| ജോയ് മാത്യു
ഞാനൊരു കോൺഗ്രസ്സുകാരനല്ല;ആയിരുന്നിട്ടുമില്ല. പക്ഷെ കോൺഗ്രസ്സിനെ മാറ്റിനിർത്തി ഇന്ത്യൻ രാഷ്ട്രീയത്തെ കാണുക വയ്യ.ജനാധിപത്യ സംവിധാനത്തിൽ വിശ്വസിക്കുന്ന രാജ്യത്ത് ശക്തമായ പ്രതിപക്ഷം അത്യന്താപേക്ഷിതമായത് കൊണ്ടാണ് കോൺഗ്രസ്സ് പാർട്ടി പോലൊന്ന് രാജ്യത്ത് വേണം എന്നാഗ്രഹിക്കുന്നത് .
കടൽക്കിഴവന്മാർ നിയന്ത്രിക്കുന്ന ഒരു പായ്ക്കപ്പലായിരുന്ന കേരളത്തിലെ കോൺഗസ്സിന് ഇടക്കാലത്ത് ജീവൻ വെച്ചത് നേതൃത്വമാറ്റങ്ങളോടെയാണ്. എന്നാൽ കോൺഗ്രസ്സ് ദേശീയ അധ്യക്ഷ പദവിക്കുവേണ്ടിയുള്ള മത്സരത്തിൽ ശശി തരൂരിനെപ്പോലൊരു സ്ഥാനാർത്ഥിയെ പിന്തുണക്കാതിരിക്കുന്നതിലെ ഇവരുടെ അനൗചിത്യം എനിക്ക് മനസ്സിലാകുന്നില്ല.
എതിർ സ്ഥാനാർഥി മല്ലികാർജ്ജുൻ ഖാർഗേ മോശക്കാരനോ നേതൃപാടവം ഇല്ലാത്തയാളോ അല്ല. പക്ഷെ ഹൈക്കമാന്റ് എന്ന അവസാന വാക്കിൽ തീരുന്ന പാർട്ടി ജാനാധിപത്യത്തിന്റെ ബലിയാടായി ശശി തരൂർ മാറുന്നതോടെ കോൺഗ്രസ്സിന് ആധുനികനായ ,മികച്ച ഒരു നേതാവിനെയാണ് നഷ്ടമാവുക. രാഹുൽ ഗാന്ധിയുടെ അക്ഷീണ പരിശ്രമങ്ങൾ കോൺഗ്രസ്സിനെ വീണ്ടും യൗവ്വന യുക്തമാക്കുന്ന തരത്തിലാണ്. ഒപ്പം ശശിതരൂരിനെപ്പോലെയുള്ള ഒരു സ്റ്റേറ്റ്സ്‌മാനെ നേതൃത്വത്തിൽ കൊണ്ടുവരുന്നതോടെ കോൺഗ്രസ്സിനെ നവീകരിക്കാനുള്ള ഒരു പ്രക്രിയക്കായിരിക്കും അത് ആരംഭം കുറിക്കുക.
എഴുത്തിലും ചിന്തകളിലും പോപ്പുലാരിറ്റിയിലും ശശി തരൂരിനെ ഒരു നെഹ്‌റുവിയൻ പിന്തുടർച്ചയായി കാണാമെങ്കിൽ കൊട്ടാരത്തിലെ ഉപജാപകസംഘത്തുടർച്ചയായിട്ടാണ് കേരളത്തിലെ നേതാക്കൾ പിന്തുണക്കുന്ന ഖോർഗയെ കാണാനാവൂ.
കേരളത്തിലെ ഗ്രൂപ്പ് കളിയുടെ ഉസ്താദുമാർക്ക് ശശി തരൂർ അസ്വീകാര്യനാകുന്നത് എന്തുകൊണ്ടായിരിക്കാം എന്ന് എനിക്കിപ്പോഴും മനസ്സിലായിട്ടില്ല. ഈ കാലത്തിനും അതിനപ്പുറത്തേക്കും നോക്കുന്നതായിരിക്കണം പ്രസ്ഥാനങ്ങളുടെ കണ്ണുകൾ.
( കടപ്പാട്- ഫേസ്ബുക്ക് പോസ്റ്റ് )