“എപ്പോ നോക്കിയാലും ഫോണിൽ തന്നെ… ഇത് മടുക്കില്ലേ?” ഇങ്ങനെ ഒരു ചോദ്യം കേൾക്കാത്തവരായി ആരുമുണ്ടാകില്ല. ഇവിടെയാണ് സ്‌മാർട്ട് ഫോൺ ഉപയോഗത്തിലെ നിയന്ത്രണങ്ങളെപ്പറ്റി ആളുകൾ ചിന്തിക്കുന്നത്. സ്‌മാർട്ട് ഫോൺ ഉപയോഗം നിയന്ത്രിക്കാൻ ശ്രമിക്കുന്നവരുടെ എണ്ണം കൂടി വരുമ്പോൾ അതിൻ്റെ പരിഹാരമാർഗങ്ങൾ തേടുന്നതും അനിവാര്യമാണ്.
ഡിജിറ്റൽ യുഗത്തിൽ സ്‌മാർട്ട് ഫോണുകൾ ദിനചര്യയുടെ അവിഭാജ്യഘടകമായി മാറിയിരിക്കുമ്പോഴും ആരോഗ്യകരമായ അകലത്തിൽ ഇവയെ നിർത്താനുള്ള മാർഗങ്ങൾ പരീക്ഷിക്കേണ്ടതുണ്ട്.
അമിതമായ സ്‌മാർട്ട് ഫോൺ ഉപയോഗം ഉൽകണ്ഠ, വിഷാദം, ഉറക്കക്കുറവ്, മറ്റ് കാര്യങ്ങളിൽ ശ്രദ്ധക്കുറവ് തുടങ്ങിയ പ്രശ്‌നങ്ങളിലേക്ക് നയിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. എന്നാൽ, കുറച്ച് നിയന്ത്രണങ്ങളും ശരിയായ രീതികളും അവലംബിച്ച് ഈ പ്രശ്‌നങ്ങളിൽ നിന്ന് മോചനം നേടാം.
സ്‌മാർട്ട് ഫോൺ ഉപയോഗത്തിന് പരിധി നിശ്ചയിക്കുക
ഫോൺ ഉപയോഗത്തിനായി നിശ്ചിത സമയപരിധി നിർവചിക്കുക. കോളുകൾ വരുമ്പോൾ എപ്പോഴും ഫോൺ എടുക്കേണ്ടി വരുമായിരിക്കാം, എന്നാൽ ഗെയിം കളിക്കുന്നതും, വീഡിയോ കാണുന്നതും, ഷോപ്പിംഗ് ചെയ്യുന്നതും പോലുള്ള പ്രവർത്തനങ്ങൾക്കായി പ്രത്യേക സമയം നിശ്ചയിക്കുക.
മാനസിക സന്തോഷവും ശ്രദ്ധയും വികസിപ്പിക്കുക
സന്തോഷവും ശ്രദ്ധയും പരിശീലിക്കുന്നതിലൂടെ സ്‌മാർട്ട് ഫോൺ ഉപയോഗം കുറയ്ക്കാൻ മാത്രമല്ല, മറ്റ് മാനസികാരോഗ്യ വെല്ലുവിളികളിൽ നിന്നും രക്ഷപ്പെടാനും സഹായമാകുന്നു.
മാനുഷിക ബന്ധങ്ങൾക്ക് മുൻഗണന നൽകുക
സ്‌മാർട്ട് ഫോൺ അടിസ്ഥാനമാക്കിയുള്ള വിർച്വൽ ബന്ധങ്ങൾക്ക് പകരം വ്യക്തിഗത ബന്ധങ്ങൾ വളർത്തുക. ശക്തമായ സാമൂഹിക ബന്ധങ്ങൾ മാനസികാരോഗ്യത്തിന് അനുയോജ്യമായതാണെന്ന് വിദഗ്ദ്ധർ ശുപാർശ ചെയ്യുന്നു.
നോട്ടിഫിക്കേഷനുകൾ നിയന്ത്രിക്കുക
ഫോൺ ഉപയോഗം കൂടുന്നതിന് പ്രധാന കാരണങ്ങളിൽ ഒന്നാണ് നോട്ടിഫിക്കേഷനുകൾ. ഇത് പരിമിതപ്പെടുത്തുക. ഇതിലൂടെ മറ്റ് പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കും.
ഡിജിറ്റൽ വെൽ- ബീയിങ് ആപ്പുകൾ ഉപയോഗിക്കുക
ഫോൺ ഉപയോഗ സമയത്തിന്‍റെ കണക്കുകൾ, ഓരോ ആപ്പും എത്ര നേരം ഉപയോഗിച്ചു, എത്ര തവണ ഫോൺ അൺലോക്ക് ചെയ്‌തു, എത്ര നേരം വീഡിയോ കണ്ടു, എത്ര നേരം കോൾ ചെയ്‌തു, തുടങ്ങിയ നിരവധി വിവരങ്ങൾ നിരവധി ആപ്പുകൾ വഴി വിശകലനം ചെയ്യാൻ കഴിയും. എല്ലാ ദിവസവും ഇത് പരിശോധിച്ചു കൊണ്ട് ഫോൺ ഉപയോഗത്തിൽ നിയന്ത്രണം കൊണ്ടുവരാൻ ശ്രമിക്കുക. ഇത് ഫോണിൽ ചിലവഴിക്കുന്ന സമയം കുറയ്ക്കാൻ സഹായിക്കും.
മാനസികാരോഗ്യ സഹായം തേടുക
സ്‌മാർട്ട് ഫോൺ ഉപയോഗം നിയന്ത്രിക്കാൻ കഴിയുന്നില്ലെന്ന തോന്നൽ ഉണ്ടായാൽ മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക. സ്‌മാർട്ട് ഫോൺ ഉപയോഗം നിയന്ത്രിച്ച് ആരോഗ്യകരമായ ദൂരത്തിൽ നിർത്താൻ ഉന്നത തീരുമാനം കൈക്കൊള്ളുന്നത് ദൈനംദിന ജീവിതത്തിന് ഗുണകരമായ മാറ്റങ്ങളുണ്ടാക്കാൻ സഹായകമാകും.