ഓസ്‌ട്രേലിയയുടെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്‍ ഡോണ്‍ ബ്രാഡ്മാന്‍ ധരിച്ചിരുന്ന തൊപ്പി ചൊവ്വാഴ്ച സിഡ്‌നിയില്‍ ലേലം ചെയ്യും, 260,000 ഡോളര്‍ (ഏകദേശം 2.2 കോടി ഇന്ത്യന്‍ രൂപ) വരെ ലേലത്തില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 1947-48 കാലത്ത് ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ ബ്രാഡ്മാന്‍ ധരിച്ചിരുന്ന കമ്പിളി തൊപ്പിയാണിത്.
ഇന്ത്യ സ്വാതന്ത്ര്യം നേടിയ ശേഷം വിദേശ മണ്ണില്‍ കളിച്ച ആദ്യ ടെസ്റ്റിന്റെ പ്രതീകം കൂടിയായി മാറിയ തൊപ്പി സിഡ്നിയിലാണ് ലേലത്തിന് വെക്കുക. ഇതുവരെയുള്ളതില്‍ അറിയപ്പെടുന്ന ഒരേയൊരു ബാഗി ഗ്രീന്‍ തൊപ്പിയാണിതെന്ന് ലേലം സംഘടിപ്പിക്കുന്ന ബോണ്‍ഹാംസ് അവകാശപ്പെടുന്നു. ഇന്ത്യയിലെ ടെസ്റ്റില്‍ ആറ് ഇന്നിംഗ്സുകളി്ല്‍ നിന്ന് 178.75 ശരാശരിയില്‍ മൂന്ന് സെഞ്ച്വറിയും ഒരു ഡബിള്‍ സെഞ്ച്വറിയും സഹിതം 715 റണ്‍സായിരുന്നു ബ്രാഡ്മാന്‍ നേടിയിട്ടുണ്ടായിരുന്നത്.
ആ കാലത്ത് ഓസ്‌ട്രേലിയയിലെ ടെസ്റ്റ് ക്രിക്കറ്റ് താരങ്ങള്‍ക്ക് കടുംപച്ച നിറത്തിലുള്ള തൊപ്പികള്‍ സമ്മാനിക്കുന്ന പതിവുണ്ടായിരുന്നു. ഇന്ത്യയുടെ ആദ്യ വിദേശ ടെസ്റ്റില്‍ അഞ്ച് മത്സരങ്ങളായിരുന്നു ഉണ്ടായിരുന്നത്. പരമ്പര 4-0 ത്തിന് ഓസ്ട്രേലിയ സ്വന്തമാക്കി. ഒരു മത്സരം സമനിലയായിരുന്നു.
99.94 എന്ന എക്കാലത്തെയും ഉയര്‍ന്ന ടെസ്റ്റ് ബാറ്റിംഗ് ശരാശരിയോടെയാണ് ബ്രാഡ്മാന്‍ വിരമിച്ചത്. 1928 ലെ തന്റെ ടെസ്റ്റ് അരങ്ങേറ്റ വേളയില്‍ ബ്രാഡ്മാന്‍ ധരിച്ചിരുന്ന വ്യത്യസ്തമായ ‘ബാഗി ഗ്രീന്‍’ 2020-ല്‍ 290,000 ഡോളറിന് ലേലം ചെയ്തിരുന്നു. അന്ന് ഏറ്റവും വലിയ ലേലതുകയായിരുന്നു അത്.
എന്നാല്‍ അതേ വര്‍ഷം ആദ്യം ഓസ്‌ട്രേലിയന്‍ കാട്ടുതീയില്‍പ്പെട്ടവരെ സഹായിക്കാന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണിന്റെ ബാഗി ഗ്രീന്‍ വില്‍പനയ്ക്ക് വെച്ചപ്പോള്‍ 6,50,000 യുഎസ് ഡോളര്‍ ലഭിച്ചിരുന്നു. നിറംമങ്ങി, പ്രാണികള്‍ ഏറെക്കുറെ നശിപ്പിച്ചെങ്കിലും 195,000 മുതല്‍ 260,000 യു.എസ് ഡോളര്‍ വരെ (ഏതാണ്ട് രണ്ട് കോടി രൂപ) ലഭിക്കുമെന്നാണ് ബൊന്‍ഹാംസ് ഓക്ഷന്‍ ഹൗസിന്റെ പ്രതീക്ഷ.