70 വയസ്സുള്ള ഉഗാണ്ടക്കാരനായ മൂസ ഹസാഹ്യകസേര തന്റെ ജീവിതത്തിലൂടെ ഒരു വിചിത്ര റെക്കോർഡാണ് നേടിയത്. 12 തവണ വിവാഹിതനായ മൂസ 102 കുട്ടികളുടെ പിതാവാണ്. കൂടാതെ 578 പേരക്കുട്ടികളുമുണ്ട്. കിഴക്കൻ ഉഗാണ്ടയിലെ മുകിസ ഗ്രാമത്തിൽ താമസിക്കുന്ന മൂസയുടെ ജീവിതം ശ്രദ്ധേയമാകുന്നത് ട്രാവൽ വ്‌ളോഗറായ കൈലാഷ് മീണയുടെ ഒരു വീഡിയോയിലൂടെയാണ്.
കൈലാഷ് മീണ “ലോകത്തിലെ ഏറ്റവും കൂടുതൽ കുട്ടികളുള്ള വ്യക്തി” എന്ന പേരിൽ മൂസയെ പരിചയപ്പെടുത്തി. വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായപ്പോൾ പലരും ഇതിനെ ഹാസ്യരൂപത്തിൽ കാണുകയും കമന്റുകളിടുകയും ചെയ്തു. എന്നാൽ മൂസയുടെ യഥാർത്ഥ ജീവിതം പട്ടിണിയുടെയും പരിവട്ടത്തിന്റെയും നിഴലിലാണ്.
1972-ൽ തന്റെ ആദ്യ വിവാഹം കഴിച്ച മൂസ, 50 വയസ്സുള്ള സാന്ദ്ര നാബ്‌വയറെന്ന മകളുടെ പിതാവാണ്. 35 വയസ്സുള്ള തന്റെ ഏറ്റവും പുതിയ ഭാര്യയോടൊപ്പമാണ് മൂസ ഇപ്പോൾ ജീവിക്കുന്നത്. 102 കുട്ടികളുടെ വിവരങ്ങൾ സൂക്ഷിക്കാൻ മൂസ ഒരു ഡയറി ഉപയോഗിക്കുന്നുണ്ട്. തന്റെ ഓർമ്മയിൽ ആദ്യവും അവസാനവും ജനിച്ച കുട്ടികളുടെ പേരുകളാണ് ശ്രദ്ധയിൽ ഉള്ളതെന്ന് മൂസ പറയുന്നു.
വിപുലമായ കുടുംബത്തിനൊപ്പം മൂസ തുരുമ്പ് പിടിച്ച മേൽക്കൂരയുള്ള ജീർണിച്ച വീട്ടിലാണ് താമസിക്കുന്നത്. മറ്റുപല കുടുംബാംഗങ്ങളും സമീപത്തെ പുല്ലുമേഞ്ഞ കുടിലുകളിലാണ് കഴിയുന്നത്. കുട്ടികൾക്ക് ഭക്ഷണം കൊടുക്കുന്നതിൽ പോലും ബുദ്ധിമുട്ടുണ്ടെന്ന് മൂസയുടെ മൂന്നാമത്തെ ഭാര്യ സബീന പറയുന്നു.
ഈ പ്രയാസങ്ങൾ താങ്ങാനാവാതെ മൂസയുടെ രണ്ട് ഭാര്യമാർ അയാളെ ഉപേക്ഷിച്ച് പോയതായും അറിയുന്നു. എന്നാൽ ഇത്തരം തികഞ്ഞ ദാരിദ്ര്യത്തിനിടയിലും 30 വയസ്സുള്ള മകൻ ഷാബാൻ മാഗിനോ കുടുംബ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വലിയ പങ്കുവഹിക്കുന്നു.
മൂസയുടെ ജീവിതം ദാരിദ്ര്യത്തിൽ നിൽക്കുമ്പോഴും, ഇത്രയും വലിയ കുടുംബത്തെ സമാധാനപരമായി സംരക്ഷിക്കുന്നതിന് ഗ്രാമത്തിലെ ആളുകൾ ഹസാഹ്യയെ അഭിനന്ദിക്കുന്നു. അതേസമയം, മൂസയുടെ ജീവിതശൈലിയും കുടുംബത്തിന്റെ പ്രയാസങ്ങളും ഇപ്പോഴും ആഗോള ശ്രദ്ധയാകർഷിക്കുന്നതാണ്.