കേരളത്തിലെ എയ്ഡഡ് സ്കൂളുകളിൽ 56 വയസിന് ഉള്ളിലുള്ളവരെയും ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകരായി നിയമിക്കാവുന്നത് ആണെന്ന് സർക്കാർ ഉത്തരവിട്ടു. മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജൂനാഥിൻ്റെ ഇടപെടലിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. നിലവിൽ സ്ഥിരം നിയമനത്തിന് അപേക്ഷിക്കാവുന്ന പ്രായം കഴിഞ്ഞാൽ ദിവസവേതന അടിസ്ഥാനത്തിൽ പോലും അധ്യാപകരെ നിയമിക്കാറില്ല.
സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങളിൽ സർക്കാർ സർവീസിൽ നിന്നും വിരമിച്ച 70 വയസായവർക്ക് വരെ ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നൽകുമ്പോൾ 43 വയസ് കഴിഞ്ഞതിൻ്റെ പേരിൽ അധ്യാപക നിയമനം നിഷേധിക്കപ്പെട്ട ആറ് പേർ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകിയിരുന്നു. വിവേചനം പുന:പരിശോധിക്കാൻ കമ്മീഷൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകി. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇളവ് അനുവദിക്കുന്ന കാര്യത്തിൽ കൂടുതൽ ചർച്ചകൾ വേണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ കമ്മീഷനെ അറിയിച്ചു.
തുടർന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഇക്കാര്യം പരിശോധിച്ചു പരാതികാർക്ക് അനുകൂലമായി ഉത്തരവിറക്കി. ദിവസ വേതന അടിസ്ഥാനത്തിൽ നിയമിക്കപ്പെടുന്നവരെ ആവശ്യമെങ്കിൽ അക്കാദമിക് വർഷത്തിലെ അവസാന പ്രവൃത്തി ദിവസം വരെയും തുടരാൻ അനുവദിക്കാവുന്നതാണെന്നും ഉത്തരവിൽ പറയുന്നു. സർക്കാർ തീരുമാനത്തിൻ്റെ അടിസ്ഥാനത്തിൽ തിരൂർ സ്വദേശി കെ.സനൽകുമാറിൻ്റെ നേതൃത്വത്തിൽ സമർപ്പിച്ച പരാതി കമ്മീഷൻ തീർപ്പാക്കി.
നാലാമിടം.ഇൻ വാർത്തകൾ വാട്സ്ആപ്പിൽ ലഭ്യമാണ്: https://chat.whatsapp.com/JmHsAerjLkJCTZzScJzvcc
A platform https://nalamidam.net/ for people who are looking for news and insights that are not influenced by political or corporate agendas. Its commitment to ethical and humane journalism has helped it become a trusted source of news and insights for its readers.