ഭാഷയിലാണ് പലരും പ്രതികരണങ്ങൾ നടത്തുന്നത്. അക്ഷരാർത്ഥത്തിൽ സംഘപരിവാരത്തെ ഓർമ്മിപ്പിക്കയാണവർ. മതശാസനകളെ ഭയന്ന് ഹത്വകളെ ഭയന്ന് ലക്ഷക്കണക്കിന് മുസ്ലിം സ്ത്രീകൾ ഈ കളായലവിനുള്ളിൽ നിശബ്ദമായി സ്വത്തവകാശത്തിലെ വിവേചനങ്ങളെ പോലെ എത്ര എത്ര വിവേചനങ്ങളെ സഹിച്ചു കാണും. പള്ളി വിലക്കും, പള്ളിബുക്കിലെ പേര് വെട്ടലും ഭയന്ന് എത്ര സ്ത്രീകൾ പ്രതികരണങ്ങൾ ഉള്ളിൽ ഒതുക്കി കാണും. കുടുംബം നോക്കേണ്ടവൻ പുരുഷനാണെന്നും, അവൻ നൽകുന്നത് കൊണ്ട് തൃപ്തിപ്പെടേണ്ടവളാണ് സ്ത്രീകളെന്നുമുള്ള തെറ്റായ വ്യാഖ്യാനത്തിലൂടെ എത്ര കാലമായികാണും സ്ത്രീകൾക്കും കൂടി അവകാശപ്പെട്ട സ്വത്ത് പുരുഷന്മാർ കയ്യടക്കി ജീവിക്കാൻ തുടങ്ങിയിട്ട്.
കൺമുന്നിൽ നടക്കുന്ന ഏറ്റവും വലിയ അനീതി തിരിച്ചറിഞ്ഞിട്ടും പ്രതികരിക്കാതിരിക്കുന്ന മാറി മാറി വരുന്ന ഓരോ സർക്കാരും കൂടി മുസ്ളീം സ്ത്രീകളുടെ ഈ അവസ്ഥയ്ക്ക് ഉത്തരവാദികളാണ്. സുഹ്റാത്തയെന്ന 70 കാരിയുടെ മരണം വരെയുള്ള നിരാഹാര സമരത്തിന് കാരണക്കാരാണ്. ഉസ്താദുമാരുടെ ഭാഷയിൽ പറഞ്ഞാൽ, “ദിക്റും സ്വലാത്തും ചൊല്ലി വീട്ടിൽ ഇരിക്കേണ്ട ഭർത്താവ് മരിച്ച, 70 കഴിഞ്ഞ ഈ സുഹ്റാത്ത” പക്ഷെ തെരുവിൽ മരണം വരെ പോരാടാനിറങ്ങുന്ന പോരാളിയാണ് ഞങ്ങൾക്ക്. പുതുതായൊരു ഫത്‌വ ഇറങ്ങുന്നതും നോക്കി അവർ മുസ്ലിം സ്ത്രീകൾക്ക് വേണ്ടിയുള്ള പോരാട്ടത്തിലാണ്…