അമേരിക്കയിലെ ഡയറി ഫാമുകളിൽ എച്ച്5എൻ1 പക്ഷിപ്പനി വ്യാപിക്കുന്നതായി റിപ്പോർട്ട്. 2024 മാർച്ച് മുതൽ തുടങ്ങിയ വ്യാപനം ആയിരത്തോളം കന്നുകാലികളിൽ പടരുകയും എഴുപത് മനുഷ്യരിൽ സ്ഥിരീകരിക്കുകയും ഒരു മരണവും റിപ്പോർട്ട് ചെയ്‌തിട്ടുമുണ്ട്. ഇതോടെ ആരോഗ്യ വിദഗ്‌ദർ ആശങ്കയിലാണ്.
ശസ്‌തനികളിൽ വൈറസിൻ്റെ തുടർച്ചയായ സാന്നിധ്യം മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരാൻ സാധ്യതയുള്ള മ്യൂട്ടേഷനുകളുടെ സാധ്യത വർദ്ധിപ്പിക്കുമെന്ന് ഗ്ലോബൽ വൈറസ് നെറ്റ്‌വർക്ക് (ജിവിഎൻ) മുന്നറിയിപ്പ് നൽകുന്നു. നിരീക്ഷണം ശക്തമാക്കുകയും ടെസ്റ്റുകൾ വിപുലപ്പെടുത്തുകയും വാക്‌സിനേഷൻ വ്യാപകമാക്കുകയും ചെയ്‌ത് രോഗവ്യാപന സാധ്യതക്ക് തടയിടണമെന്നും ജിവിഎൻ വ്യക്തമാക്കുന്നു.
പൊതുജനങ്ങൾക്കുള്ള അപകട സാധ്യത കുറവാണെന്ന് രോഗ നിയന്ത്രണ, പ്രതിരോധ കേന്ദ്രങ്ങൾ (സിഡിസി) വാദിക്കുന്നു. എന്നിരുന്നാലും, പ്രത്യേകിച്ച് രോഗബാധിതരായ മൃഗങ്ങളുമായി അടുത്ത ബന്ധം പുലർത്തുന്നവർക്ക് മുൻകരുതലുകളുടെ പ്രാധാന്യം ഊന്നിപ്പറയുന്നുണ്ട്. അമേരിക്കയിലെ അമ്പത് സംസ്ഥാനങ്ങളിലും രോഗവ്യാപനാം ഉണ്ടെന്നാണ് പുറത്തുവരുന്ന കണക്കുകൾ വ്യക്തമാക്കുന്നത്.
അടുത്തൊരു മഹാമാരി പൊട്ടിപ്പുറപ്പെടുക അമേരിക്കയിൽ നിന്നാവാമെന്ന് അടുത്തിടെ ആരോഗ്യ വിദഗ്‌ദർ പുറത്തുവിട്ട റിപ്പോർട്ടിൽ പറഞ്ഞിരുന്നു. എച്ച്5എൻ1 അഥവാ പക്ഷിപ്പനിക്ക് ജനിതക വ്യതിയാനം സംഭവിക്കുന്നത് തുടരുമെന്നും അമേരിക്കയിൽ ഉടനീളം പടരുമെന്നും ഇത് ഭാവിയിൽ മറ്റൊരു മഹാമാരിക്ക് കാരണമായേക്കാം എന്നുമാണ് സ്പെയിനിൽ നിന്നുള്ള ലാ വാംഗ്വാർഡിയ എന്ന ദിനപത്രത്തിൽ പുറത്തുവന്ന റിപ്പോർട്ടിൽ പറയുന്നത്.
നിലവിലെ പൊതുജനാരോഗ്യ അപകട സാധ്യത കുറവാണെങ്കിലും സിഡിസി സ്ഥിതിഗതികൾ ശ്രദ്ധാപൂർവ്വം നിരീക്ഷിക്കുകയും മൃഗങ്ങളുമായി സമ്പർക്കം പുലർത്തുന്ന ആളുകളെ നിരീക്ഷിക്കാൻ സംസ്ഥാനങ്ങളുമായി സഹകരിക്കുകയും ചെയ്യുന്നുണ്ട്.