1 February 2025

ഇന്ത്യയിലും പാകിസ്ഥാനിലും ഒഴുകുന്ന സിന്ധു ഇന്ത്യയിലൂടെ ഒഴുകുന്നത് ലഡാഖ് ജമ്മു കാശ്മീർ പ്രദേശത്ത് മാത്രമാണ് ( കാശ്മീർ യാത്ര ഏഴാം ഭാഗം

| ആർ ബോസ്

ആൾട്ടിറ്റ്യൂഡ് സിക്നസ് സമനില തെറ്റിച്ച കാളരാത്രിക്ക് ശേഷം നേരം പുലരുകയാണ്.രാവിലെ അഞ്ചിന് മുമ്പ്തന്നെ വെട്ടംവീണ് തുടങ്ങി . 15,500 അടി ഉയരത്തിൽ ആറ് മണിക്കൂർ കഴിഞ്ഞതിനാൽ രാവിലെ അല്പം ആശ്വാസം തോന്നി. ഓക്സിജൻ കുറവിനോട് ശരീരം പൊരുത്തപ്പെട്ടു വരികയാണ്. അഞ്ചരയായപ്പോൾ ഒരു കട തുറന്ന് വന്ന സ്ത്രീ അവരുടെ മുറ്റമടിക്കാൻ തുടങ്ങി ഞാൻ സാവധാനം പുറത്തിറങ്ങി.ഡിബെറിങ്ങിന്അടുത്തുള്ള മൊറയ് പ്ലയ്ൻ എന്ന സമതലമാണിത്.

മുറ്റമടിക്കുന്ന സ്ത്രീയോട് ടോയ്ലറ്റ് എവിടെയെന്ന് ചോദിച്ചപ്പോൾ എതിർ വശത്തേക്ക് കൈ ചൂണ്ടുക മാത്രം ചെയ്തു. എതിർ വശത്തെ കടക്ക് പുറകിൽ കട്ടകെട്ടിയ മേൽക്കൂരയും വാതിലുമില്ലാത്ത മുറി കണ്ട് അതിനടുത്തേക്ക് ചെന്നപ്പോൾ തടിക്കഷ്ണങ്ങൾക്ക് മേലെ മണ്ണ് ഇട്ട് മൂടിയ നടുവിലൊരു ധ്വാരമുള്ള കുഴി കക്കുസാണ്. മുറി നിറയെ കാലിയായ വെള്ളക്കുപ്പികൾ ചിതറിക്കിടക്കുന്നു. വല്ലാത്ത ദുർഗന്ധവും. തിരിച്ചു നടന്ന് റോഡിൽ കയറി മറ്റൊരു കട കൂടി തുറന്നിരിക്കുന്നു. അവിടെച്ചെന്ന് ടോയ്ലറ്റ് അന്വേഷിച്ചു. .കടയുടെ പിറകിലേക്ക് പോകാൻ കടക്കാരൻ പറഞ്ഞു.

പോയി നോക്കിയപ്പോൾ കുഴിക്കക്കൂസ് തന്നെ. പക്ഷെ നേരത്ത കണ്ടതിനെക്കാൾ മെച്ചമാണ് വാതിലുമുണ്ട്.വെള്ളമോ ബക്കറ്റോ ഒന്നുമില്ല തിരിച്ച് കടയിൽ വന്ന് ചോദിച്ചപ്പോൾ ഒരു ലിറ്ററിൻ്റെ കുപ്പിവെള്ളമെടുത്ത് തന്നു. അത് കൈയ്യിൽ പിടിച്ചപ്പോൾ ഐസിനെക്കാൾ തണുപ്പ് ഇതു വച്ചെങ്ങനെ കഴുകുമെന്നാലോചിച്ച് നിന്നപ്പോൾ കടക്കാരൻ ചിരിച്ചു കൊണ്ട് കുപ്പി വാങ്ങി അതിൽ നിന്ന് കുറച്ച് വെള്ളം കളഞ്ഞ് തിളച്ച് കൊണ്ടിരുന്ന വെള്ളത്തിൽ നിന്ന് കുറച്ച് ഒഴിച്ച് തന്നു. നാല്പത് രൂപയാണ് ചാർജ്.അതുമായി പോയി ഒരു വിധത്തിൽ കാര്യം കഴിച്ചു വന്നു.

ചെറിയ ചായകടയാണിത് കറൻ്റില്ല സോളാറും ബാറ്ററിയുമാണാശ്രയം. കടയുടെ ഉള്ളിൽ ഭിത്തിയോട് ചേർന്ന് മുന്ന് വശത്തും രണ്ടടി ഉയരത്തിൽ നീളത്തിൽ ഇഷ്ടിക കെട്ടി ഉണ്ടാക്കിയ ബർത്തിൽ കട്ടിയുള്ള മുഷിഞ്ഞ ബ്ലാങ്കറ്റ് വിരിച്ചിട്ടിരിക്കുന്നു നൈറ്റ് സ്റ്റേക്ക് വരുന്നവർക്ക് വേണ്ടിയുള്ളതാണ്. 250 രൂപയാണ് ചാർജ്ജ്. പുതപ്പും കട്ടിയുള്ള ജാക്കറ്റുകളും കൂട്ടിയിട്ടിട്ടുണ്ട് വേണമെങ്കിൽ എടുത്തുപയോഗിക്കാം . പലയാളുകൾ ഉപയോഗിച്ച കഴുകിയിട്ടില്ലാത്ത ഈ സാധനങ്ങൾ ഉപയോഗിക്കുന്നത് ഓർത്തപ്പോൾ തന്നെ കുളിക്കാൻ തോന്നിപ്പോയി.

ഞാൻ രണ്ട് ചായ ഒന്നിച്ച് പറഞ്ഞു .അതു കുടിച്ചിരിക്കുമ്പോൾ സഹയാത്രികരിൽ ഒരാൾ എണിറ്റ് വന്നു. അവനും ഒരു ചായ പറഞ്ഞു. രണ്ട് ചായ തന്ന ചൂടിൽ ഞാൻ പുറത്തേക്കിറങ്ങി. പുറത്ത് ഈ യാത്രയിൽ ഇതുവരെ കാണാത്ത വ്യത്യസ്ത ഭൂപ്രകൃതി.ഇന്നലെ രാത്രി പാങ്ങിൽ നിന്ന് 4 കിലോമീറ്റർ കയറ്റം പിന്നിട്ട ശേഷമാരംഭിച്ച സമതല പീഠഭൂമിയാണിത് 35 കിലോമീറ്ററോളം നീളത്തിലും അരകിലോമീറ്ററോളം വീതിയുമുള്ള സമതലമാണ്. റോഡിന് ഇരുവശവും മനോഹരമായ മലനിരകളാണ്. ചുവപ്പും കറുപ്പും മഞ്ഞയും നിറമുള്ള മണ്ണ്.

ചില സ്ഥലങ്ങളിൽ മണ്ണിലും മണലിലും പ്രകൃതി സൃഷ്ടിച്ച വ്യത്യസ്ത രൂപങ്ങളുമൊക്കെക്കാണാം. ജനവാസമില്ലാത്ത തീർത്തും വിജനമായ ഈ സ്ഥലം ബൈക്കറന്മാരുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. തിരികെ ലോറിക്കടുത്ത് വന്നപ്പോളും ഡ്രൈവർ എണീറ്റിട്ടില്ല സമയം ആറ് മണിയായിരിക്കുന്നു ഞാൻ ഡ്രൈവറെ വിളിച്ചുണർത്തി.പുതപ്പിനുള്ളിൽ നിന്ന് പുറത്ത് വന്ന മൻജീത് ചുറ്റുമൊന്ന് നോക്കിയശേഷം മുഖം പോലും കഴുകാതെ വണ്ടി സ്റ്റാർട്ട് ചെയ്ത് യാത്രതുടങ്ങി. അഞ്ചുകിലോമിറ്ററോളം പിന്നിട്ടപ്പോൾ അടുത്ത മലകയറ്റമാരംഭിച്ചു.ഒരുമണിക്കൂർ കൊണ്ട് 15 കിലോമീറ്റർ കയറി .

ടാഗ്ലാംഗ്ല ചുരത്തിൻ്റെ ഉച്ചിയിൽ 17,480 അടി ഉയരത്തിൽ എത്തി. ഈ പാതയിലെ അഞ്ചാമത്തെയും അവസാനത്തേതുമായ ചുരമാണ് . വാഗാ ബോർഡറിന് സമീപം അട്ടാരിയിൽ നിന്നാരംഭിച്ച് ലേയിൽ അവസാനിക്കുന്ന NH 3 ലെ ഏറ്റവും ഉയർന്ന സ്ഥലവുമിതാണ്. ഞാൻ ലോറിയിൽ നിന്നിറങ്ങി ചുറ്റുപാടും മഞ്ഞാണ്. കൂറ്റൻ ഐസ് പാളികൾ റോഡിൽ വന്ന് ഇടിച്ച് നിൽക്കുന്നു അതിനെ മുറിച്ചാണ് റോഡ് പോകുന്നത്. പഞ്ഞിമിഠായി കുട്ടിയിട്ടപോലെ റോഡരുകിൽ കിടക്കുന്ന മഞ്ഞിനെ കാല് കൊണ്ടൊന്ന് തട്ടി നോക്കി.കാല് ഉളുക്കാത്തത് ഭാഗ്യം

സോപ്പ് കുമിള പോലെ തോന്നുമെങ്കിലും കരിങ്കല്ലിനെക്കാൾ കട്ടിയാണ്. തെളിഞ്ഞ വെയിലുണ്ടങ്കിലും ചൂടൊട്ടുമില്ല. ഇളംവെയിലും നിലാകാശവും മഞ്ഞ് മൂടിയ കുന്നുകളും തണുത്ത കാറ്റും.കനത്ത നിശബ്ദതയും ഞങ്ങളല്ലാതെ നോക്കെത്താ ദൂരത്താരുമില്ല. പ്രകൃതിയോട് അങ്ങയറ്റം ആദരവ് തോന്നിപ്പിക്കുന്ന കാഴ്ച.മനസിൽ തുള്ളി തുളുമ്പുന്ന അനിർവചനീയമായൊരനുഭൂതി.

അഞ്ചു ചുരങ്ങളുള്ള ഈ പാതയിലെ ഏറ്റവും മനോഹരമായ രണ്ടാമത്തെ ചുരവുമിതാണ്. റോഡരുകിൽ മഞ്ഞ കോൺക്രീറ്റ് ബോർഡിൽ, ടാഗ്ലാംഗ്ല ഉയരം17482അടി. നിങ്ങൾ കടന്നുപോകുന്നത് ലോകത്തിലെ ഏറ്റവും ഉയർന്ന 12മത്തെ പാസിലൂടെയാണെന്ന് വിശ്വസിക്കാൻ കഴിയുന്നുണ്ടോ എന്നെഴുതിയിരിക്കുന്നു, ഇതല്ലാതെ ഒരു ചെറിയ ക്ഷേത്രവും ഒരു കഫേയും BRO യുടെ ഒരു ക്യാമ്പ് ഷെഡും മാത്രമാണുള്ളത്. BRO യുടെ ശൗര്യ കഫേയാണ് അത് അടഞ്ഞ് കിടക്കുകയാണ്. NH 3 ലെ ഏറ്റവും ഉയരത്തിലുളള കഫേ ഇതാണന്നും എഴുതിയിട്ടുണ്ട്.പതിയെ നടന്നിട്ടും ശ്വാസംമുട്ടലും തല വെട്ടലും വീണ്ടും കൂടി വന്നു. അധിക സമയം നിൽക്കാതെ തിരികെ ലോറിയിൽ കയറി യാത്ര തുടർന്നു.

പാതക്കിരുവശവും കുറ്റൻ ഐസ് ബ്ലോക്കുകളാണ് ജെസിബിയുടെ മുൻവശത്തെ ബക്കറ്റ് മാറ്റിയിട്ടവിടെ ഈർച്ചവാളിൻ്റെത് പോലത്തെ വലിയ അനവധി ചക്രങ്ങൾ ഘടിപ്പിച്ച ഒരു JCB കിടക്കുന്നു. ഇത് ഉപയോഗിച്ചാണ് റോഡിലേക്ക് ഊർന്ന് വരുന്ന മഞ്ഞ് മലയെ വെട്ടി മാറ്റുന്നത്. ടാറിട്ട റോഡാകെ പൊട്ടിപ്പൊളിഞ്ഞ് ഐസ് വാട്ടർ ഒഴുകുന്നു.അതിർത്തി മേഖലയിൽ റോഡ് നിർമ്മിക്കുന്ന BRO നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും ഈ മഞ്ഞ് മലകളാണ്.മുകളിൽ നിന്നൂർന്ന് വരുന്ന കുറ്റൻ ഐസ് മലകൾ റോഡിനെ തകർത്ത് കൊണ്ട് താഴേക്ക് പോകും.

പുട്ടുപോലത്തെ മണ്ണും എപ്പോൾ വേണമെങ്കിലും മാറുന്ന കാലവസ്ഥയുമെല്ലാം റോഡ് നിർമ്മാണത്തിനും സംരക്ഷണത്തിനും വലിയ വെല്ലുവിളിയാണ്. മലകയറ്റം ഇവിടം കൊണ്ട് കഴിഞ്ഞു ഇനി ഇറക്കമാണ് താഴേക്ക് കറങ്ങി ഇറങ്ങിപ്പോകുന്ന റോഡിൻ്റെ മനോഹരമായ കാഴ്ച കണ്ടുകൊണ്ട് ചുരമിറങ്ങിത്തുടങ്ങി 29 കിലോമീറ്റർ മല ഇറങ്ങിക്കഴിഞ്ഞപ്പോൾ 3500 അടി താഴെ എക്കോ ക്യാമ്പ് എന്ന സ്ഥലത്തെത്തി. ടാഗ്ലാംഗ്ല കഴിഞ്ഞ് വരുമ്പോൾ ആദ്യത്തെ ടെൻ്റ് ക്യാമ്പിങ്ങ് സെൻ്ററാണിത്. അവിടെ ലോറി നിർത്തി എല്ലാവരും പുറത്തിറങ്ങി.

താഴ്‌വാരമാണ് ചെറിയൊരു നദി ഒഴുകുന്നുണ്ട് സമീപത്ത് കുറെയധികം ടെൻ്റുകളും ഒന്ന് രണ്ട് ചെറു ഹോട്ടലുകളുമൊക്കെയുണ്ട്. അടുത്തു കണ്ട ഹോട്ടലിലേക്ക് കയറി ചായ പറഞ്ഞിട്ട് പുറകിലേ നദിക്കരയിൽ ചെന്ന് ഐസ് വാട്ടറിൽ മുഖമൊന്ന് കഴുകി. മുഖം മരവിച്ച് പോയെങ്കിലും അല്പം കഴിഞ്ഞപ്പോൾ സുഖമായി ചായയും രണ്ട് പീസ് പാർലെ ബിസ്കറ്റും കഴിച്ചു.10 രുപയുടെ ബിസ്കറ്റിന് 25 രൂപയും ചായക്ക് 25 രൂപയുമാണ്.
മറ്റ് വടക്കേയിന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസുമായി ചായ180 മില്ലിയുണ്ട്. ഹിമാലയ ബെൽറ്റിലെ എല്ലാ സ്ഥലങ്ങളിലും ചായ ഈയളവിൽ കിട്ടും അരമണിക്കൂർ വെയിൽ കൊണ്ട ശേഷം വീണ്ടും യാത്രയാരംഭിച്ചു.

ചെറുഗ്രാമങ്ങൾ പിന്നിട്ട് 7000 അടികൂടി താഴേക്കിറങ്ങി ഉപ്ഷി എന്ന ഗ്രാമത്തിൽ എത്തി.വെറു 26 കുടുംബങ്ങൾ മാത്രമാണ് താമസക്കാർ .ഇവിടെ10,400 അടിയാണ് ഉയരം. ഉയരം കുറഞ്ഞതോടെ ശാരീരിക അസ്വസ്തകൾ മാറി ഉന്മേഷം ലഭിച്ചു തുടങ്ങി കാലാവസ്ഥയും ചൂടായി . ഇവിടെ നിന്നെടുത്തിട്ടുള്ള സിമ്മുള്ള മൊബൈലിന് ഇവിടെ മുതൽ റേഞ്ച് കിട്ടിത്തുടങ്ങും. ഉപ്ക്ഷി ചെക്ക്പോസ്റ്റിന് മുന്നിൽ വണ്ടി നിർത്തിയതും ഒരുദ്യോഗസ്ഥൻ എത്തി ലോറി പിറകിലേക്ക് മാറ്റി ഒതുക്കിയിടാനാവശ്യപ്പെട്ടു.

ലേയിൽ ലഫ്റ്റനൻ്റ് ഗവർണർ പങ്കെടുക്കുന്ന എന്തോ ചടങ്ങുണ്ട് ലോറിയടക്കം ഒരു ടാക്സി വാഹനവും രാത്രി ഒൻപത് മണി വരെ കടത്തിവിടണ്ടന്നാണ് നിർദ്ദേശം എന്നറിയിച്ചു. വീണ്ടും പ്രതിസന്ധി, ഇനിയും ലേയിലേക്ക് 48 കിലോമീറ്റർ കൂടി പോകണം.ടാക്സിയും ലഭിക്കാത്ത സാഹചര്യത്തിൽ എപ്പോഴെങ്കിലും ലഭിച്ചേക്കാവുന്ന ബസ്സ് മാത്രമാണാശ്രയം.

മൻജീതിന് പണം നൽകി ലോറിയിൽ നിന്നിറങി ടാറ്റ പറഞ്ഞ് ചെക്ക്പോസ്റ്റിലെത്തി ചെറുപ്പക്കാരനായ ആ ഉദ്യോഗസ്ഥനോട് തന്നെ സഹായം ആവശ്യപ്പെട്ടു.വെയ്റ്റ് ചെയ്യാനദ്ദേഹം പറഞ്ഞു അഞ്ചുമിനിറ്റ് കഴിഞ്ഞപ്പോൾ ഒരു ടോറസ് വന്ന് നിന്നു.ലേ സിറ്റിക്ക് ഏഴ്കിലോമീറ്റർ ഇപ്പുറത്തുള്ള ഗവൺമെൻ്ററിൻ്റെ ഏതോ നിർമ്മാണ സ്ഥലത്തേക്ക് ലോഡുമായി പോകുന്ന വാഹനമാണ്. അദ്ദേഹം ഞങ്ങളെ അതിൽ കയറ്റി വിട്ടു.
ലോറി നൂറ് മീറ്റർ പോയപ്പോളാണ് എൻ്റെ ജാക്കറ്റ് ആദ്യത്തെ ലോറിയിൽ നിന്നെടുത്തില്ലന്ന് ഓർത്തത്. ലോറി നിർത്തിത്തന്നു. ഞാൻ തിരിച്ചോടിച്ചെന്ന് കോട്ടെടുത്തു വന്നപ്പോൾ ആദ്യത്തെ ടോറസിൻ്റെ പിറകിൽ മറ്റൊന്നു കൂടി നിർത്തിയിട്ടിരിക്കുന്നു.

എൻ്റെ ബാഗുമായി സഹയാത്രികനായ തെലുങ്ക് ഗാരു വന്നിട്ട് രണ്ടും ഒരു കമ്പനിയുടെ ഒരേ സ്ഥലത്തേക്ക് പോകുന്ന ലോറിയാണന്നും പിറകിലത്തെ ലോറിയിൽ വരാനും ആവശ്യപ്പെട്ടു. ഇതിൽ ഡ്രൈവർ മാത്രമേയുള്ളു സൗകര്യമായി ഇരിക്കാം. ഞാനതിൽ കയറി രണ്ട് ലോറിയും പുറപ്പെട്ടു. ഇടതു വശത്ത് സിന്ധു നന്ദി ഒഴുകുന്നു.ഇന്ത്യയിലും പാകിസ്ഥാനിലും ഒഴുകുന്ന സിന്ധു ഇന്ത്യയിലുടെ ഒഴുകുന്നത് ലഡാഖ് ജമു കാശ്മീർ പ്രദേശത്ത് മാത്രമാണ്. ഹിന്ദുസ്ഥാൻ എന്ന പേര്‌ രൂപം കൊള്ളാൻ കാരണമായ നദി മെലിഞ്ഞ നിലയിൽ ഒഴുകുന്നത് കണ്ടിരിക്കെ ലോറിയിൽ അലാറം നിർത്താതെ അടിക്കാൻ തുടങ്ങി.

വണ്ടി നിർത്തി ഡ്രൈവർ കുറെ വെള്ളം റേഡിയേറ്ററിൽ ഒഴിച്ചു. പത്ത് മിനിറ്റോളം കഴിഞ്ഞ് വിണ്ടും യാത്ര തുടങ്ങി ഒരു കിലോമിറ്റർ കഴിഞ്ഞപ്പോൾ വിണ്ടും അലാറമടി തുടങ്ങി.വണ്ടി ഒതുക്കി നിർത്തി ഈ നിലയിൽ പോകാനാവില്ലന്ന് അറിയിച്ചു. സീൻ വിണ്ടും ഡാർക്കായി ഞാൻ ബാഗുമായി വഴിയിലുമായി. കൈകാണിച്ച രണ്ട് വണ്ടി നിർത്താതെ പോയെങ്കിലും മൂന്നാമത് വന്ന വാൻ നിർത്തി ഏഴ് കിലോമീറ്റർ അപ്പുറമുള്ള കരു എന്ന ചെറിയ ടൗൺ വരെയെ ആ വണ്ടി ഉണ്ടായിരുന്നുള്ളു. അവിടെയിറങ്ങി പണം കൊടുത്തിട്ട് ഡ്രൈവർ വാങ്ങിയില്ല.

സിന്ധുവിൻ്റെ തിരത്ത് ടൂറിസ്റ്റുകളെ ആശ്രയിച്ച് കഴിയുന്ന ടൗണാണ് കരു. ഹോട്ടലും ലോഡ്ജും എടിഎമ്മും പമ്പുമൊക്കെയുണ്ട്. സൈന്യത്തിൻ്റെ ഈ മേഖലയിലെ ലോജിസ്റ്റിക് ഹബ്ബുമാണിത്.ഇന്ത്യ-ചൈന ബോർഡർ റോഡുകളും നിരവധി ഫീഡർ റൂട്ടുകളും കൂടിച്ചേരുന്ന ഒരു പ്രധാന ട്രാൻസിറ്റ് പോയിൻ്റുമാണ് കരു. പ്രസിദ്ധമായ പാംഗോങ്ങ് തടാകത്തിലേക്ക് ഇവിടെ നിന്നാണ് തിരിഞ്ഞ് പോകുന്നത്.

സമയം രണ്ട് മണിയായി വിശപ്പ് തിരികെ വന്നു തുടങ്ങി മുറ്റത്തേക്കിറക്കി പന്തലിട്ട് കസേരയിട്ടിരിക്കുന്ന ഒരു ഹോട്ടലിൽ കയറി രണ്ട് സമൂസ വാങ്ങിക്കഴിച്ചു. തൊട്ടടുത്ത് പ്രായമുള്ള പോലിസ് ഇൻസ്പെക്ടറും രണ്ട് പോലിസുകാരും വാചമടിച്ച് ഇരിപ്പുണ്ട്.എന്നോട് എവിടുന്ന് വരുന്നുവെന്ന് ഇൻസ്പെക്ടർ ചോദിച്ചു കേരളത്തിൽ നിന്നാണെന്ന് പറഞ്ഞപ്പോൾ ഓ കേർളാ എന്ന് പറഞ്ഞ് ചിരിച്ചു കൊണ്ട് പോയി.

അല്പം കഴിഞ്ഞ് ഒരു കുട്ടി ബസ് വന്നത് നിർത്താതെ പോയി. അര മണിക്കൂർ കഴിഞ്ഞ് ഇൻസ്പക്ടർ തിരികെ വന്നപ്പോൾ വണ്ടിയും കാത്ത് റോഡിൽ നിൽക്കുന്ന എന്നെ കണ്ടു. അദ്ദേഹം വഴിയിൽ നിന്ന കോൺസ്റ്റബിളിനെ വിളിപ്പിച്ച് എന്തോ പറയുന്നത് കണ്ടു. ഉടൻ തന്നെ കോൺസ്റ്റബിൾ റോഡിലേക്ക് വന്ന് ഒരു ഓമ്നി കൈകാണിച്ച് നിർത്തി എന്നെ കയറ്റി വിട്ടു. അപ്രതിക്ഷിതമായ മൂന്നാമത്തെ സഹായം.

പോലിസുകാർക്ക് കൈവിശി നന്ദി പറഞ്ഞാ വണ്ടിയിൽ യാത്ര തുടങ്ങി അര മണിക്കൂർ കൊണ്ട് വണ്ടി ലേയിലെത്തി ബസ് സ്റ്റാൻഡിന് സമീപം എന്നെയിറക്കി ആ വണ്ടി പോയി. രണ്ടു പകലും ഒരു രാത്രിയും നീണ്ട സംഭവ ബഹുലമായ യാത്രക്കൊടുവിൽ ഞാൻ ലേയിലെത്തിയിരിക്കുന്നു. ലഡാക്കിലെ പ്രകൃതിയുടെ ദേവാസുര ഭാവങ്ങളിലൂടെ സ്വർഗ്ഗവും നരകവും കണ്ട യാത്ര.ഈ യാത്ര പ്രതിസന്ധിയിലായി നിന്ന് പോകുമെന്ന ഘട്ടങ്ങളിലൊക്കെ ഒരു പരിചയവുമില്ലാത്ത മനുഷ്യർ സഹായികളായി വന്ന് എന്നെ ലക്ഷ്യത്തിലെത്തിച്ചിരിക്കുന്നു.

ഇത്തരം മനുഷ്യരെവിടെയും ഉണ്ടെന്ന വിശ്വാസമാണ് എൻ്റെ യാത്രയുടെ ഊർജം. ബസ് സ്റ്റാൻഡിന് പുറത്തേക്ക് നടക്കുമ്പോൾ നേരത്തെ വഴിയിൽ കണ്ട BRO യുടെ ഒരു ബോർഡാണ് ഓർമ്മ വന്നത്. “ഞങ്ങളുടെ നാട് വളരെ തരിശാണ്. ചുരങ്ങൾ വളരെ ഉയർന്നതാണ്. ഉറ്റ സുഹൃത്തുക്കളോ കടുത്ത ശത്രുക്കളോ മാത്രമേ ഞങ്ങളെ കാണാൻ വരൂ.” അതെ അവരെന്നെ ഉറ്റ സുഹൃത്തായി തന്നെ കണ്ടിരിക്കുന്നു.

(തുടരും)

(ലേഖനം മുൻ ഭാഗം ഇവിടെ വായിക്കാം)

Share

More Stories

ആകാശത്ത് ഭയപ്പെടുത്തുന്ന അഗ്നിഗോളങ്ങൾ പകർത്തിയപ്പോൾ അതൊരു ജെറ്റ് വിമാനം ആയിരുന്നു

0
ജനുവരി 31 വെള്ളിയാഴ്‌ച രാത്രി ഫിലാഡൽഫിയ പരിസരത്ത് ആറുപേരുമായി പോയ ഒരു ചെറിയ മെഡെവാക് ജെറ്റ് തകർന്ന നിമിഷം ഭയാനകമായ ഡാഷ്‌ക്യാമും ഡോർബെൽ ഫൂട്ടേജും പകർത്തിയിട്ടുണ്ട്. ഒരു ശിശുരോഗ രോഗിയും അവളുടെ അമ്മയും...

അംബാനി- അദാനി അവരുടെ അവസാന ബജറ്റിൽ കോടിക്കണക്കിന് നഷ്‌ടം, ഒരു വർഷത്തിനുള്ളിൽ ഇത്രയും നഷ്‌ടം സംഭവിച്ചു

0
2024 ഫെബ്രുവരി ഒന്നിന് സർക്കാർ ഇടക്കാല ബജറ്റ് അവതരിപ്പിച്ചപ്പോൾ ഏഷ്യയുടെയും ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ രണ്ട് വ്യവസായികളുടെയും സമ്പത്ത് ഒരു പുതിയ റെക്കോർഡ് സ്ഥാപിച്ചു. ഇതിനകം 100 ബില്യൺ ഡോളർ ക്ലബ്ബിലുണ്ടായിരുന്ന മുകേഷ്...

ഇസ്രായേൽ – ഹമാസ് വെടി നിർത്തൽ കരാർ തകർച്ചയിലേക്ക് നീങ്ങുന്നു എന്ന് ഭയക്കേണ്ടിയിരിക്കുന്നു

0
| അനീഷ് മാത്യു ഹമാസും ഇസ്രയേലും തമ്മിലുള്ള വെടി നിർത്തലും ഇസ്രായേലിൽ ഉള്ള പലസ്തീൻ ജയിൽ വാസികളുടെ വിമോചനവും ഹമാസ് ബന്ദികളുടെ വിമോചനവും കഴിഞ്ഞ മൂന്നാഴ്ച ആയി വലിയ പ്രശ്നങ്ങൾ ഇല്ലാതെ നടക്കുന്നു. എന്നാൽ...

വിദ്യാർത്ഥിയുടെ മരണത്തിൽ സഹപാഠികളുടെ മൊഴിയെടുത്തു; ‘ജസ്റ്റിസ് ഫോർ മിഹിർ’ പേജിന് പിന്നിലാര്?

0
കൊച്ചി: ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ഫ്ലാറ്റിൽനിന്ന്‌ ചാടി ജീവനൊടുക്കിയ സംഭവത്തിൽ വിദ്യാർഥികളുടെ ഇൻസ്റ്റ​ഗ്രാം ​ഗ്രൂപ്പിലെ ചാറ്റുകൾ പൊലീസ് ശേഖരിക്കും. സ്കൂൾ അധികൃതരുടെയും സഹപാഠികളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി. മിഹിര്‍ അഹമ്മദിൻ്റെ മരണത്തിന് പിന്നാലെ...

‘ചന്തുവിനെ തോൽപ്പിക്കാൻ നിങ്ങൾക്ക് ആവില്ല’; ഒരു വടക്കൻ വീരഗാഥ റീ-റിലീസിന്

0
മമ്മൂട്ടി ചിത്രം ഒരു വടക്കൻ വീരഗാഥ റിലീസ് ചെയ്‌ത്‌ 36 വർഷങ്ങൾക്ക് ശേഷം വീണ്ടും തിയറ്ററുകളിൽ ഏപ്രിൽ എഴിന് എത്തുകയാണ്. എംടിയുടെ തൂലികയിൽ ഹരിഹരൻ സംവിധാനം ചെയ്‌ത ക്ലാസിക്ക് ഈ ചിത്രം 4K...

ഏഷ്യൻ വിൻ്റർ ഗെയിംസിന് ഇന്ത്യ 88 അംഗ സംഘത്തെ അയച്ചു; സാമ്പത്തിക സഹായമില്ലാതെ ഐസ് ഹോക്കി ടീമിന് അനുമതി

0
ഈ മാസം ചൈനയിലെ ഹാർബിനിൽ നടക്കാനിരിക്കുന്ന ഏഷ്യൻ വിൻ്റർ ഗെയിംസിനുള്ള 88 അംഗ സംഘത്തിന് വെള്ളിയാഴ്ച യുവജനകാര്യ, കായിക മന്ത്രാലയം അംഗീകാരം നൽകി. 59 അത്‌ലറ്റുകളും 29 ടീം ഒഫീഷ്യലുകളും ഉൾപ്പെടുന്ന 88...

Featured

More News