ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി എടുത്ത യുവതിക്ക് ചികിത്സാ ചെലവ് നിഷേധിച്ച ആദിത്യ ബിര്‍ള കമ്പനിക്കെതിരെ കോടതിയുടെ ഉത്തരവ്. കക്കട്ടില്‍ മലയന്റെ പറമ്പത്ത് അരുണ്‍ ലാലിന്റെ ഭാര്യ അനുഷ്യക്ക് (30) ചികിത്സക്ക് ചെലവായ 2,53,716 രൂപ ഒമ്പത് ശതമാനം പലിശയോട് കൂടിയും നൽകാനാണ് ഉത്തരവ്.
ഇതിനു പുറമെ, നഷ്ടപരിഹാരമായി 25,000 രൂപയും കോടതി ചെലവിലേക്ക് 10,000 രൂപയും ആദിത്യ ബിര്‍ള നൽകണം എന്നാണ് കോഴിക്കോട് പെര്‍മനന്റ് ലോക് അദാലത്ത് കോടതി വിധിച്ചത്. അഡ്വ.എം.മുഹമ്മദ് ഫിര്‍ദൗസ് മുഖേന സമര്‍പ്പിച്ച ഹർജിയിലാണ് വിധി. 2021 ഒക്ടോബര്‍ 7നാണ് അനുഷ്യ തന്റെയും ഭര്‍ത്താവിന്റെയും മകളുടെയും ആരോഗ്യ പരിരക്ഷക്കായി ആദിത്യ ബിര്‍ളയുടെ ഇന്‍ഷുറന്‍സ് പോളിസി എടുക്കുന്നത്.
2023 ഒക്ടോബര്‍ 28 വരെ ഈ പോളിസിക്ക് കാലാവധി ഉണ്ടായിരുന്നു. 2023 ആഗസ്ത് 17ന് ശുചിമുറിയില്‍ വീണ് ശ്വാസതടസവും, മൂക്കില്‍ നിന്ന് രക്തസ്രാവവും വന്ന് കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയിൽ ചികിത്സ തേടി. 2023 ആഗസ്ത് 24 നാണ് ആശുപത്രി വിട്ടത്.
ആശുപത്രിയില്‍ എത്തിയപ്പോള്‍ തന്നെ ഇന്‍ഷുറന്‍സ് കമ്പനിയെ വിവരമറിയിച്ചു എങ്കിലും, പിന്നീട് ക്ലെയിം പാസാക്കുന്നതിന് ആവശ്യമായ നടപടികളൊന്നും ആദിത്യ ബിര്‍ള കമ്പനിയുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല. പ്രസവവുമായി ബന്ധപ്പെട്ട സങ്കീര്‍ണ ആയതിനാൽ ഇന്‍ഷുറന്‍സ് കവറേജിൻ്റെ പരിധിയില്‍ വരില്ല എന്നായിരുന്നു ബിര്‍ള കമ്പനിയുടെ വാദം. ഈ വാദം പൂര്‍ണമായി തള്ളിക്കൊണ്ടാണ് പരാതിക്കാരിക്ക് നഷ്ടപരിഹാരവും കോടതി ചിലവും അടക്കം അനുവദിച്ചു കൊണ്ടുള്ള ഉത്തരവ്.