| പി ജി പ്രേംലാൽ
സീസൺ..33 വർഷങ്ങൾ.. ഹിപ്പിയിസത്തിൻ്റെയും അതിനോടിണങ്ങി രൂപംകൊണ്ട ചടുലസംഗീതത്തിൻ്റെയും മയക്കുമരുന്നിൻ്റെയും ആകർഷണവലയം ഇന്നാട്ടിൽ അവശേഷിച്ചിരുന്ന ഒരു കാലത്തു തന്നെയാണ് പത്മരാജൻ്റെ ‘സീസൺ’ എന്ന ചലച്ചിത്രം സംഭവിക്കുന്നത്. സ്വാഭാവികമായും, ആ ഘടകങ്ങളെ കര തിരമാലകളെയെന്ന പോലെ ആശ്ലേഷിച്ച കോവളം ചിത്രത്തിൻ്റെ ഭൂമികയായി.
കടപ്പുറത്ത് റെസ്റ്റോറൻ്റ് നടത്തുന്ന, ‘അങ്കിൾ’ എന്ന് നാട്ടുകാർ വിളിക്കുന്ന, ജീവൻ എന്ന ദുരൂഹതകളുള്ള ഒരു കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് സിനിമ മുന്നോട്ടു പോകുന്നത്. ഒളിഞ്ഞും തെളിഞ്ഞും കള്ളക്കടത്തു സാധനങ്ങളുടെ വില്പനയിലും ജീവൻ ഏർപ്പെടുന്നുണ്ട്. പണ്ട് മയക്കുമരുന്ന് ഇടപാടുകാരുമായും അയാൾക്ക് ബന്ധമുണ്ടായിരുന്നു എന്നതിൻ്റെ ചില സൂചനകൾ ചിത്രത്തിലുണ്ട്.
ജീവന് അടുപ്പമുള്ള രണ്ട് ചെറുപ്പക്കാർ ദരിദ്രമായ ജീവിത സാഹചര്യങ്ങളിൽ നിന്ന് കരകയറാനുള്ള അവസാന വഴിയെന്നോണം, ടൂറിസ്റ്റായ ഫാബിയൻ എന്ന സായിപ്പുമായി മയക്കുമരുന്നു കച്ചവടത്തിലേർപ്പെടാനൊരുങ്ങുന്നു. എന്നാലത് അവരുടെ കൊലപാതകങ്ങളിലാണ് കലാശിക്കുന്നത്. കേസിൽ പ്രതിയാക്കപ്പെടുന്ന ജീവൻ ജയിലിൽ വച്ച് യഥാർത്ഥ കുറ്റവാളിയായ ഫാബിയനെ കണ്ടുമുട്ടുന്നതും തന്ത്രപരമായി അയാളോട് പ്രതികാരം നിർവ്വഹിക്കുന്നതുമാണ് ചിത്രത്തിൻ്റെ പ്രമേയമായി വരുന്നത്.
ജീവൻ എന്ന കഥാപാത്രമായി മോഹൻലാൽ മികച്ച പ്രകടനം കാഴ്ചവച്ച ചിത്രത്തിൽ വില്ലനായി വന്ന ഗെവിൻ പക്കാഡിൻ്റെ സാന്നിദ്ധ്യവും ശ്രദ്ധേയമായി. ഛായാഗ്രാഹകനെന്ന നിലയിൽ വേണുവിൻ്റെ ഏറ്റവും മികച്ച വർക്കുകളിലൊന്നാണ് സീസൺ. കോവളത്തിൻ്റെ തുറസ്സുകളിലെ പ്രകടനപരതയെയും അതേസമയം മറവുകളിലെ രഹസ്യാത്മകവും ദുരൂഹവുമായ ജീവിതപരിസരങ്ങളെയും യാഥാർത്ഥ്യബോധത്തോടെ പകർത്തിയെടുക്കാൻ വേണുവിനായി. ചിത്രത്തിൻ്റെ മൂഡിനെ സജീവമായി നിലനിർത്തുന്നതിൽ ഇളയരാജയുടെ സംഗീതം വലിയ പങ്കു വഹിച്ചിട്ടുണ്ട്.
മലയാളത്തിലെ ലക്ഷണമൊത്ത ആദ്യത്തെ നോൺലീനിയർ തിരക്കഥയെന്ന് സീസണെ വിശേഷിപ്പിക്കാം. എന്നാൽ പതിറ്റാണ്ടുകളായി നേർരേഖയിലുള്ള കഥ പറച്ചിൽ കണ്ടുശീലിച്ച പ്രേക്ഷക സമൂഹത്തിന് വർത്തമാനകാലത്തിൽ നിന്ന് ഭൂതകാലത്തിലേയ്ക്കും തിരിച്ചും കയറിയിറങ്ങിക്കൊണ്ടുള്ള ചിത്രത്തിൻ്റെ ആഖ്യാനരീതി വേണ്ടതുപോലെ ഉൾക്കൊള്ളാൻ കഴിഞ്ഞില്ലെന്ന് നിരീക്ഷിക്കാം. ചിത്രം തിയേറ്ററുകളിൽ പരാജയമായി. എന്നാലിന്ന്, മലയാളത്തിലുണ്ടായിട്ടുള്ള ക്രൈം ത്രില്ലറുകൾക്കിടയിൽ ‘കൾട്ട് ‘ ആയി മാറിയിരിക്കുന്നു, സീസൺ.