ശബരിമല സ്വർണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്‌ണൻ പോറ്റി ശബരിമലയിൽ സദ്യയും അന്നദാനവും സ്‌പോൺസർ ചെയ്‌തതിൻ്റെ ദൃശ്യങ്ങൾ പുറത്ത്. ആറ്റിങ്ങൽ എംപിയും നിലവിൽ യുഡിഎഫ് കൺവീനറുമായ അടൂർ പ്രകാശിനെ സദ്യ ഉദ്ഘാടനം ചെയ്യാൻ പോറ്റി ശബരിമലയിൽ എത്തിച്ചു. ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും കോൺഗ്രസ് നേതാവുമായിരുന്ന പ്രയാർ ഗോപാലകൃഷ്‌ണനാണ് 2017 ജനുവരി ഒന്നിൻ്റെ സദ്യ ഉദ്ഘാടനം ചെയ്‌തത്.
സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റംഗവും ദേവസ്വം ബോർഡ് മുൻ അംഗവുമായ കെ രാഘവനാണ് 2018 ജനുവരിയിലെ അന്നദാനം ഉദ്ഘാടനം ചെയ്‌തത്. ഉണ്ണികൃഷ്‌ണൻ പോറ്റി സദ്യയും അന്നദാനവും സ്‌പോൺസർ ചെയ്‌തൻ്റെ മറവിൽ ഭക്തരിൽ നിന്ന് ലക്ഷക്കണക്കിന് രൂപ സംഭാവനയായി സ്വീകരിച്ചിരുന്നു എന്ന് ദേവസ്വം വിജിലൻസ് തന്നെ കണ്ടെത്തിയിരുന്നു. അടൂർ പ്രകാശിനെ പോലെയുള്ള ഉന്നതരെ മറയാക്കിയായിരുന്നു ഈ തട്ടിപ്പ് എന്ന് വ്യക്തമാക്കുന്നതാണ് ദൃശ്യങ്ങൾ.
പോറ്റി ശബരിമലയിൽ നടത്തിയ അന്നദാനം താൻ ഉദ്ഘാടനം ചെയ്‌തിരുന്നുവെന്ന് അടൂർ പ്രകാശ് നേരത്തെ പറഞ്ഞിരുന്നു. ശബരിമലയിലെ അന്നദാനം ഉദ്ഘാടനം ചെയ്യാൻ എത്തണമെന്ന് പോറ്റി തന്നോട് പറഞ്ഞിരുന്നുവെന്നും അതിനാണ് താൻ പോയതെന്നും അടൂർ പ്രകാശ് പറഞ്ഞിരുന്നു. എന്നാൽ അന്ന് പോറ്റി ഒരു കാട്ടുകള്ളനാണെന്ന് അറിയില്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
അതേസമയം, ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട രണ്ട് കേസുകളിലും ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ഉണ്ണികൃഷ്‌ണൻ പോറ്റി കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായിരുന്നു. 90 ദിവസമായിട്ടും കേസിൽ കുറ്റപത്രം നൽകാത്തതിനാൽ ദ്വാരപാലക പാളി കേസിന് പിന്നാലെ കട്ടിളപ്പാളി കേസിലും സ്വാഭാവിക ജാമ്യം ലഭിച്ചതോടെ ആണ് 110 ദിവസത്തെ ജയിൽ വാസത്തിന് ശേഷം പോറ്റി പുറത്തിറങ്ങിയത്. കേസിൽ പ്രതികളായിരുന്നു മുരാരി ബാബു, ശ്രീകുമാർ, സുധീഷ് എന്നിവർക്ക് പിന്നാലെയാണ് ഒന്നാം പ്രതിയായ പോറ്റിക്കും ജാമ്യം ലഭിച്ചത്.























