യുപിയിലെ പ്രയാഗ് രാജില്‍ നടക്കുന്ന മഹാകുംഭമേളക്കിടയിൽ തിക്കിലും തിരക്കിലുംപെട്ട് മരിച്ചവരുടെ എണ്ണവുമായി ബന്ധപ്പെട്ട് യോഗി സർക്കാർ ഒളിച്ചുകളിക്കുന്നതായി പ്രതിപക്ഷമായ സമാജ്‌വാദി പാർട്ടിയുടെ അധ്യക്ഷൻ അഖിലേഷ് യാദവ്. ബിജെപിക്കും യോഗി സർക്കാരിനും എതിരെ രൂക്ഷ വിമർശനം നടത്തിയ അഖിലേഷ് യഥാർത്ഥ കണക്കുകൾ പുറത്തു വിടണമെന്നും ആവശ്യപ്പെട്ടു.
ദാരുണ സംഭവത്തിൽ 30 പേർ മരിക്കുകയും 90 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി സർക്കാർ വെളിപ്പെടുത്തിയിരുന്നു. പക്ഷെ മരിച്ചവരുടെ എണ്ണം ഇതിനേക്കാൾ കൂടുതലാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
ഇന്ന് പാർലമെൻ്റിൽ രാഷ്ട്രപതിയുടെ നയപ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചയിൽ സംസാരിക്കവേയും മരിച്ചവരുടെ യഥാർത്ഥ കണക്കുകൾ പുറത്തുവിടണമെന്ന് അഖിലേഷ് യാദവ് ആവശ്യപ്പെട്ടിരുന്നു. മഹാ കുംഭ അപകടത്തിലെ മരണസംഖ്യ, പരുക്കേറ്റവരുടെ ചികിത്സ, മരുന്നുകളുടെ ലഭ്യത, ഡോക്ടർമാരുടെ ലഭ്യത, ഭക്ഷണം, വെള്ളം, ഗതാഗതം എന്നിവയുടെ കണക്കുകൾ പാർലമെന്റിൽ അവതരിപ്പിക്കണം. മഹാകുംഭമേള ദുരന്തത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി വേണം. സത്യം മറച്ചുവെച്ചവർക്ക് ശിക്ഷ ഉറപ്പാക്കണം വേണം. കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന ബിജെപിയുടെ ഇരട്ട എഞ്ചിൻ സർക്കാർ എന്തിനാണ് യഥാർത്ഥകണക്കുകൾ പൂഴ്ത്തിവയ്ക്കുന്നതെന്നും അഖിലേഷ് പാർലമെൻ്റിൽ പറഞ്ഞു
മൗനി അമാവാസി ദിനത്തിലെ രണ്ടാം അമൃത സ്നാന സമയത്താണ് തിക്കിലും തിരക്കിലും അപകടം ഉണ്ടായത്. ജനുവരി 29 ന് പുലർച്ചെ പ്രതീക്ഷിച്ചതിലും കുടുതൽ ആളുകൾ എത്തിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ വിഐപികൾക്ക് വേണ്ടി യുപി സർക്കാർ നടത്തിയ ക്രമീകരണങ്ങളാണ് അപകടത്തിന് കാരണമായതെന്നാണ് ഉയരുന്ന പ്രധാന വിമർശനം.