ഐ.എഫ്.എഫ്.കെ. എല്ലാ ജില്ലകളിലും സംഘടിപ്പിക്കാൻ കഴിയുമോയെന്നതായിരുന്നു നടി അനശ്വര രാജന്റെ ചോദ്യം. നിർദേശം നല്ലതാണെങ്കിലും ചില പ്രായോഗിക പ്രശനങ്ങളുള്ളതിനാൽ കൂടുതൽ സമഗ്ര പരിശോധനയ്ക്കു വിധേയമാക്കി തീരുമാനിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. സാധാരണക്കാരിലേക്കു കൂടുതൽ വ്യാപകമായ രീതിയിൽ സിനിമയെ എത്തിക്കുന്നതിനുള്ള നടപടികൾ സംബന്ധിച്ചും കൂടുതൽ ചർച്ചയാകാമെന്നു മുഖ്യമന്ത്രി പറഞ്ഞു.
നവകേരള സദസിന്റെ തുടർച്ചയായി യുവജനങ്ങളുമായി തിരുവനന്തപുരത്ത് നടത്തിയ മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .എൻജിനീയറിങ് മേഖലയിൽ പ്രായോഗിക വിദ്യാഭ്യാസത്തിനു കൂടുതൽ പ്രാധാന്യം നൽകണമെന്ന് ശാസ്ത്ര മേഖലയിൽനിന്നു പങ്കെടുത്ത ഡോ. സി.എസ്. അനൂപ് പറഞ്ഞു. എൻജിനീയറിങ് വിദ്യാർഥി കോഴ്സ് കഴിഞ്ഞു പ്രായോഗിക ജീവിതത്തിലേക്കു കടക്കുമ്പോൾ അതിന്റെ ഭാഗമായുള്ള പ്രായോഗിക ജ്ഞാനമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ സ്‌കിൽ ഡെവലപ്മെന്റ് പരിപാടികൾ സർക്കാർ ആവിഷ്‌കരിച്ചു നടപ്പാക്കുകയാണെന്നു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
കാലഘട്ടത്തിന് ആവശ്യമായി വരുന്ന എല്ലാ കോഴ്സുകളും പഠിപ്പിക്കാനുള്ള നടപടി സർക്കാർ സ്വീകരിച്ചുവരികയാണ്. ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഇതിന്റെ ഭാഗമായുള്ള വലിയ മാറ്റങ്ങൾ പ്രകടമായിത്തുടങ്ങിയിട്ടുണ്ട്.
സിനിമയിൽ അവസരത്തിനു കൊതിക്കുന്ന യുവാക്കൾക്കു സർക്കാരിന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും സഹായം ചെയ്യാനാകുമോയെന്ന് നടൻ അർജുൻ അശോക് മുഖ്യമന്ത്രിയോടു ചോദിച്ചു. ഇതുമായി ബന്ധപ്പെട്ടു സർക്കാർ ചില സഹായങ്ങൾ നൽകുന്നുണ്ടെന്നും കൂടുതൽ ചെയ്യാനുള്ള കാര്യങ്ങൾ വിശദമായി ചർച്ച ചെയ്യാമെന്നും മുഖ്യമന്ത്രി മറുപടി നൽകി. സിനിമയുമായി ബന്ധപ്പെട്ട സാങ്കേതിക സംവിധാനങ്ങൾ പഠിക്കാൻ പാഠ്യപദ്ധതിയിൽ മാറ്റം വരുത്താമോയെന്ന കാര്യങ്ങൾ വിദഗ്ധ സമിതിയുടെ പരിഗണനയ്ക്കു വിടാമെന്നു ഫാഷൻ ഫോട്ടോഗ്രാഫറായ ആഘോഷ് വൈഷ്ണവിന്റെ ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
വിദേശ അവസരങ്ങൾ പരമാവധി ഉപയോഗിക്കാൻ കഴിയുംവിധം സംസ്ഥാനത്തു ലോക നിലവാരത്തിലുള്ള പരിശീലന കേന്ദ്രങ്ങൾ തുടങ്ങണമെന്നു പ്രവാസി പ്രതിനിധിയായി പങ്കെടുത്ത അമീർ കല്ലുപ്പുറം അഭിപ്രായപ്പെട്ടു. വിദേശ ഭാഷകൾ പഠിപ്പിക്കുന്ന പ്രവർത്തനങ്ങൾ നഴ്സിങ് മേഖലയുമായി ബന്ധപ്പെടുത്തി സർക്കാർ ആരംഭിച്ചിട്ടുണ്ടെന്നു മുഖ്യമന്ത്രി മറുപടി നൽകി. കൂടുതൽ ഭാഷകളിൽ ഈ രീതിയിൽ പരിശീലനം നൽകേണ്ടതുണ്ടെങ്കിൽ നടപടി സ്വീകരിക്കാമെന്നും അദ്ദേഹം പറഞ്ഞു.