ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനുശേഷം ആകെ 40 കേസുകൾ രജിസ്റ്റർ ചെയ്തുവെന്ന് കേരള സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കമ്മിറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ 35 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ അഞ്ചു കേസുകൾ നോഡൽ ഓഫീസർക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് എടുത്തത്. ഏഴു കേസുകളിൽ കുറ്റപത്രം നൽകിയതായും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
മൂന്ന് കേസുകളിൽ ഉടൻതന്നെ എഫ്ഐആർ രജിസ്റ്റർ ചെയ്യുമെന്ന് പ്രത്യേക അന്വേഷണ സംഘം കോടതിയിൽ പറഞ്ഞു. വിനോദ മേഖലയിലെ നിയമനിർമ്മാണം സംബന്ധിച്ച് നയം രൂപീകരിക്കേണ്ടത് സർക്കാരിൻ്റ ചുമതലയാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. ദളിത്, സ്ത്രീ വിഭാഗങ്ങളെയെല്ലാം പ്രതിനിധീകരിക്കുന്ന തരത്തിലാവണം നിയമനിർമാണം എന്നും കോടതി നിർദ്ദേശിച്ചു.
ഇതിനുള്ള ക്രോഡീകരിച്ച കരട് നിർദേശങ്ങൾ അമിക്കസ് ക്യൂറി ഹൈക്കോടതിക്ക് കൈമാറി. ജസ്റ്റിസുമാരായ ഡോ. എകെ ജയശങ്കർ നമ്പ്യാർ, സിഎസ് സുധ എന്നിവരുടെ ഡിവിഷൻ ബഞ്ച് ഹർജി ഫെബ്രുവരി 6ന് വീണ്ടും പരിഗണിക്കും.