പാലക്കാട് കളളപ്പണ വിവാദത്തിൽ നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്. പാലക്കാട് കെപിഎം ഹോട്ടലിലെ റെയ്‌ഡുമായി ബന്ധപ്പെട്ട് വിവാദത്തിന് ഇടെയാണ് ഹോട്ടലിലെ സിസിടിവി ദൃശ്യം പുറത്തുവന്നത്. രാഹുൽ മാങ്കൂട്ടത്തിൽ, ഷാഫി പറമ്പിൽ, വികെ ശ്രീകണ്ഠൻ അടക്കമുള്ളവർ കോൺഫറൻസ് ഹാളിലേക്ക് പോകുന്നതും ആരോപണ വിധേയനായ ഫെനി നീല ട്രോളി ബാഗുമായി നടന്നു പോകുന്ന ദൃശ്യവും വീഡിയോയിലുണ്ട്.
ചൊവ്വാഴ്‌ച രാത്രി 10.11 മുതലുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. കോൺഗ്രസ് നേതാക്കളായ ഷാഫി പറമ്പിൽ എംപി, വികെ ശ്രീകണ്ഠൻ എംപി, ജ്യോതികുമാർ ചാമക്കാല എന്നിവർ കെപിഎം ഹോട്ടലിലേക്ക് കയറുന്നത് ഈ ദൃശ്യങ്ങളിലുണ്ട്. കോറിഡോറിലെ ദൃശ്യങ്ങളിൽ ശ്രീകണ്ഠൻ വാഷ് റൂമിലേക്ക് പോയി തിരിച്ചു വരുന്നതും ബാക്കിയുള്ളവർ കോൺഫറൻസ് ഹാളിലേക്ക് കയറുന്നതും കാണാം.
രാഹുൽ കോൺഫറൻസ് ഹാളിലേക്ക് കയറുന്നതും ഫെനി നൈനാൻ കോറിഡോറിലേക്ക് വരുന്നതും ഇതിലുണ്ട്. എന്നാൽ ഫെനിയുടെ കയ്യിൽ അപ്പോൾ പെട്ടി ഇല്ല. 10.47 ലുള്ള ദൃശ്യങ്ങളിൽ പിഎ, രാഹുലിനെ കോൺഫറൻസ് ഹാളിൽ നിന്ന് ഇറക്കി മുറിയിലേക്ക് കൊണ്ടുപോകുന്നു. രാഹുൽ കോൺഫറൻസ് ഹാളിലേക്ക് തിരിച്ചു വരുന്നതും ഫെനി നൈനാൻ ഹോട്ടലിൽ നിന്ന് പുറത്തേക്ക് പോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
10.53ന് പുറത്തേക്ക് പോയ ശേഷം 10.54ന് ട്രോളി ബാഗുമായി തിരിച്ച് കോൺഫറൻസ് മുറിയിലേക്ക് ഫെനി വരുന്നു. 10.59ന് രാഹുൽ മാങ്കൂട്ടത്തിൽ കോൺഫറൻസ് ഹാളിൽ നിന്ന് പുറത്തേക്ക് പോകുന്നു. തുടർന്ന് പുറത്തുപോയ ഫെനി ബാഗ് വാഹനത്തിൽ വച്ച ശേഷം തിരികെ മുറിയിലേക്ക് വരുന്നു. 11.00ന് ഫെനി നൈനാൻ രാഹുൽ നേരത്തെ കയറിയ മുറിയിലേക്ക് കയറുന്നു. ഉടൻ തന്നെ മറ്റൊരു ബാഗുമായി പിഎയും ഫെനിയും പുറത്തേക്ക് പോകുന്നു. കോൺഫറൻസ് മുറിയിൽ ഉണ്ടായിരുന്ന മറ്റ് നേതാക്കൾ 11.30നാണ് പുറത്തേക്ക് പോകുന്നത്.
അർദ്ധരാത്രിയിൽ ഹോട്ടലിൽ പരിശോധന നടത്തിയെങ്കിലും പണം കണ്ടെത്താൻ കഴിയാതായതോടെ രഷ്ട്രീയ വിവാദം കൊഴുത്തിരുന്നു. യുഡിഫ് സ്ഥനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന് വേണ്ടി യൂത്ത്കോൺഗ്രസ് വ്യാജ ഐഡി കാർഡ് കേസിലെ പ്രതി ഫെനിയുടെ നേതൃത്വത്തിൽ കള്ളപ്പണം നീല ട്രോളി ബാഗിലാക്കി ഹോട്ടലിൽ എത്തിച്ചെന്നാണ് സിപിഎം ആരോപണം.
ട്രോളി ബാഗുമായി വാർത്താസമ്മേളനം നടത്തിയ രാഹുൽ മാങ്കൂട്ടത്തിൽ ബാഗിനുള്ളിൽ പണമായിരുന്നുവെന്ന് തെളിയിക്കാൻ വെല്ലുവിളിച്ചു. ഹോട്ടലിൽ പരിശോധന നടത്തിയ പൊലീസ് ഹാർഡ് ഡിസ്‌ക് അടക്കം പിടിച്ചെടുത്ത് പരിശോധന തുടരുകയാണ്. കള്ളപ്പണം ഹോട്ടലിൽ എത്തിച്ചത് നീല ട്രോളി ബാഗിലാണെന്നാണ് സിപിഎം ആരോപണം. എന്നാൽ പുറത്തുവന്ന ദൃശ്യങ്ങളിൽ കഴമ്പില്ലെന്നും ആരോപണം അടിസ്ഥാന രഹിതമാണെന്നും കോൺഗ്രസ് നേതാക്കൾ പറയുന്നു.