...
Home Entertainments ലോഹിതദാസിന്റെ കണക്ക് കൂട്ടലുകൾക്കപ്പുറത്തേക്ക് പോയിട്ടുണ്ട് കീരിക്കാടൻ ജോസ്

ലോഹിതദാസിന്റെ കണക്ക് കൂട്ടലുകൾക്കപ്പുറത്തേക്ക് പോയിട്ടുണ്ട് കീരിക്കാടൻ ജോസ്

ഒരു കഥാപാത്രത്തിൻ്റെ പേര്, തൻ്റെ പേരായി മാറുന്നത് എന്തൊരത്ഭുതമാണ്. ..! ഒരു മനുഷ്യന് താൻ അഭിനയിച്ച കഥാപാത്രത്തിൽ നിന്ന് മുക്തി നേടാൻ കഴിയാതിരിക്കുന്നത് എന്തൊരു ഗതികേടുമായിരിക്കും.

283

| സുജീഷ് പിലിക്കോട്

സിനിമയിലെ വില്ലന്മാർ ജീവിതത്തിൽ വില്ലന്മാരാകാറില്ല.സിനിമയിലെ നായകർ,പലരുടെയും ജീവിതത്തിലെ വില്ലന്മാരുമായിരിക്കും.കഥയിലെ കഥാപാത്രങ്ങളെ നാം സ്നേഹിക്കും വെറുക്കും ആശ്വസിപ്പിക്കും പ്രോത്സാഹിപ്പിക്കും.

കഥയിലെ കഥാപാത്രങ്ങൾ സിനിമയിലേക്ക് വരുമ്പോൾ കഥയിലെ കഥാപത്രങ്ങൾക്കപ്പുറത്ത് അവർക്കൊരു മാനം വരുന്നു. കഥാപാത്രങ്ങളായി അഭിനയിക്കുന്നവരുടെ മാനറിസങ്ങൾ കഥാപാത്രത്തിലേക്ക് ചേക്കേറും. അപ്പോൾ കഥയിലെ കഥാപാത്രങ്ങളെക്കാൾ വ്യാപ്തി കൂടും അതിന് ജീവൻ നൽകുന്ന കഥാപാത്രങ്ങൾക്ക്.

നേരെ വിപരീതവും സംഭവിക്കാറുണ്ട്. ലോഹിതദാസിന്റെ കണക്ക് കൂട്ടലുകൾക്കപ്പുറത്തേക്ക് പോയിട്ടുണ്ട് കീരിക്കാടൻ ജോസ്. സേതുമാധവന് കത്തി കിട്ടിയില്ലെങ്കിൽ അടുത്ത തവണ സിനിമക്ക് പോകുമ്പോൾ നാം ഓരോ കത്തി എളിയിൽ തിരുകിയിട്ടുണ്ടാവും. ജോസിനെ പിടിച്ചു കെട്ടാൻ നമ്മൾ തക്കം പാർത്തിരിക്കും…!

പാക്കനാറിൽ നിന്നും സിനിമ കണ്ട് പുറത്തിറങ്ങുമ്പോൾ ജോസ് കൂടി നമുക്കൊപ്പം പുറത്തിറങ്ങി. ചന്തൻ മുക്കിൽ,മഴയിൽ കുളിച്ച് നിൽക്കുന്ന അജാനുബാഹുവായ കീരിക്കാടനെ ഞാൻ പരതി. ഓരോ കവലുകളിലും കീരിക്കാടൻ നിൽക്കുന്നുണ്ടോ എന്ന് ഞാൻ ബസിൽ നിന്നും തല പുറത്തിട്ട് നോക്കി.

ജോസിനെ ചൂണ്ടി അമ്മമാർ ഒരുരുള കൂടി മക്കളുടെ വായിലേക്ക് തിരുകി. ഇരുട്ടിൽ പതുങ്ങി നിൽക്കുന്ന കീരിക്കാടനെ പേടിച്ച് ഇറയത്ത് നിന്ന് മൂത്രമൊഴിച്ചു. കിരീടം കണ്ട കുട്ടികൾ ചെങ്കോൽ കാണാറാവുമ്പോഴേക്കും മുതിർന്നു. സേതുവും കീരിക്കാടനും വളർന്നില്ല. ചെങ്കോലിലെ കീരിക്കാടൻ കുറെ കൂടി സഹൃദയനാണ്. അത് പ്രായം ഉള്ളിൽ വരുത്തിയ മാറ്റമോ അതോ കീരിക്കാടൻ്റെ മറ്റൊരു മനസ് കണ്ടിട്ടോ..

കീരിക്കാടനെ കൊല്ലേണ്ടിയിരുന്നില്ല എന്ന് തോന്നുന്നുണ്ട് പിന്നീട്. കീരിക്കാടനെ കുത്തുമ്പോൾ കയ്യടിച്ച ബാല്യം ചെങ്കോൽ കാണുമ്പോൾ സേതുവിനോട് അമർഷം തോന്നുന്നുണ്ട്. കൊല്ലേണ്ടിയിരുന്നില്ല എന്ന് പരിതപിക്കുന്നുണ്ട്.വില്ലന്മാരെക്കാൾ ക്രൂരരായ സാധാരണ മനുഷ്യരെ പരിചയപെട്ടു തുടങ്ങിയത് കൊണ്ടായിരിക്കുമോ അത്? അതോ ജീവിതം നമ്മിൽ ചെലുത്തിയ മാറ്റമോ?

ഒരു കഥാപാത്രത്തിൻ്റെ പേര്, തൻ്റെ പേരായി മാറുന്നത് എന്തൊരത്ഭുതമാണ്. ..! ഒരു മനുഷ്യന് താൻ അഭിനയിച്ച കഥാപാത്രത്തിൽ നിന്ന് മുക്തി നേടാൻ കഴിയാതിരിക്കുന്നത് എന്തൊരു ഗതികേടുമായിരിക്കും. ഇയാൾക്കെഴുതിയ എഴുത്തുകളുടെ വിലാസത്തിൽ ഏത് പേരായിരിക്കും എഴുതിയിട്ടുണ്ടാവുക. ? എൻ്റെ വീട്, കീരിക്കാടൻ്റെ വീട് കഴിഞ്ഞ് രണ്ടാമത്തെ വീട് എന്ന് അയൽക്കാരൻ മറ്റൊരാൾക്ക് അടയാളം പറഞ്ഞ് കൊടുത്തിട്ടുണ്ടാകുമോ?

കീരിക്കാടൻ എന്നായിരിക്കുമോ ഇയാളുടെ പേര് മറ്റുള്ളവർ അവരുടെ മൊബൈലിൽ സേവ് ചെയ്തിട്ടുണ്ടാവുക.? മോഹനാ എന്ന് വിളിച്ച് ചോറ് വാരിക്കൊടുത്ത അമ്മ, കീരിക്കാടാ കൊറച്ച് കൊഴമ്പെടുത്ത് താടാ എന്ന് പറഞ്ഞിട്ടുണ്ടാകുമോ? ജനിക്കുന്ന ആള് , മരിക്കുമ്പോൾ വേറൊരാളാവുന്നതിൻ്റെ പേരാണോ ഈ ജീവിതം? അരങ്ങൊഴിഞ്ഞ വില്ലന്, ജീവിതത്തിലെ വില്ലന്മാരെ തിരിച്ചറിയാൻ കഴിയാതെ പോയ പ്രേക്ഷകൻ്റെ ആദരാഞ്ജലികൾ .

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.