ഇന്ത്യക്കാരുടെ പണമടയ്ക്കല്‍ രീതിയിൽ വെട്ടിലായി വൻകിട കമ്പനികൾ. ഫോൺ, ലാപ്ടോപ്പ്, ആഡംബര കാറുകൾ എന്നിവ വാങ്ങുമ്പോൾ മുഴുവൻ കറൻസികളായി പണമടയ്ക്കാൻ ഇന്ത്യക്കാർ ഇഷ്ടപ്പെടുന്നതാണ് ആപ്പിൾ, മെഴ്‌സിഡസ് പോലുള്ള വമ്പൻ ബ്രാൻഡുകളെ വലയ്ക്കുന്നത്. പണം നല്‍കി ഉത്പന്നങ്ങള്‍ വാങ്ങുന്നവരുടെ എണ്ണം കൂടിയതോടെ ഇന്ത്യയിലെ രണ്ട് സ്റ്റോറുകളിൽ നോട്ട് എണ്ണൽ യന്ത്രങ്ങൾ സ്ഥാപിച്ചിരിക്കുകയാണ് ടെക് ഭീമനായ ആപ്പിൾ. കഴിഞ്ഞ വർഷം ഏപ്രിലിൽ സ്ഥാപിച്ച മുംബൈയിലെയും ഡൽഹിയിലെയും ഔട്ട്‌ലെറ്റുകളിലാണ് കമ്പനി നോട്ടെണ്ണൽ യന്ത്രം സ്ഥാപിച്ചത്. പണം നൽകി ആപ്പിൾ ഉൽപ്പന്നങ്ങൾ വാങ്ങുന്ന ഉപഭോക്താക്കളുടെ അനുപാതം മുംബൈ സ്റ്റോറിനേക്കാൾ കൂടുതൽ ഡൽഹി സ്റ്റോറിൽ ആണെന്ന് എക്കണോമിക് ടൈംസ് റിപ്പോർട്ട് പറയുന്നു.
മൊബൈൽ ഫോണുകളോ കമ്പ്യൂട്ടറുകളോ വാങ്ങാൻ ഉപഭോക്താക്കൾ പണം ഉപയോഗിക്കാൻ താല്പര്യപ്പെടുന്നതിനാൽ, ഇന്ത്യൻ സ്റ്റോറുകളിലെ ആപ്പിളിന്റെ വിൽപ്പനയുടെ ഏകദേശം 7 മുതൽ 9 ശതമാനവും പണമിടപാടുകളായിട്ടാണ് നടക്കുന്നത്. യുഎസിലെയോ യൂറോപ്പിലെയോ ആപ്പിൾ സ്റ്റോറുകളിൽ ഒരു ശതമാനത്തിൽ താഴെ മാത്രമാണ് പണമിടപാടുകൾ നടക്കുന്നത്. ഡിജിറ്റൽ പേയ്‌മെന്റുകൾ പ്രോത്സാഹിപ്പിക്കുന്നതിനും കള്ളപ്പണം തടയുന്നതിനുമായി 2017 മുതൽ ഓരോ ഇടപാടിനും 2 ലക്ഷം രൂപയുടെ പണമിടപാട് പരിധി സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇന്ത്യയിൽ പണമിടപാടുകൾ വർധിച്ച് കൊണ്ടിരിക്കുകയാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
2017 മാർച്ചിലെ 13.35 ലക്ഷം കോടി രൂപയിൽ നിന്ന് ഈ വർഷം മാർച്ചിൽ രാജ്യത്ത് പ്രചാരത്തിലുള്ള പണം ഇരട്ടിയായി തുക അഥവാ 35.15 ലക്ഷം കോടി രൂപയായി വർധിച്ചു. ഏറ്റവും പുതിയ നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ഡാറ്റ പ്രകാരം യൂണിഫൈഡ് പേയ്‌മെൻ്റ് ഇൻ്റർഫേസ് (യുപിഐ) വഴിയുള്ള ഡിജിറ്റൽ പണമിടപാടുകൾ 2017 മാർച്ചിലെ 2,425 കോടി രൂപയിൽ നിന്ന് ഈ വർഷം ഏപ്രിൽ അവസാനത്തോടെ 19.64 ലക്ഷം കോടി രൂപയായി ഉയർന്നിട്ടും കറൻസികൾ ആയുള്ള പണമിടപാടുകൾ വർധിച്ചു എന്നത് ശ്രദ്ധേയമാണ്.