കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് കെ സുധാകരനെ മാറ്റിയതില്‍ കോൺഗ്രസിൽ പോര് കനക്കുന്നു. നടപടിയിൽ പ്രതിഷേധിച്ച് കണ്ണൂരിലെ മുഴപ്പിലങ്ങാട് മണ്ഡലം കമ്മിറ്റി ഒന്നടങ്കം രാജി പ്രഖ്യാപിച്ചു. മണ്ഡലം കമ്മിറ്റി യോഗം പുരോഗമിക്കവെ, സുധാകരനെ മാറ്റിയുള്ള എഐസിസി വാര്‍ത്താ കുറിപ്പ് ഇറക്കിയ വാര്‍ത്തക്ക് പിന്നാലെ കമ്മിറ്റി ഒന്നടങ്കം രാജി പ്രഖ്യാപിക്കുകയും ആയിരുന്നു.
യോഗത്തില്‍ എന്‍പി ചന്ദ്രദാസ് അധ്യക്ഷത വഹിച്ചു. ധര്‍മടം ബ്ലോക്ക് പ്രസിഡന്റ് കെവി ജയരാജന്‍, ബ്ലോക്ക് ഭാരവാഹികളായ സി ദാസന്‍, കെ സുരേഷ്, എ ദിനേശന്‍, സിഎം അജിത്ത് കുമാര്‍, പി ഗംഗാധരന്‍, പികെ വിജയന്‍, ഇകെ രേഖ, മഹിള കോണ്‍ഗ്രസ് ധര്‍മടം ബ്ലോക്ക് പ്രസിഡന്റ് ബീന വട്ടക്കണ്ടി, സേവാദള്‍ ധര്‍മടം നിയോജക മണ്ഡലം പ്രസിഡന്റ് ആര്‍ മഹാദേവന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
സുധാകരനെ മാറ്റി അഡ്വ. സണ്ണി ജോസഫ് എംഎല്‍എയെ ആണ് പുതിയ കെപിസിസി അധ്യക്ഷനായി നിയമിച്ചത്. സാമുദായിക സമവാക്യത്തിനാണ് ഇത്തരമൊരു നീക്കമെന്നാണ് ന്യായീകരണം. എംഎം ഹസനെ മാറ്റി അടൂര്‍ പ്രകാശ് എംപിയെ യുഡിഎഫ് കണ്‍വീനറായും നിയമിച്ചു.