പൊതുപരിപാടിക്കിടയില്‍ വേദിയിൽ സംസാരിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ട നടന്‍ വിശാലിനെ കുറിച്ച് അപകീര്‍ത്തികരമായ വിവരങ്ങള്‍ പ്രചരിപ്പിച്ച കാരണത്താൽ മൂന്ന് യുട്യൂബ് ചാനലുകള്‍ക്കെതിരെ കേസ്. താരത്തിന്റെ കൈകള്‍ വിറച്ചതും സംസാരിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടതും വലിയ വാര്‍ത്തയായിരുന്നു.
വിശാലിന്റെ ആരാധകര്‍ക്ക് ഉൾപ്പെടെ വലിയ ആശങ്കയുണ്ടാക്കിയ സാഹചര്യത്തില്‍ അദ്ദേഹത്തിന് കടുത്ത പനിയും മൈഗ്രേനും ഉണ്ടായിരുന്നു എന്ന വിശദീകരണം അടുത്ത വൃത്തങ്ങള്‍ പുറത്തുവിടുകയും ചെയ്തിരുന്നു. പക്ഷെ ചില യുട്യൂബ് ചാനലുകള്‍ അദ്ദേഹത്തിന് വലിയ ആരോഗ്യപ്രശ്‌നമുണ്ടെന്ന രീതിയില്‍ വീഡിയോകള്‍ സൃഷ്ടിച്ച് പ്രചരിപ്പിച്ചിരുന്നു.
തമിഴ്‌നാട്ടിലെ താര സംഘടനയായ നടികര്‍ സംഘം പ്രസിഡന്റ് നാസര്‍ നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി. തേനാംപെട്ട് പൊലീസാണ് യുട്യൂബ് ചാനലുകള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് പൂര്‍ത്തിയാക്കിയ വിശാലിന്റെ മധഗജരാജ എന്ന ചിത്രം ഈ മാസം 12നാണ് തീയേറ്ററുകളിലെത്തിയത്.
ഈ സിനിമയുടെ പ്രമോഷന്റെ ഭാഗമായി സംഘടിപ്പിച്ച പൊതു പരിപാടിയില്‍ വന്നപ്പോഴുള്ള വിശാലിന്റെ അവസ്ഥ എല്ലാവരെയും വിഷമിപ്പിക്കുന്നതായിരുന്നു. ക്ഷീണിച്ച് സംസാരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയില്‍ അദ്ദേഹം വിറയ്ക്കുന്നുണ്ടായിരുന്നു. ഇതോടെ വിശാലിന് എന്ത് സംഭവിച്ചെന്ന ചോദ്യം ഉയരുകയും പല തരം അഭ്യൂഹങ്ങള്‍ക്ക് ഇടനല്‍കുകയും ചെയ്തു.