ഇന്ത്യയില്‍ ആദ്യമായി ഹൈപ്പര്‍ലൂപ്പിന്റെ പരീക്ഷണം നടക്കുന്നതായി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. 410 മീറ്റര്‍ ഹൈപ്പര്‍ലൂപ്പ് ടെസ്റ്റ് ട്രാക്കിന്റെ നിര്‍മാണം പൂര്‍ത്തിയായതായി അദ്ദേഹം എക്‌സില്‍ കുറിച്ചു. വീഡിയോ പങ്കുവെച്ചായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. ഇന്ത്യയുടെ അതിവേഗ ഗതാഗതം എന്ന സ്വപ്നത്തിന്റെ തുടക്കമായാണ് ഹൈപ്പര്‍ലൂപ്പ് സംവിധാനത്തെ കാണുന്നത്. ഐഐടി മദ്രാസിന്റെ തയ്യൂരിലെ ഡിസ്‌കവറി കാമ്പസിലാണ് ടെസ്റ്റ് ട്രാക്ക് തയ്യാറാക്കിയത്.
ഇന്ത്യന്‍ റെയില്‍വേ, ഐഐടി-മദ്രാസിന്റെ ആവിഷ്‌കാര്‍ ഹൈപ്പര്‍ലൂപ്പ് ടീം, സ്റ്റാര്‍ട്ടപ്പായ TuTr ഹൈപ്പര്‍ലൂപ്പ് എന്നിവയുടെ സഹകരണത്തിന്റെ ഫലമാണ് ഹൈപ്പര്‍ലൂപ്പ് ട്രാക്ക് സംവിധാനം. ഹൈപ്പര്‍ലൂപ്പ് സാങ്കേതികവിദ്യ ഉടന്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള ഇന്ത്യയുടെ സാധ്യതയെക്കുറിച്ച് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ച മന്ത്രി ടീമിനെ അഭിനന്ദിക്കുകയും ചെയ്തു.
അതിവേഗതയില്‍ താങ്ങാനാകുന്നതും സുസ്ഥിരവുമായി സഞ്ചരിക്കാനുള്ള പാതയൊരുക്കുക എന്നതാണ് ലക്ഷ്യമെന്ന് പരീക്ഷണ ട്രാക്കിന് നേതൃത്വം വഹിച്ച സംഘം വ്യക്തമാക്കി. റെയില്‍വേയാണ് ഐഐടി മദ്രാസിലെ ഈ ഹൈപ്പര്‍ലൂപ്പ് സാങ്കേതിക വികസന സംരംഭത്തിന്റെ പ്രധാന പങ്കാളി. ഹൈപ്പര്‍ലൂപ്പ് ടെസ്റ്റ് ട്രാക്കില്‍ 100 കിലോമീറ്റര്‍ വേഗതയില്‍ പരീക്ഷണം നടത്തി. എന്നാല്‍, മണിക്കൂറില്‍ 600 കിലോമീറ്റര്‍ വേഗത കൈവരിക്കുകയാണ് ഇനിയുള്ള ലക്ഷ്യം.























